തൃശ്ശൂര്‍: സംസ്ഥാന പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ ഗുരുതര പാളിച്ചകള്‍. കേന്ദ്ര ഇന്റലിജന്‍സ് നല്കിയ സുപ്രധാന വിവരങ്ങള്‍ അവഗണിച്ചു. നീക്കങ്ങളും നടപടികളും പാളുന്നതില്‍ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ഭിന്നത. കണ്ണൂര്‍ അയ്യന്‍കുന്നില്‍ തണ്ടര്‍ബോള്‍ട്ട് ടീമിനു നേരേ വെടിയുതിര്‍ത്തവരെ പിടിക്കാനാകാത്തതും തിരിച്ചടി.
വയനാട്ടിലും കണ്ണൂരിലും ഈയിടെയുണ്ടായ ഏറ്റുമുട്ടലുകള്‍ കേന്ദ്ര സര്‍ക്കാരും ഇന്റലിജന്‍സും ഗൗരവത്തോടെയാണ് കാണുന്നത്. കേരള പോലീസിലെ പ്രശ്‌നങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവമാകുന്നെന്ന് മൂന്നു വര്‍ഷമായി കേന്ദ്ര ഇന്റലിജന്‍സ് തുടര്‍ച്ചയായി മുന്നറിയിപ്പു നല്കുന്നു. ഫലപ്രദമായ നടപടികളെടുക്കാനോ ഇവരെ കണ്ടെത്താനോ കഴിഞ്ഞില്ല.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായാണ് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ ഇത് വ്യക്തമാക്കുന്ന നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സായുധ സംഘങ്ങള്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതും ഭക്ഷണ സാധനങ്ങളും മറ്റുമെടുക്കുന്നതും ആവര്‍ത്തിക്കുന്നു. പ്രതികളെ പിടികൂടാനായിട്ടില്ല.
എകെ 47 ഉള്‍പ്പെടെയുള്ള മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഇവരുടെ പക്കലുണ്ട്. നേരത്തേയുണ്ടായിരുന്ന കബനി ദളത്തിനു പുറമേ ബാണാസുര സാഗര്‍ ദളം എന്ന പേരില്‍ പുതിയ ഗ്രൂപ്പ് കേരളത്തില്‍ സജീവമാണ്.
മുന്നറിയിപ്പുകള്‍ക്കൊപ്പം ഭീകര വിരുദ്ധ സേനയ്‌ക്ക് കേന്ദ്രം വലിയ ഫണ്ടും നല്കി. വയനാട് ജില്ലയില്‍ മാത്രം 40 കോടി രൂപ അനുവദിച്ചു. പുതിയ റിപ്പോര്‍ട്ടനുസരിച്ച് മറ്റു ജില്ലകള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തേടി.
ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
തൃശ്ശൂര്‍: മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിലെ ഗുരുതര പാളിച്ചകളാല്‍ സ്ഥിതി വഷളായതോടെ പോലീസ് തലപ്പത്ത് മാറ്റം. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) എറണാകുളം എസ്പി പി. വിക്രമന് അരീക്കോട് പ്രത്യേക ദൗത്യസംഘത്തിന്റെ ചുമതല നല്കി. അരീക്കോട്ടുനിന്ന് സുജിത് ദാസിനെ എറണാകുളത്ത് നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ്പി ഡി. ശില്‍പയെ അസിസ്റ്റന്റ് ഐജിയാക്കി (പോളിസി). ടെലികോം എസ്പി അരവിന്ദ് സുകുമാറിന് കോഴിക്കോട് റൂറല്‍ എസ്പിയുടെ ചുമതലയായി. കൂടുതല്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: