കൊച്ചി: നിയുക്ത മേല്‍ശാന്തി മഹേഷ് നമ്പൂതിരിയുടെ ശബരിമല യാത്രയില്‍ ആശിസുകളോടെ ജന്മനാട്. തൃശ്ശൂര്‍ പാറമേക്കാവില്‍ കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ഇന്നലെ രാവിലെയാണ് അദ്ദേഹം ജന്മനാടായ മൂവാറ്റുപുഴ കാലാമ്പൂരില്‍ എത്തിയത്.
തൃക്ക മഹാവിഷ്ണു ക്ഷേത്രം, ഭഗവതി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.ജി. മുരളിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ നിയുക്ത മേല്‍ശാന്തിമാരെ ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ എം.വിയും സെക്രട്ടറി റെജികുമാര്‍ പൊന്നേക്കാട്ടിലും പൊന്നാടയണിച്ച് സ്വീകരിച്ചു.
ക്ഷേത്രദര്‍ശനം നടത്തിയ മഹേഷ് നമ്പൂതിരിക്കും പി.ജി. മുരളിക്കും തൃക്ക ക്ഷേത്രം മേല്‍ശാന്തി മാടശേരി പരമേശ്വരന് നമ്പൂതിരി തീര്‍ഥവും പ്രസാദവും നല്കി. തുടര്‍ന്ന് മഹേഷ് നമ്പൂതിരിയുടെ അമ്മ പാര്‍വതി അന്തര്‍ജനത്തിന് മുന്നില്‍ സാഷ്ടാംഗ നമസ്കാരം നടത്തി നിയുക്ത മേല്‍ശാന്തിമാര്‍ അനുഗ്രഹം തേടി.
ക്ഷേത്രത്തിലൊരുക്കിയ പ്രഭാത ഭക്ഷണത്തിനുശേഷം കാലാമ്പൂര് ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ എത്തിയ ഇവരെ ക്ഷേത്ര ഭാരവാഹികള്‍ പുഷ്പഹാരങ്ങള്‍ അണിയിച്ച് സ്വീകരിച്ചു. കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളുമടക്കം 17 സ്വാമിമാരാണ് മഹേഷ് നമ്പൂതിരിയെ അനുഗമിക്കാനായി ഇവിടെ കെട്ടുനിറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: