കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാകും നല്‍കുക. കൊല്ലം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദം ഉണ്ടായ സാഹചര്യത്തില്‍ അടുത്ത കലോത്സവത്തില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് മാറ്റിയത്. സുരക്ഷ കണക്കിലെടുത്താണ് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
അധ്യാപകരും രക്ഷകര്‍ത്താക്കളും മത്സരാര്ഥികളും ഉള്‍പ്പെടെ 1.80 ലക്ഷം പേര്‍ക്കാണ് കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണം തയാറാക്കുക. 2,000 പേര്‍ക്ക് ഒരേ സമയം സദ്യ വിളമ്പുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഭക്ഷണം വിളമ്പുന്നതിന് അഞ്ഞൂറോളം പേര് ഉണ്ടാകും. അധ്യാപകര്‍, നഗരത്തിലെയും പരിസരങ്ങളിലെയും ബിഎഡ് കോളജുകള്‍, ടിടിഐ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഭക്ഷണം വിളമ്പാന്‍ നിയോഗിക്കുക.
ദിവസവും ഉച്ചയ്ക്ക് 20,000 മുതല്‍ 25,000 പേര്‍ക്കു വരെയാണ് ഭക്ഷണം തയാറാക്കുന്നത്. രാത്രി 12,000 പേര്‍ക്ക് ഊണ് ഒരുക്കും. ദിവസവും 12,000 പേര്‍ക്കാണ് പ്രഭാത ഭക്ഷണം ഒരുങ്ങുന്നത്. ഇതിനു പുറമേ ദിവസവും ഉച്ചയ്ക്ക് ശേഷം 10,000 പേര്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: