നാഗ്പൂര്‍: സംഘമായിരുന്നു ഹരിയേട്ടന്റെ സാധന എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തന്റെ കഴിവിനെപ്പറ്റി, തന്റെയുള്ളിലെ ആഴമേറിയ ജ്ഞാനത്തെപ്പറ്റി, അപാരമായ സംഘാടനാശേഷിയെപ്പറ്റി അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഒരു മഹാസാധകന് മാത്രമിണങ്ങുന്ന രീതിയില്‍ അദ്ദേഹം ആ ബോധത്തെ സ്വയം വിലയിച്ചുചേര്‍ത്തു.
മഹാപണ്ഡിതനായിരിക്കെത്തന്നെ സര്‍വസാധാരാണ സ്വയംസേവകര്‍ക്ക് സുഹൃത്തും സഹോദരനുമായി. തമാശകള്‍ പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം അവരിലൊരാളായി സഞ്ചരിച്ചു. എന്തെങ്കിലും പ്രത്യേക സാധന അദ്ദേഹത്തിനുണ്ടായിരുന്നതായി അറിയില്ല. സംഘമല്ലാതെ മറ്റൊരു സാധന അദ്ദേഹത്തില്‍ കണ്ടിട്ടില്ല, സര്‍സംഘചാലക് പറഞ്ഞു. നാഗ്പൂരില്‍ രേശംഭാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ സംഘടിപ്പിച്ച ആര്‍. ഹരി ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ഭാഗവത്.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ വളര്‍ത്തിയ ആദ്യതലമുറ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ വന്ന സ്വയംസേവകഗണത്തിന്റെ മുന്നില്‍ നടന്ന ആളാണ് രംഗഹരിജി. ഈ കാലത്തിന് അദ്ദേഹം രക്ഷാധികാരിയായിരുന്നു. വാത്സല്യമായിരുന്നു അദ്ദേഹത്തിന്റെ സഹജഭാവം.
കമ്യൂണിസ്റ്റ് അക്രമങ്ങള്‍ കലുഷിതമാക്കിയ കേരളത്തിലെ സംഘപ്രവര്‍ത്തനത്തെ ചിട്ടയോടെ വാര്‍ത്തെടുക്കുന്നതില്‍ മറ്റ് സ്വയംസേവകര്‍ക്കൊപ്പം ഹരിയേട്ടന്‍ നേതൃപരമായ പങ്ക് വഹിച്ചു. മനസ് അസ്വസ്ഥമാകുമ്പോള്‍ കുട്ടികളുടെ ശാഖയില്‍ പോയി അവരുടെ കളികള്‍ കണ്ടും ഒപ്പം കൂടുകയും ചെയ്യുമ്പോള്‍ അതൊക്കെ മറക്കുമെന്ന് അദ്ദേഹം അനുഭവം പറയും, മോഹന്‍ ഭാഗവത് പറഞ്ഞു.
രാഷ്‌ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, മുന്‍ പ്രമുഖ സഞ്ചാലിക പ്രമീളാതായ് മേഢെ, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, വിദര്‍ഭ പ്രാന്ത സംഘചാലക് രാം ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, മുതിര്‍ന്ന പ്രചാരകന്‍ ശങ്കര്‍ റാവു തത്വവാദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: