കപിലും സംഘവും 1983ല്‍ ലോക കിരീടം നേടിത്തന്നതിന് ശേഷം ഓരോ ലോകകപ്പിലും ഭാരതം ഒരു നിലവാരം കാത്തു സൂക്ഷിച്ചുപോന്നിട്ടുണ്ട്. അതിനൊരപവാദമാണ് 2007ലെ കരീബിയന്‍ ലോകകപ്പ്. അന്ന് പ്രാഥമിക റൗണ്ടില്‍ വെറും ഒരു ജയം മാത്രം നേടി പുറത്താകേണ്ടി വന്ന ദാരുണാവസ്ഥ ഭാരത ക്രിക്കറ്റിനെയും ആരാധകരെയും വല്ലാതെ ഉലച്ചു. അവിടെ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്നാണ് ട്വന്റി20യിലെ പ്രഥമ ചാമ്പ്യന്‍ഷിപ്പും ഐപിഎല്‍ സംഘാടകത്ത്വവും ഭാരത ദേശീയ ടീമിന് വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നൊരു സംവിധാനവും ക്രിയാത്മകമായി സജ്ജമായതും എല്ലാം.
2007ല്‍ ഭാരതം ബെര്‍മൂഡ എന്ന ടീമിനെതിരെ മാത്രം ജയം നേടി മടങ്ങി വരുമ്പോള്‍ കൂക്കുവിളിയും പരിഹാസങ്ങളുമായാണ് വരവേറ്റത്. ആ ടീമിനെ നയിച്ച നായകന് രാഹുല്‍ ദ്രാവിഡ് ഇക്കുറി ഭാരത മണ്ണില്‍ അതിന് ഇരട്ടിക്കിരട്ടിയായി പരിഹാരം ചെയ്യുന്ന കാഴ്ചയാണ് ലോകകപ്പ് ഫൈനല്‍ മുന്നിലെത്തിനില്‍ക്കുമ്പോള്‍ കാണുന്നത്. ഇങ്ങനെയൊരു ഭാരത ടീമിനെ ഇതിന് മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. പന്തെടുത്താല്‍ ഏതു വമ്പനെയും എറിഞ്ഞിടും. ബാറ്റുകൊണ്ട് കഴിയാവുന്നത്ര ഉയര്‍ന്ന സ്കോര്‍ അല്ലാതെ മറ്റൊന്നും ലക്ഷ്യം വയ്ക്കുന്നില്ല.
നാല് വര്‍ഷം മുമ്പ് പോലും ഭാരതത്തിന് വലിയ പരിമിതികളുണ്ടായിരുന്നു. നാലാം നമ്പറില്‍ സ്ഥിരമായി ഒരാള്‍ ഇല്ലെന്നറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താതെ നിസ്സാരമായി കണ്ടു. അതിന്റെ വിലയാണ് മാഞ്ചസ്റ്ററിലെ സെമിയില്‍ കണ്ടത്. ബൗളിങ് നിര ശക്തമായിരുന്നെങ്കിലും മധ്യ ഓവറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ചയാണ് വന്നുകൊണ്ടിരുന്നത്. ഇത്തവണ അക്കാര്യത്തിലെല്ലാം മാറ്റം വന്നിരിക്കുന്നു. വേണ്ട സമയങ്ങളില്‍ നായകന് രോഹിത് ശര്‍മ്മ ബൗളിങ്ങില്‍ മാറ്റം വരുത്തുമ്പോള്‍ എഴുതിവച്ചപോലെയാണ് ഫലം വരുന്നത്. ഇതിന് പിന്നില്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ പണി നിസ്സാരമല്ല. സെമി മത്സരം തന്നെ അതിന് ഉദാഹരണം. 40 ഓവറുകള്‍ പിന്നിടുമ്പോഴും സിറാജ് മാത്രം തല്ലുവാങ്ങിക്കൊണ്ടേയിരുന്നു. അതേസമയം രണ്ടാം സ്പെല്ലിനെത്തിയ ഷമിയും ബുംറയും ഫലമുണ്ടാക്കിയ ഘട്ടമായിരുന്നു അത്.
സിറാജിനെ ഡഗൗട്ടിലേക്ക് വിളിച്ചിരുത്തി പരസ് മാംബ്രെയും (ബോളിങ് പരിശീലകന്) കൂട്ടരും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് കാണാമായിരുന്നു. ഇത് ഈ ലോകകപ്പിലെ ആദ്യ കാഴ്ചയല്ല. ബൗളര്‍മാരില്‍ സിറാജ് മാത്രമാണ് കുറച്ചുകൂടുതല്‍ തല്ലുകൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള അവസരങ്ങളിലെല്ലാം താരത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്കി വളരെ വേഗം പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ ഭാരതത്തിന്റെ പരിശീലക സംഘം പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പരിശീലന സമയത്ത് ടീം അംഗങ്ങളെ കാര്‍ക്കശ്യം കൊണ്ട് മടുപ്പിക്കാതെ അവരില്‍ ഒരാളായി നില്ക്കുന്ന രാഹുല്‍ ദ്രാവിഡിനെയാണ് പരിശീലന വേളയില്‍ കാണാന്‍ കഴിയുക. ഇതും ഭാരതത്തിന്റെ അതുല്യമായ വിജയക്കുതിപ്പിന്റെ അടിത്തറയായി. 1983 ലോകകപ്പ് ഫൈനലിലെത്തിയ ശേഷം രണ്ട് തവണ കൂടി ഭാരതം ഫൈനലിലെത്തി. രണ്ടും വിദേശ പരിശീലകര്‍ക്ക് കീഴിലായിരുന്നു. 2003ല്‍ ന്യൂസിലന്ഡുകാരന് ജോണ്‍ റൈറ്റ്. 2011ല്‍ ദക്ഷിണാഫ്രിക്കയുടെ ഗാരി കേര്‍സ്റ്റണ്‍.
ഇക്കുറി ഒരു ഭാരത പരിശീലകന് കീഴില്‍ ഭാരത പരിശീലക സംഘത്തിന് കീഴില്‍ ടീം സ്വപ്നതുല്യമായ കുതിപ്പോടെ കലാശപ്പോര് വരെയെത്തിയതില്‍ അഭിമാനിക്കാം. പക്ഷെ ഇനിയാണ് കാത്തിരിക്കേണ്ട കളി. കുഴിമാടത്തില്‍ നിന്നുപോലും ഉയിര്‍ത്തെഴുന്നേറ്റ പാരമ്പര്യമുള്ള കംഗാരുക്കളെയാണ് ഫൈനലില്‍ നേരിടേണ്ടത്. അവര്‍ക്കെതിരെ നടപ്പാക്കുന്ന ദ്രാവിഡീയ ഫോര്‍മുലയും നായകന്റെ തന്ത്രങ്ങളും കണ്ടറിയാം, കാത്തിരിക്കാം ഈ ഒരു രാവുകൂടി തീരുന്നതുവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: