രാവണാചാര്യന്റെ ഭാഷ്യം
‘തത്’ ഇതിന്റെ, ഭര്ഗതേജസ്സിനെ, ധ്യാനിക്കുന്നു. ഇവിടെ ‘തത്’ എന്ന പദത്തിന്റെ വിശേഷണം ഇല്ലെങ്കിലും തത് എന്ന പദപ്രയോഗത്താല്‍ ‘യത്’എന്ന പദം അന്തര്‍ലീനമാണ്. അതിന്റെ ഏതിന്റെ? (സവിതുഃ) സമസ്തഭാവങ്ങളുടേയും കാരണങ്ങളുടെയും ഉല്പത്തിക്കു കാരണമായവന്റെ വീണ്ടും അത് (തത്) എങ്ങനെയുള്ളതാണ്? (ദേവസ്യ) പ്രകാശം നല്‍കുന്നതും ക്രീഡാദിയുക്തവുമായതിന്റെ തേജസ്സിനെ ധ്യാനിക്കുന്നു. ഈ തേജസ്സ് ആരാണ്? യാതൊരു തേജസ്സ് നമ്മുടെ (ധിയഃ) ബുദ്ധിയെ (പ്രചോദയാത്) പ്രേരിപ്പിക്കുന്നുവോ അത്. ഇവിടെ ‘ഭര്ഗ’എന്ന പദം കൊണ്ട് അനേക വിധത്തിലുള്ള മഹാത്മ്യങ്ങളാണ് പ്രകടമാക്കിയിരിക്കുന്നത്. സവിതൃമണ്ഡലത്തിലെ ആദിത്യദേവന് സര്‍വ്വവ്യാപിയായ പുരുഷനാണെന്നു ബോധിപ്പിച്ചിരിക്കുന്നു.
ഗായത്രീ മന്ത്രത്തിലെ ‘സവിതുര്ഭര്ഗഃ’ എന്നതില്‍ സവിത, ഭര്ഗ ഇവ ഭിന്നമായി തോന്നുന്നുവെങ്കിലും യഥാര്‍ത്ഥ ചിന്തനത്തില്‍ ഇവ രണ്ടും തമ്മില്‍ വ്യത്യാസമില്ല. അതുതന്നെയാണ് സവിത, അതുതന്നെയാണ് ഭര്ഗം എന്നാണ് അദൈ്വതം പറയുന്നത്. (രാഹോ ശിരഃ) രാഹുവിന്റെ ശിരസ്സ് അതായത് രാഹുതന്നെയാണ് ശിരസ്സ് എന്നതിന് പ്രകാരം സവിത തന്നെയാണ് ഭര്ഗം എന്നു കാണാം. പിന്നെ ‘അത്’ (തത്) എങ്ങനെ ഉള്ളതാണ്? (വരേണ്യം) പ്രാര്ത്ഥനായോഗ്യമാണ്, ജന്മമൃത്യു രൂപത്തിലുള്ള ദുഃഖങ്ങളെ ഇല്ലാതാക്കുവാന്‍ വേണ്ടി ധ്യാനം മൂലം ഉപാസിക്കാന്‍ ഉപയുക്തമാണ്.
ഇങ്ങനെയുള്ള മാഹാത്മ്യങ്ങളെ വര്‍ണിച്ചതിനുശേഷം വീണ്ടും ഭര്ഗത്തിന്റെ മാഹാത്മ്യത്തെ മഹാവ്യാഹൃതിയിലൂടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ആ ‘ഭര്ഗം’ എങ്ങനെ ഉള്ളതാണ്? പൃഥ്വി മുതലായ ലോകങ്ങളില്‍ വ്യാപിച്ചിരിക്കുന്നതും പൃഥ്വി മുതലായ മൂന്നു ലോകങ്ങളെയും പ്രകാശിപ്പിക്കുന്നതും ആകുന്നു.
ഭൂഃ =പൃഥ്വിലോകം (ഭൂലോകം)
ഭുവഃ =ഭുവര്‍ലോകം അതായത് അന്തരീക്ഷം
സ്വഃ =സ്വര്‍ഗലോകം.
ഇങ്ങനെ ഒന്നിനു മുകളിലൊന്നായി സ്ഥിതി ചെയ്യുന്ന ലോകങ്ങളില്‍ വ്യാപിച്ചു കഴിയുന്ന ഭര്ഗം ഈ മൂന്നു ലോകങ്ങളെയും വിളക്കു കണക്കെ പ്രകാശിപ്പിക്കുന്നു.
സായണാചാര്യന്റെ ഭാഷ്യം
സര്വ്വശ്രുതികളിലും പ്രസിദ്ധവും പ്രകാശവുമായ സവിതാദേവന് അന്തര്യാമിയായി പ്രേരണ നല്കുന്നവനും ജഗത് സൃഷ്ടാവായ സര്‍വ്വേശ്വരന്റെ ആത്മഭൂതവും വരേണ്യവും സകലരുടെയും ഉപാസനീയനും, അറിയുവാനും ഭജിക്കുവാനും യോഗ്യതയുള്ളവനും ആകുന്നു.
അവിദ്യയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നശിപ്പിക്കുന്നതിനാല്‍ അതിനു ‘ഭര്ഗം’ എന്നു പറയുന്നു. അതു സ്വയം ജ്യോതിയും പരബ്രഹ്മത്തിന്റെ തേജസ്സുമാകുന്നു.
ഞാന്‍ അതാണ്, അതു ഞാനാണ് എന്ന ഭാവത്തോടെ ധ്യാനിക്കുന്നു. അഥവാ ‘തത്’ എന്ന പദം ഭര്ഗത്തിന്റെ വിശേഷണമാണ്. സവിതാദേവനു സദൃശമായ ആ ഭര്ഗത്തെ ധ്യാനിക്കുന്നു. അത് (തത്) എന്താണ്? അതു ബുദ്ധിക്കു പ്രേരണ നല്കുന്ന ഭര്ഗമാണ്. അതിനെ ധ്യാനിക്കുന്നു. അതു സമന്വയമാണ്.
യാതൊരു (തേജസ്വിയായ) സവിത ബുദ്ധിയെ കര്‍മ്മങ്ങളിലേക്കു പ്രേരിപ്പിക്കുന്നുവോ, അതിനെല്ലാം ജന്മം നല്കുന്ന സവിതാദേവനെ, പ്രകാശമയനായ സൂര്യനെ, എല്ലാവര്ക്കും കാണപ്പെടുന്നവനാകയാല് എല്ലാവര്ക്കും ഉപാസനീയനും ഭജിക്കപ്പെടാന് യോഗ്യതയുള്ളവനും ആകുന്നുവോ, ആ ഭര്ഗത്തെ, പാപനാശകമായ തേജോമണ്ഡലത്തെ ‘ധ്യേയം’ (ധ്യാനയോഗ്യം) എന്നു മനസ്സില്‍ കരുതി ധാരണം ചെയ്യുന്നു.
ഉവ്വടാചാര്യന്റെ ഭാഷ്യം
‘തത്’ എന്ന പദം ഷഷ്ടി വിഭക്തിയാണ്. സമ്പൂര്‍ണ്ണ സൃഷ്ടിക്കു ജന്മം നല്കുന്നവനായ സവിതാദേവന്റെ ആദിത്യദേവന്റെ ഉള്ളിലെ പുരുഷനായ ഹിരണ്യഗര്ഭനുമായി അവിച്ഛിന്നരൂപത്തില് വാഴുന്ന വിജ്ഞാനാനന്ദസ്വഭാവത്തോടുകൂടിയ ബ്രഹ്മത്തിന്റെ വരേണ്യമായ വീര്യമാര്‍ന്ന രൂപമാകുന്നു. ഭര്ഗം എന്നാല്‍ വീര്യം. ഭര്ഗത്തിന്റെ ഉല്പത്തി വരുണനില്‍ നിന്നാണ്, അഥവാ അഭിഷേചനത്തില് നിന്നാണ്. ശ്രുതിയിലും ഭര്ഗത്തെ വീര്യമെന്നു പറഞ്ഞിരിക്കുന്നു. ഇതു പാപത്തെ നശിപ്പിക്കുകയോ ജ്വലിപ്പിക്കുകയോ ചെയ്യുന്നു. ‘ഭൃജി’ ധാതു ഭര്ജനാര്ത്ഥ വാചി ആകയാല്‍ ഭര്ഗം തേജസ്സ് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്നു. ഭര്ഗത്തിനു മണ്ഡലപുരുഷന്‍, കിരണം എന്നീ അര്‍ത്ഥങ്ങളുണ്ട്. ദാനാദിഗുണയുക്തമായതിനാല് അതിനെ ദേവന് എന്നും പറയുന്നു. ‘ധൈ്യ’ ധാതുവിന്റെ അര്‍ത്ഥം ചിന്തനം ചെയ്യുക എന്നാണ്. വേദങ്ങളില്‍ ഇതു വിസ്തൃതമായി കാണുന്നുണ്ട്. അതിനാല്‍ ഇതിന്റെ അര്‍ത്ഥം ധ്യാനിക്കുന്നു, ചിന്തിക്കുന്നു, നിദിദ്ധ്യാസനം ചെയ്യുന്നു എന്നിങ്ങനെ ആകുന്നു.
‘ധിയോ യോനഃ’ ധീ എന്ന പദം ബുദ്ധി, കര്‍മ്മം, വചനം എന്നീ അര്‍ത്ഥങ്ങള്‍ ഉളവാക്കുന്നു. അതിനാല്‍ യാതൊരു സവിതാദേവന് നമുക്കെല്ലാം അതായത് നമ്മുടെ ബുദ്ധി, ക്രിയ, വചനം എന്നിവയ്ക്കു പ്രേരണ നല്കുന്നുവോ, യാതൊരു സവിതാദേവന് നമ്മുടെ എല്ലാ ബുദ്ധിയും കര്‍മ്മത്തെയും ധര്‍മ്മാദി വിഷയങ്ങളിലേക്കു (പ്രചോദയാത്) പ്രേരിപ്പിക്കുന്നുവോ (ചുദ് എന്ന ധാതു പ്രേരണ എന്ന അര്‍ത്ഥം ഉളവാക്കുന്നു) ആ സവിതയുടെ വീര്യത്തെ തേജസ്സിനെ (ഞാന്‍) ധ്യാനിക്കുന്നു.
ബുദ്ധിക്കു പ്രേരണ പ്രദാനം ചെയ്യുന്നതായ സവിതാദേവന്റെ വരണീയമായ വീര്യത്തെ അഥവാ തേജസ്സിനെ ധ്യാനിക്കുന്നു. നമുക്ക് യാതൊരുവനാണോ പ്രേരണ നല്‍കുന്നത്, യാതൊരുവനെ ആണോ നാം ധ്യാനിക്കുന്നത് അതു സവിത തന്നെയാണ്. ലിംഗവ്യത്യയം ചെയ്യുമ്പോള്‍, ‘യാതൊരു ഭര്ഗം നമ്മുടെ ബുദ്ധിക്കു പ്രേരണ നല്കുന്നുവോ സവിതാദേവന്റെ ആ ഭര്ഗത്തെ ധ്യാനിക്കുന്നു’, എന്നാകുന്നു.
(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ‘ഗായത്രി മന്ത്രാര്‍ത്ഥം’ എന്ന പുസ്തകത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: