കോട്ടയം: വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആദരം. ലൈബ്രറിയിലെ നവീകരിച്ച ആര്‍ട്ട് ഗാലറിക്ക് ‘കാനായി കുഞ്ഞിരാമന്‍ ആര്‍ട്ട് ഗാലറി’ എന്ന് പേര് നല്കി. ഗാലറിയുടെ ഉദ്ഘാടനം കാനായി നിര്‍വഹിച്ചു. നൊബേല്‍ പുരസ്‌കാരത്തേക്കാള്‍ വലിയ അംഗീകാരമാണിതെന്ന് കാനായി പറഞ്ഞു.
അടിസ്ഥാന ഭാഷ കലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാമൊഴിയും വരമൊഴിയും പിന്നീട് വന്നതാണ്. ഗുഹാമനുഷ്യരാണ് ആര്‍ട്ട് ഗാലറിയുടെ ആദ്യ നിര്‍മാതാക്കള്‍. കല മനസിലാണ് ജനിക്കുന്നത്. തന്റെ കലയെ എക്കാലത്തും എതിര്‍ത്ത വ്യക്തിയായിരുന്നു അച്ഛനെന്നും അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.
കല പഠിക്കുന്നതിന് മദ്രാസിലേക്ക്് നാടുവിട്ട് പോയത് അറിയുമായിരുന്ന ഏക വ്യക്തി അമ്മയാണ്. കെസിഎസ് പണിക്കരാണ് കലാജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. നാട് നന്നാവണമെങ്കില്‍ നാട്ടുകാര്‍ വിചാരിക്കണം. വീട് നന്നായാല്‍ നാടും നന്നാകും. ഏത് വിത്തുനട്ടാലും വളര്‍ന്ന് വലുതായി ഫലം ഉണ്ടാകും. അതുപോലെയാവണം ഓരോ വ്യക്തിയെന്നും കാനായി പറഞ്ഞു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന്‍ സെക്രട്ടറി ഉദയകുമാര്‍, ലൈബ്രറി എക്‌സി.സെക്രട്ടറി കെ.സി. വിജയകുമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ലതിക സുഭാഷ്, അഡ്വ.വി.ബി. ബിനു, ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, നഗരസഭാ കൗണ്‍സിലര്‍ കെ. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: