Categories: India

തുരങ്കത്തില്‍ ഏഴാം ദിവസം; രക്ഷാപ്രവര്‍ത്തനം നീളും; തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക

Published by

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തകര്‍ന്നുവീണ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ ഡ്രില്ലിങ് യന്ത്രം തട്ടിയതോടെ ഇന്നലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

നാല്പത് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ട് ഇന്ന് ഏഴ് ദിവസമായി. രക്ഷാദൗത്യം ഇനിയും നീളുമെന്നാണ് സൂചന. എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാനാകില്ല. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്നും ഉത്തരകാശി എസ്പി അര്‍പന്‍ യദുവന്‍ഷി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്നെത്തിച്ച ഡ്രില്ലിങ് മെഷീന്‍ പ്രവര്‍ത്തനക്ഷമമായതോടെ ദൗത്യത്തിന് വേഗത കൈവന്നിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ പത്തോടെയാണ് മെഷീന്‍ ലോഹഭാഗങ്ങളില്‍ തട്ടിയത്. ഇതോടെ ഡ്രില്ലിങ് നിലച്ചു. 25 മീറ്ററോളം തുരന്നു പോ
യ മെഷീന്‍ ലോഹഭാഗങ്ങളില്‍ തട്ടിയതോടെയാണ് രക്ഷാദൗത്യം തടസപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെ ഡ്രില്‍ ചെയ്ത ഭാഗത്തുകൂടി ആറ് മീറ്റര്‍ നീളവും 900 മില്ലീമീറ്റര്‍ വ്യാസവുമുള്ള അഞ്ച് പൈപ്പുകള്‍ കയറ്റിയതായും അധികൃതര്‍ അറിയിച്ചു. സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതപാത ഒരുക്കാനാകും. ഇതിനിടെ 24 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്‍ ചെയ്തിട്ടുണ്ട്.

പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയേറുകയാണ്. ഇതിനിടെ രണ്ട് തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇവര്‍ക്ക് മരുന്നുകളെത്തിച്ചു. തുരങ്കത്തിന് പുറത്ത് മെഡിക്കല്‍ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ മാനസികാരോഗ്യവും നിരീക്ഷിക്കുന്നുണ്ട്.
ഇപ്പോഴത്തെ ദൗത്യം പരാജയപ്പെട്ടാല്‍ ബദല്‍ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. 2018ല്‍ തായ്ലന്‍ഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ സഹായവും തേടിയിട്ടുണ്ട്. ഇവരെ ഇവിടേക്കെത്തിക്കുന്നതും പരിഗണിക്കുന്നു. ഓസ്ട്രിയ, നോര്‍വേ എന്നിവിടങ്ങളിലെ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങളും തേടിയിട്ടുണ്ട്.

ബ്രഹ്മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച തകര്‍ന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by