ഷഡ്വിംശ ബ്രാഹ്മണം
അഞ്ചു പ്രപാഠകങ്ങളു ഓരോ പ്രപാഠകത്തിലും അനേകം അവാന്തര ഖണ്ഡങ്ങളുള്ള ഷഡ്വിംശ ബ്രാഹ്മണത്തെ പഞ്ചവിംശ ബ്രാഹ്മണത്തിന്റെ പരിശിഷ്ടമായാണ് ചിലര്‍ കണക്കാക്കുന്നത്. അതിലെ അഞ്ചാം പ്രപാഠകത്തിന് ‘അത്ഭുതബ്രാഹ്മണം’ എന്നും പേര് പറഞ്ഞു വരുന്നുണ്ട്. അതിനു കാരണം ഈ ബ്രാഹ്മണത്തില്‍ ഭൂകമ്പം, ദുര്ഭിക്ഷം, അസമയത്ത് പൂവും കായും മറ്റും ഉണ്ടാവുക, ദുര്നിമിത്തങ്ങള് സംഭവിക്കുക എന്നിവയ്ക്ക് പ്രതിവിധി ചെയ്യുന്നതിനും പ്രായശ്ചിത്ത വിധാനങ്ങള്‍ നടത്തുന്നതിനും നിര്‍ദേശിച്ചിരിക്കുന്നു എന്നുള്ളതാണ്. ആ ദൃഷ്ടിയില് അന്നത്തെ സാമൂഹ്യജീവിതത്തിലേക്കും വിശ്വാസങ്ങളിലേക്കും ഈ ബ്രാഹ്മണം വെളിച്ചം വീശുന്നതായി കാണാം.
സാമവിധാന ബ്രാഹ്മണം
മറ്റു ബ്രാഹ്മണങ്ങളില് നിന്ന് ഭിന്നമായ കാര്യങ്ങളാണ് സാമവിധാന ബ്രാഹ്മണത്തിലെ പ്രതിപാദ്യം. ശത്രുസംഹാരം, ചില മന്ത്രവാദ വിധികളും ധനാര്‍ജ്ജന മാര്‍ഗ്ഗങ്ങളും, ചില ആഭിചാര കര്‍മ്മങ്ങള്‍ക്കുള്ള മന്ത്രപ്രയോഗങ്ങള്‍ എന്നിവയാണ് സാമവിധാന ബ്രാഹ്മണത്തിലുള്ളത്. (ചില ഋഗ്വേദമന്ത്രങ്ങളും യജുര്വേദമന്തങ്ങളും പ്രയോഗിക്കുന്നതിനായി യഥാക്രമം ഋഗ്വിധാനം, യജുര്‍ വിധാനം എന്നിങ്ങനെയുള്ള ചില ലഘുഗ്രന്ഥങ്ങള്‍ പ്രകാശിത മായിട്ടുണ്ട്.) പ്രസിദ്ധ പൂര്വ്വമീമാംസാചാര്യനായ കുമാരിലഭട്ടന്റെ അഭിപ്രായത്തില്‍ സാമവേദത്തിന് എട്ട് ബ്രാഹ്മണങ്ങള്‍ (ഷഡ് വിംഗം ഉള്‍പ്പെടെ, 9) ഉള്ളതില്‍ മുഖ്യമായത് സാമവിധാനമാണ്. ഈ ബ്രാഹ്മണത്തിന് മൂന്നു പ്രകരണങ്ങള്‍ ഉണ്ട്. കൃച്ഛം, അതികൃച്ഛം തുടങ്ങിയ സ്മൃതികളിലും പുരാണങ്ങളിലും പ്രതിപാദിതങ്ങളായ വ്രതങ്ങളുടെ ആദ്യവിവരണം ഈ ബ്രാഹ്മണത്തിന്റെ പ്രഥമ പ്രകരണത്തില്‍ കാണാവുന്നതാണ്. ദോഷം, അപരാധം, പ്രായശ്ചിത്തം എന്നിവയെപ്പറ്റി വിശദമായി പറയുന്ന സാമവിധാന ബ്രാഹ്മണത്തെ ധര്മ്മസൂത്രങ്ങളുടെ പൂര്‍വ്വപീഠികയായി കരുതാവുന്നതാണ്.
സാമവിധാന ബ്രാഹ്മണത്തിന്റെ രണ്ടാം പ്രകരണത്തില്‍ ശത്രുവിനെ തുരത്തുന്നതിനുള്ള പല ആഭിചാരവിധികളും വിവരിക്കുന്നുണ്ട്. കൂടെത്തന്നെ രുദ്രഭൂതങ്ങള് തമ്മില്‍ തമ്മിലുള്ള വഴക്ക്, വിനായക നും സ്കന്ദനും തമ്മിലുള്ള ശബ്ദം, രുദ്രനും വിഷ്ണുവും തമ്മിലുള്ള പിണക്കം ഇവ മാറ്റി ശാന്തി സ്ഥാപിക്കുന്നതിന് സാമമന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതെങ്ങനെ എന്നു തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പറഞ്ഞിരിക്കുന്നു.
മൂന്നാമത്തെ പ്രകരണത്തില്‍
പുതിയ ഗൃഹത്തില്‍ അനുഷ്ഠാനപൂര്‍വ്വം പ്രവേശിക്കുന്നതിനും ഐശ്വര്യം, ആയുസ്സ് തുടങ്ങിയ പുഷ്ടിപ്പെടുത്തുന്നതിനും മറ്റുമുള്ള സാമഗായനത്തിന്റെ വിധാനം വിധിച്ചിരിക്കുന്നു.
ഇതിനെല്ലാം ഉപരി അക്കാലങ്ങളില്‍ സമൂഹത്തില്‍ നിലനിന്നു വന്ന അന്ധവിശ്വാസങ്ങളും പ്രവൃദ്ധമായിക്കൊണ്ടിരുന്ന വര്‍ണവ്യത്യാസം ഹേതുവായുള്ള ഉച്ചനീചത്വങ്ങളും, വിവാഹബന്ധങ്ങളിലുള്ള വിലക്കുകളും, ശൂദ്രരോട് അന്നു പ്രദര്‍ശിപ്പിച്ചു പോന്ന നിന്ദ്യഭാവങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്ന അന്നത്തെ സമൂഹ ജീവിതത്തിന്റെ ഒരു കണ്ണാടി എന്ന നിലയില്‍ ഈ ബ്രാഹ്മണം ഏറെ ശ്രദ്ധേയമാണെന്ന് പ്രസ്താവിക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല.
ആര്‍ഷേയ ബ്രാഹ്മണം
സാമവേദ സംബന്ധിയായി ലഭ്യമായിട്ടുള്ള നാലാമത്തെ ബ്രാഹ്മണമാണ് ആര്‍ഷേയ ബ്രാഹ്മണം. ഇതില്‍ 82 ഖണ്ഡങ്ങളായി വിഭജിച്ചിട്ടുള്ള മൂന്നു പ്രപാഠകങ്ങളുണ്ട്. സാമങ്ങളുടെ ദ്രഷ്ടാക്കളോ ഉദ്ഭാവകരോ ആയ ഋഷികളുടെ പേരുകള്‍ ഇതില്‍ നല്കിയിട്ടുള്ളതിനാല് ആര്ഷാനുക്രമണി എന്ന നിലയിലും ഈ ബ്രാഹ്മണം ഉപകാരകമാണ്.
ദൈവത ബ്രാഹ്മണം
ഒരു ചെറിയ ബ്രാഹ്മണമായ ദൈവത ബ്രാഹ്മണത്തില്‍ മൂന്നു ഖണ്ഡങ്ങളുണ്ട്. യാഗങ്ങളില്‍ സാമമന്ത്രങ്ങള്‍ കൊണ്ട് സ്തുതിക്ക പ്പെടുന്ന അഗ്നി, ഇന്ദ്രന്, പ്രജാപതി, സോമന്, വരുണന്, ത്വഷ്ടാവ്, അംഗിരസ്സ്, പൂഷാവ്, സരസ്വതി, ഇന്ദ്രാഗ്നി എന്നിവരുടെ നാമങ്ങളും അവരെ ലക്ഷീകരിച്ചുള്ള വിശിഷ്ട സാമമന്ത്രങ്ങളും ആദ്യഖണ്ഡത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഖണ്ഡത്തില്‍ ഛന്ദ സ്സുകളുടെ ദേവതകളേയും വര്‍ണ്ണനകളേയും പറ്റി പ്രതിപാദിച്ചിരി ക്കുന്നു. മൂന്നാമത്തെ ഖണ്ഡത്തില്‍ ഛന്ദസ്സുകളുടെ ഭാഷാശാസ്ത്ര പരമായ നിര്‍വ്വചനങ്ങള്‍ നല്കിയിരിക്കുന്നു. ഉദാഹരണമായി ഗായത്രീഛന്ദസ്സിന്റെ നിര്‍വ്വചനം പരിശോധിക്കാവുന്നതാണ്. അത് സ്തുത്യര്ത്ഥകമായ ‘ഗൈ’ എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമാണെന്നും ആ നിലയ്ക്ക് അത് പ്രശംസാപരമാണെന്നും സമസ്ത വേദങ്ങളുടേയും ഉത്പത്തിസ്ഥാനമായ ബ്രഹ്മാവിന്റെ വക്ത്രം തന്നെയാണ് ഗായത്രിയുടേയും ഉദ്ഭവസ്ഥാനമെന്നും പറഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള പല നിര്‍വ്വചനങ്ങളും പ്രാമാണികമായി യാസ്കാചാര്യര്‍ സ്വീകരിച്ചും കാണുന്നു. ഇതേപോലെ മറ്റു ഛന്ദസ്സുകള്ക്കും ദൈവത ബ്രാഹ്മണത്തില്‍ നിര്‍വ്വചനം നല്കപ്പെട്ടിട്ടുണ്ട്.
ഉപനിഷദ് ബ്രാഹ്മണം
ഉപനിഷദ് ബ്രാഹ്മണത്തില്‍ രണ്ടു ഗ്രന്ഥങ്ങളിലായി പത്തു പ്രപാഠകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒന്നാം ഗ്രന്ഥമായ മന്ത്ര ബ്രാഹ്മണത്തില്‍ രണ്ടും രണ്ടാം ഗ്രന്ഥമായ ഛാന്ദോഗ്യോപനിഷ ത്തില്‍ എട്ടും പ്രപാഠകങ്ങളുണ്ട്. ഒന്നാമത്തെ ഗ്രന്ഥത്തിന് ‘മന്ത്ര ബ്രാഹ്മണം’ എന്ന വിശ്രുതമായ പേരിലാണ് പറഞ്ഞുപോരുന്നത്. ദേശീയരും വിദേശീയരുമായ പല മഹാത്മാക്കളും ഇതിന് പുതിയ പതിപ്പുകളും ടീകകളും രചിച്ചിട്ടുണ്ട്. എട്ട് ഖണ്ഡങ്ങള്‍ വീതമുള്ള രണ്ടു പ്രപാഠകങ്ങളാണ് മന്ത്രബ്രാഹ്മണത്തിലുള്ളത്. ഗൃഹ്യസംസ്കാരവിധികള്ക്ക് ഉപയോഗിക്കപ്പെടുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ് ഇത്. ഇതേ മന്ത്രങ്ങള്‍ തന്നെയാണ് ഗോഭില ഗൃഹ്യസൂത്രത്തില്‍ വിധി ക്കപ്പെട്ടിട്ടുള്ള പല സംസ്കാരവിധികള്ക്കും വിനിയോഗിക്കപ്പെടുന്നത്. ശങ്കരാചാര്യര്‍ ബ്രഹ്മസൂത്രഭാഷ്യത്തില് താണ്ഡ്യശാഖയില്പെടുന്ന മന്ത്രബാഹ്മണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.
ഉപനിഷദ് ബ്രാഹ്മണത്തിലെ രണ്ടാമത്തെ ഗ്രന്ഥമായ അവസാ നത്തെ എട്ടു പ്രപാഠകങ്ങളാണ് പ്രസിദ്ധമായ ഛാന്ദോഗ്യോപനി ഷത്ത്. (ഇതേക്കുറിച്ച് ഉപനിഷത്തുകളെപ്പറ്റി പ്രതിപാദിക്കുന്നിടത്തു പ്രസ്താവിക്കുന്നതാണ്.)
സംഹിതോപനിഷദ് ബ്രാഹ്മണം
വളരെ ഹ്രസ്വമായ ഒരു ബ്രാഹ്മണമാണ് സംഹിതോപനിഷദ് ബ്രാഹ്മണം. സാമഗാനം കൊണ്ടുണ്ടാവുന്ന പ്രഭാവത്തെപ്പറ്റി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. അതോടൊപ്പം സാമമന്ത്രങ്ങളുടേയും സാമയോനികളായ മന്ത്രങ്ങളുടേയും പദങ്ങളുടേയും പരസ്പരബന്ധവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. ഈ ബ്രാഹ്മണത്തില്‍ കേവലം അഞ്ചു ഖണ്ഡങ്ങളേ ഉള്ളു.
വംശ ബ്രാഹ്മണം
അത്യന്തം ഹ്രസ്വമായ ഒരു ബ്രാഹ്മണമാണ് വംശബ്രാഹ്മണം. ഇതില്‍ മൂന്നു ഖണ്ഡങ്ങളാണുള്ളത്. സാമവേദീയരായ ആചാര്യന്മാരുടെ വംശപരമ്പര ഈ ബ്രാഹ്മണത്തില്‍ നല്കപ്പെട്ടിരുന്നു. പ്രാചീന ഋഷികളുടെ ചരിത്രം അറിയുന്നതിന് ഈ ബ്രാഹ്മണം ഉപകരിക്കും.
ജൈമിനീയ ബ്രാഹ്മണം
സാമവേദത്തിന്റെ ജൈമിനീയ ശാഖയുമായി ബന്ധപ്പെട്ട ഇന്ന് ഉപലബ്ധമായിട്ടുള്ള ഒരേ ഒരു ബ്രാഹ്മണമാണ് ജൈമിനീയ ബ്രാഹ്മണം. ശതപഥ ബ്രാഹ്മണത്തെ പോലെതന്നെ അത്യന്തം ബൃഹത്കായമായ ഒരു ബ്രാഹ്മണമാണ് ഇത്. ജൈമിനീയ ഉപനിഷത്തെന്നു പൊതുവേ പറഞ്ഞുപോരുന്ന ഗായത്ര്യുപനിഷത്ത് ഈ ബ്രാഹ്മണത്തിന്റെ ഭാഗമാണ്.
ഗോപഥ ബ്രാഹ്മണം
അഥര്‍വ വേദവുമായി ബന്ധപ്പെട്ട് ഒരേയൊരു ബ്രാഹ്മണം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതാണ് ഗോപഥബ്രാഹ്മണം. ഋഷിപരമ്പര കളുടെ വംശാവലിയില്‍ ഗോപഥനെന്ന ഋഷിയുടെ പേര് സാമാന്യം പ്രാധാന്യം നല്കി കാണപ്പെടുന്നതുകൊണ്ട് ഈ ബ്രാഹ്മണം അദ്ദേഹത്തിന്റെ തന്നെ രചനയായിരിക്കണം എന്ന് അനുമാനിക്കപ്പെടുന്നു. അഞ്ച് അദ്ധ്യായങ്ങള്‍ (അഥവാ പ്രപാഠകങ്ങള്‍) ഉള്ള പൂര്‍വ്വ ഗോപഥം, ആറ് അദ്ധ്യായങ്ങളുള്ള ഉത്തര ഗോപഥം എന്നീ രണ്ടു ഭാഗങ്ങളായി ഈ ബ്രാഹ്മണത്തെ വിഭജിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തെയും അനേകം കണ്ഡികകളായിട്ടും തിരിച്ചിട്ടുണ്ട്.
അഥര്‍വ്വ വേദമാണ് വേദങ്ങളില്‍ സര്വ്വശ്രേഷ്ഠമെന്ന നിലയില്‍, അഥര്‍വ്വ വേദത്തിന്റെ മഹിമാതിരേകം ഉദ്ഘോഷിച്ചുകൊണ്ടാണ് ഗോപഥ ബ്രാഹ്മണത്തിന്റെ തുടക്കം. ഒന്നാം അദ്ധ്യായത്തില്‍ ഓങ്കാരത്തിന്റേയും ഗായത്രിയുടേയും പ്രാധാന്യം വിവരിച്ചിരിക്കുന്നു. ബ്രഹ്മചാരി പാലിക്കേണ്ടതായ നിയമങ്ങളും അനുഷ്ഠാനങ്ങളുമാണ് രണ്ടാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുള്ളത്. മൂന്നും നാലും അദ്ധ്യായങ്ങളില്‍ യാഗം നിര്‍വ്വഹിക്കുന്നതിന് നിയുക്തരാകുന്ന ഋത്വിക്കുകളുടെ കര്‍ത്തവ്യകര്‍മ്മങ്ങളും അവരുടെ ദീക്ഷാകാലത്തെ യമനിയമങ്ങളും വര്‍ണിച്ചിരിക്കുന്നതായി കാണാം. അടുത്ത അധ്യായത്തില്‍ സംവത്സര സത്രത്തെപ്പറ്റിയുള്ള വിവരണമാണ്. കൂടെത്തന്നെ പ്രഖ്യാതയാഗങ്ങളായ അശ്വമേധം,
പുരുഷമേധം, അഗ്നി ഷ്ടോമം ഇവയെപ്പറ്റിയുള്ള വര്‍ണനകളുമുണ്ട്.
ഉത്തര ഗോപഥത്തിലെ അദ്ധ്യായങ്ങളിലെ വര്‍ണനകള്‍ മേല്‍ പറഞ്ഞ തരത്തില്‍ സുവ്യവസ്ഥിതമല്ല. നാനാതരം യജ്ഞങ്ങളും അവയുമായി ബന്ധപ്പെട്ട പല പ്രകാരത്തിലുള്ള ഉപാഖ്യാനങ്ങളും അങ്ങിങ്ങായി വിവരിക്കപ്പെട്ടിരിക്കുന്നു. അക്കാലത്തെ ഭൂപ്രദേശ ങ്ങളെപ്പറ്റിയും സാന്ദര്‍ഭികമായി പല പ്രസ്താവങ്ങളും ഉത്തര ഗോപഥത്തില് കാണുന്നുണ്ട്. അക്കാലത്ത് ഉത്തരഭാരതം കുരു (പാഞ്ചാലം), അംഗം (മഗധം), കാശീ( കോസലം), സാല്വം(മാത്സ്യം), വത്സം(ഉശീനരം) എന്നെല്ലാമുള്ള പ്രദേശങ്ങളായിട്ടാണ് അറിയപ്പെട്ടിരുന്നത്.
ഗോപഥ ബ്രാഹ്മണത്തിന്റെ രചയിതാവ് മദ്ധ്യപ്രദേശത്തുകാ നായിരുന്നിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അഥര്‍വ്വ സംഹിതയിലെ ‘ശന്നോ ദേവീരഭിഷ്ടയേ’ എന്നു തുടങ്ങുന്ന ആദ്യത്തെ മന്ത്രമാണ് ഈ ബ്രാഹ്മണത്തിലേയും ആദ്യമന്ത്രമായി ഉല്ലിഖിതമായിരിക്കുന്നത്. കൂടെത്തന്നെ ആഥര്വ്വണ വേദത്തിന്റെ മഹനീയത ശക്തിയുക്തം സ്ഥാപിക്കുന്നതിനും ഈ ബ്രാഹ്മണത്തിന്റെ കര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്. ഇത് രചിക്കപ്പെട്ടത് താരതമ്യേന അര്‍വ്വാചീന കാലത്ത് (ബി.സി. ആയിരത്തിനടുത്ത്) ആണെന്ന് ഗവേഷകന്മാര് കണക്കാക്കിയിരിക്കുന്നു.
ഭാഷാശാസ്ത്രപരമായും ഗോപഥബ്രാഹ്മണത്തിന് പ്രാധാ ന്യമുണ്ട്. പല വാക്കുകള്‍ക്കും ഈ ബ്രാഹ്മണം നല്‍കിയിട്ടുള്ള വ്യുത്പത്തി യാസ്കാചാര്യര്‍ അംഗീകരിച്ചിട്ടുള്ളതായി കാണുന്നു. ഉദാഹരണമായി ദീക്ഷിത ശബ്ദത്തിന്റെ വ്യുത്പത്തി ‘ധീക്ഷിത’ (ശ്രേഷ്ഠമായ ‘ധീ’ (ബുദ്ധി) ക്ക് ആശ്രയമായിട്ടുള്ളവന്‍) എന്നതില്‍ നിന്നാണെന്ന് ഗോപഥത്തില് പറഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: