വീടിന് ഐശ്വര്യപ്രദമായകമായതെന്ന് പ്രകീര്‍ത്തിക്കപ്പെട്ട പലതുണ്ട്. ഇവയില്‍ പലതിനും വിശ്വാസങ്ങളാണ് അടിസ്ഥാനം. എന്നാല്‍ ചിലതെല്ലാം ശാസ്ത്രസമ്മതമായ കാര്യങ്ങള്‍ കൂടിയാണ്. ഗോക്കള്‍ക്ക് ദിവ്യത്വം കല്പിച്ച് ആരാധിച്ചു വരുന്നത് വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, അതിന് ശാസ്ത്രീയമായ ആധികാരികത കൂടിയുണ്ടെന്ന് കാണനാവും.
ഗോവിനെ ഭാരതീയര്‍ മാതാവായിക്കരുതി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പതിവ് പൗരാണിക കാലം മുതലുള്ളതാണ്. സര്‍വാഭീഷ്ട പ്രദായിനിയായ കാമധേനുവിന്റെ കഥ പുരാണപ്രസിദ്ധമാണ്. ഗോവിന്റെ ദേവത്വത്തെക്കുറിച്ച് ഋഗ്വേദത്തിലും പ്രതിപാദിച്ചു കാണാം. ഗോവിന്റെ കൊമ്പുകളില്‍ ഇന്ദ്രന്റെയും വിഷ്ണുവിന്റെയും സാന്നിധ്യമുണ്ട്.
ശൃംഗങ്ങളുടെ മദ്ധ്യത്തില്‍ ബ്രഹ്മാവും നെറ്റിയില്‍ ശിവനും ചെവികളില്‍ അശ്വിനീദേവകളും കണ്ണുകളില്‍ സൂര്യചന്ദ്രന്മാരും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും ചര്‍മ്മത്തില്‍ പ്രജാപതിയും നിശ്വാസങ്ങളില്‍ നാലുവേദങ്ങളും ആറു വേദാംഗങ്ങളും അധരത്തില്‍ വസുക്കളും വായില്‍ അഗ്നിയും കക്ഷത്തില്‍ സാധുദേവതകളും കഴുത്തില്‍ പാര്‍വതിയും മുതുകില്‍ നക്ഷത്രങ്ങളും അപാനദേശത്തില്‍ സര്‍വതീര്‍ത്ഥങ്ങളും ഗോമൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും നാസികയില്‍ ജ്യേഷ്ഠയും വാണിയില്‍ പിതൃക്കളും, വാലില്‍ രമയും പാര്‍ശ്വങ്ങളില്‍ വിശ്വദേവന്മാരും വക്ഷസ്സില്‍ സുബ്രഹ്മണ്യനും കാല്, മുട്ട്, തുട എന്നിവയില്‍ പഞ്ചവായുക്കളും കുളമ്പിന്റെ മധ്യത്തില്‍ ഗന്ധര്വന്മാരും അഗ്രത്തില്‍ സര്‍പ്പങ്ങളും സ്തനങ്ങളില്‍ ചതുസ്സമുദ്രങ്ങളും വാഴുന്നു എന്ന് മഹാഭാരതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.
ദേഹത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണത്തിന് സേവിക്കുന്ന പഞ്ചഗവ്യം തയ്യാറാക്കുന്നത് പശുവില്‍നിന്നു ലഭിക്കുന്ന പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ യോജിപ്പിച്ചാണ്. തിലകധാരണത്തിന് ശ്രേഷ്ഠമായ ഭസ്മം തയ്യാറാക്കുന്നത് ചാണകം കരിച്ചാണ്. മുന്‍കാലങ്ങളില്‍ ഭാരതീയഭവനങ്ങളില് തറ ചാണകം മെഴുകി വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അശുദ്ധിമാറാന്‍ ഇപ്പോഴും ചാണക വെള്ളം തളിക്കുന്ന പതിവുണ്ട്. അശുദ്ധമായ മണ്ണ് ശുദ്ധമാക്കാന്‍ ഒരു അഹോരാത്രം പശുവിനെ അവിടെ കെട്ടുന്ന പതിവുണ്ട്. ഇതൊക്കെയും പശുവിന്റെ ദിവ്യത്വത്തിന് ഉദാഹരിക്കാം. ലക്ഷണയുക്തമായ പശു വീടിന് ഐശ്വര്യമാണ്. നിത്യവും അതിനെ കണികാണണം. രാവിലെയും വൈകിട്ടും വീടും മുറ്റവും അടിച്ചുവാരി ചാണകവെള്ളം തളിയ്ക്കുന്നതും വിശിഷ്ടമാണ്.
അശുഭലക്ഷണങ്ങളോടുകൂടിയ ഗോക്കളെ വീട്ടില്‍ വളര്‍ത്തുന്നത് നല്ലതല്ല. ബൃഹദ്സംഹിതയില്‍ പശുവിന്റെ ലക്ഷണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കണ്ണുനീര് ഒഴുക്കുന്നതും കണ്ണുകള്‍ കലങ്ങിയതും പൊളിഞ്ഞ കൊമ്പുകളോടുകൂടിയതുമായ പശുക്കള്‍ ലക്ഷണയുക്തമല്ല. കുളമ്പിന്റെ അപാകത തുടങ്ങിയവയും അശുഭ ലക്ഷണങ്ങളാണ്. ഗോക്കളെ പരിപാലിക്കുന്നതും പൂജിക്കുന്നതും പുണ്യപ്രവൃത്തിയാണ്. ഹിംസിക്കുന്നത് പാപവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: