ഐക്യരാഷ്ട്രസഭ: ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ കാര്യമായ ചര്‍ച്ചകള്‍ വേണമെന്ന് ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഡോ. രുചിര കാംബോജ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രുചിര.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ തങ്ങളുടെ ശബ്ദമില്ലെന്ന ആഗോള ദക്ഷിണ രാജ്യങ്ങളുടെ കൂട്ടായ ആശങ്ക സഭയില്‍ പങ്ക് വയ്ക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ പല വശങ്ങളിലും അടിയന്തരമായി പരിഷ്കരണം ആവശ്യമാണെന്നും അതിന് മുന്‍ഗണന നല്‍കണമെന്നും രുചിര പറഞ്ഞു. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒരേ ശബ്ദത്തില്‍ ആവശ്യപ്പെട്ടിട്ടും ഐക്യരാഷ്ട്ര സഭ അനങ്ങാത്തതെന്താണെന്ന് അവര്‍ ചോദിച്ചു.
സുരക്ഷാ കൗണ്‍സില്‍ പരിഷ്കരണത്തില്‍ ഇനിയും കാലതാമസം വരുത്തുന്നത് യുഎന്നിലെ പ്രാതിനിധ്യം കുറയ്ക്കും. പരിഷ്കരണം സംബന്ധിച്ച് സര്‍ക്കാര്‍തല ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് 15 വര്‍ഷമായി, അംഗരാജ്യങ്ങള്‍ തമ്മിലുള്ള സംഭാഷണം സംയുക്ത പ്രസ്താവനകളില്‍ ഒതുങ്ങുകയാണ്. ഒരു കാര്യവും മുന്നോട്ടുപോകുന്നില്ല, ചര്‍ച്ചകള്‍ക്ക് ലക്ഷ്യവുമില്ല, രുചിര കാംബോജ് ചൂണ്ടിക്കാട്ടി.
സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ ഘടന സമകാലിക ഭൗമരാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പരാജയമാണെന്ന് ഭാരതം ഉള്‍പ്പെടുന്ന ജി 4 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജര്‍മ്മനി
ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും എതിരായ ഗുരുതരമായ ഭീഷണികളെ സമയബന്ധിതവും ഫലപ്രദവുമായ രീതിയില്‍ നേരിടുന്നതില്‍ സുരക്ഷാ കൗണ്‍സിലിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്ന് ജി 4 രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളാകുന്നതിന് ജി4 രാജ്യങ്ങള്‍ക്ക് ഫ്രഞ്ച് അംബാസഡര്‍ നിക്കോളാസ് ഡി റിവിയേര്‍ പിന്തുണ പ്രഖ്യാപിച്ചു. ജര്‍മ്മനി, ബ്രസീല്‍, ഇന്ത്യ, ജപ്പാന് എന്നീ രാജ്യങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യവും ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇക്കാര്യത്തില്‍ ഭാരതത്തിന്റെ ഇച്ഛാശക്തി മാതൃകയാക്കണം, അദ്ദേഹം പറഞ്ഞു. വിപുലീകരിച്ച കൗണ്‍സിലില്‍ സ്ഥിരവും അല്ലാത്തതുമായ അംഗങ്ങളുള്‍പ്പെടെ 25 അംഗങ്ങള്‍ വരെ ഉണ്ടാകാമെന്നും ഫ്രഞ്ച് പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ അധ്യക്ഷതയില്‍ ജി 20 സ്ഥിരാംഗത്വം ആഫ്രിക്കന്‍ കൗണ്‍സിലിന് നല്‍കാനായത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: