മലപ്പുറം: മുസ്ലിം ലീഗ് എംഎല്‍എയും ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുത്തതോടെ യുഡിഎഫില്‍ പുതിയ തര്‍ക്കം. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരേ യുഡിഎഫ് നിയമ നടപടിയുമായി പോകുന്നതിനിടെയാണ് മുസ്ലിം ലീഗ് നേതാവിനെ കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുത്തത്.
മുസ്ലിം ലീഗിലും ഭിന്നാഭിപ്രായങ്ങളുണ്ട്. യുഡിഎഫ് അനുമതിയുണ്ടെന്ന് അബ്ദുള്‍ ഹമീദ് അവകാശപ്പെടുന്നെങ്കിലും ലീഗുമായി കൂടുതല്‍ അടുക്കാനുള്ള സിപിഎമ്മിന്റെ നീക്കമായാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇതു കാണുന്നത്. യുഡിഎഫില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും ഇവര്‍ പറയുന്നു.
കേരള ബാങ്ക് ഭരണ സമിതിയില്‍ ലീഗ് പ്രതിനിധി ഉള്‍പ്പെട്ടത് വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന് പറയുന്നെങ്കിലും ജില്ലയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അകല്‍ച്ച വര്‍ധിക്കുന്നു.
സിപിഎം സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതു തടയാന്‍ കോണ്‍ഗ്രസ് ഏറെ ശ്രമിച്ചു. മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളും സമസ്തയിലെ ഒരു വിഭാഗവും സിപിഎം അനുകൂല നിലപാടെടുക്കുന്നത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കി. കേരള ബാങ്ക് ഡയറക്ടര്‍ നിയമനത്തോടെ സിപിഎം അനുകൂല ലീഗ് ലോബിക്ക് കൂടുതല്‍ കരുത്തേറിയിരിക്കുന്നു.
പി. അബ്ദുള്‍ ഹമീദിനെ കേരള ബാങ്ക് ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയത് സിപിഎം-ലീഗ് ബന്ധത്തിന്റെ തെളിവാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഇതിനെക്കുറിച്ച് മുസ്ലിം ലീഗ് നേതാക്കളായ എം.കെ. മുനീറും കെ.എം. ഷാജിയും നിലപാടു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: