അഹമ്മദാബാദ്: ഭാരതമോ, ഓസ്ട്രേലിയയോ…. പതിമൂന്നാം ലോകകപ്പില്‍ കിരീടം നേടുന്നത് ആര്. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഒറ്റ മത്സരത്തിന്റെ കൂടി കാത്തിരിപ്പ്.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ലോക ചാമ്പ്യന്മാരെ അറിയാം. സെമിയില്‍ ഭാരതം ന്യൂസിലാന്‍ഡിനെയും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് പതിമൂന്നാം ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് ബര്‍ത്ത് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിന്റെ കനത്ത പരാജയത്തിന് പകരം വീട്ടിയാണ് കംഗാരുക്കളുടെ ഫൈനല്‍ പ്രവേശം. ആദ്യ രണ്ട് കളികളില്‍ തോറ്റശേഷം തുടര്‍ച്ചയായി എട്ട് വിജയം നേടിയാണ് ഓസ്ട്രേലിയയുടെ വരവ്.
ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് തവണ കിരീടം ചൂടിയ ഭാരതത്തിന്റെ നാലാം ഫൈനലാണ് ഇത്തവണത്തേത്. 1983, 2011 വര്‍ഷങ്ങളിലാണ് ലോക കിരീട നേട്ടം. 2003-ല്‍ റണ്ണറപ്പായി. 2011ന് ശേഷം ഭാരതത്തിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്. 1983-ല്‍ കപിലിന്റെ നേതൃത്വത്തിലും 2011-ല്‍ ധോണിയുടെ നായകത്വത്തിലുമായിരുന്നു ഭാരതത്തിന്റെ കിരീട ധാരണം.
ലോകകപ്പുകളുടെ ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ എട്ടാം ഫൈനലാണ് ഇത്തവണത്തേത്. 1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സറ്റേഡിയത്തില്‍ ഭാരതത്തിനെതിരെ ഫൈനല്‍ പോരാട്ടത്തിനിറങ്ങുക.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഭാരതവും ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2003 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തേത്. അന്ന് ജോഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും ലോകകപ്പിന്റെ ഫൈനലില്‍ ആദ്യമായി ഏറ്റുമുട്ടിയത്.
അന്ന് ടോസ് നേടിയ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയുടെയും (140*), ആദം ഗില്‍ക്രിസ്റ്റിന്റെയും (57), ഡാമിയന്‍ മാര്‍ട്ടിന്റെയും (88*) അര്‍ധ സെഞ്ചുറികളുടെയും മികവില്‍ ഓസീസ് അടിച്ചുകൂട്ടിയത് 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 359 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന സച്ചിന് തെണ്ടുല്‍ക്കറെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ മടക്കിയ ഗ്ലെന്‍ മഗ്രാത്തിന്റെ റിട്ടേണ്‍ ക്യാച്ചാണ് ഓസ്ട്രേലിയയ്ക്ക് കളിയില്‍ മാനസിക മുന്‍തൂക്കം നല്‍കിയത്. വീരേന്ദര്‍ സെവാഗിന്റെ 82 റണ്‍സും 47 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മക്ഗ്രാത്തിന്റെയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ബ്രെറ്റ് ലീയുടെയും ആന്‍ഡ്രൂ സിമണ്ട്സിന്റെയും ബൗളിങ്ങും ഭാരതത്തെ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തെ തോല്‍പ്പിച്ച ഓസ്ട്രേലിയ അപരാജിതരായാണ് കിരീടവുമായി മടങ്ങിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ ആദ്യ കളിയില്‍ ചെന്നൈയില്‍ ഓസീസിനെ തോല്‍പ്പിച്ചാണ് ഭാരതം കുതിപ്പ് തുടങ്ങിയത്. ഈ ലോകകപ്പില്‍ ഒരു കളിയും തോല്‍ക്കാത്ത ഏക ടീമും ഭാരതമാണ്.
ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഭാരതവും ഓസ്ട്രേലിയയും ഇതുവരെ 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ട് തവണയും ജയിച്ചത് ഓസീസായിരുന്നു. 1983, 1987, 2011, 2019 ലോകകപ്പുകളിലും പിന്നീട് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലുമായിരുന്നു കംഗാരുക്കള്‍ക്കെതിരെ ഭാരതത്തിന്റെ വിജയങ്ങള്‍. 1983, 1987, 1992, 1996, 1999, 2015 എന്നീ ലോകകപ്പുകളിലും 2003-ല്‍ രണ്ട് തവണയും ഓസീസ് ഭാരതത്തെ പരാജയപ്പെടുത്തി.
ഇത്തവണ ലോകകപ്പിലെ ഏറ്റവും മികച്ച പേരുമായാണ് ഭാരതം ഫൈനല്‍ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചതിന്റെ മാനസിക മുന്‍തൂക്കവുമുണ്ട്. സ്വന്തം മണ്ണില്‍ രണ്ടാമത്തെയും ചരിത്രത്തിലെ മൂന്നാമത്തെയും ലോക കിരീടം സ്വപ്നം കണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഒപ്പം സ്റ്റേഡിയത്തില്‍ തിങ്ങി നിറയുന്ന ഒന്നേകാല്‍ ലക്ഷത്തിലേറെ വരുന്ന ആരാധകരുടെയും 140 കോടി ഭാരതീയരുടെ പിന്തുണയും കൂടിയാകുമ്പോള്‍ കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: