ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് സര്‍ക്കാരിനെതിരായ ജനരോഷം അഗ്നിപര്‍വതമായി പൊട്ടിത്തെറിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷന് റെഡ്ഡി.
സംസ്ഥാനത്ത് ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇപ്പോഴേ സജ്ജമാണ്, തൂക്കുനിയമസഭയല്ല ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭ തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്, വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കിഷന് റെഡ്ഡി പറഞ്ഞു.
ബിആര്‍എസിലും കോണ്‍ഗ്രസിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ മാറ്റം കൊതിക്കുന്നു. ഈ സര്‍ക്കാരില്‍ എല്ലാവരും മടുത്തിരിക്കുന്നു. പോലീസിനെയും ഗുണ്ടകളെയും ഭയന്ന് ആളുകള്‍ പുറത്തിറങ്ങുന്നില്ല.
കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരും ബിആര്‍എസ് ഭരണത്തില്‍ മടുത്തു. ഈ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോരാടിയ ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഒരു എംഎല്‍എ മാത്രമേ ഉണ്ടായുള്ളൂ. ഏഴ് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പക്ഷേ തെലങ്കാനയില്‍ വന്ന മാറ്റം കാണാതിരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് മാസത്തിനുള്ളില്‍, 2019 ല്‍ നാല് ലോക്സഭാ സീറ്റുകള്‍ നേടി ബിജെപി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ വിജയിച്ചു. ബിആര്‍എസും കോണ്‍ഗ്രസും ഒരുമിച്ചാണ്. അവര്‍ നേരത്തെ ഒരുമിച്ച് ഭരിച്ചിരുന്നവരാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനെതിരെ വോട്ട് ചെയ്യാന്‍ അവര്‍ ഒരുമിച്ചായിരുന്നു. പരസ്പരം പാര്‍ട്ടി മാറുന്നതിന് ഒരു മടിയുമില്ലാത്തവരാണ് അവര്‍, കിഷന് റെഡ്ഡി പറഞ്ഞു.
തെലങ്കാനയിലെ 55 ശതമാനം വരുന്ന പിന്നാക്കവിഭാഗക്കാരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. മാദിഗ മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുത്തു. അവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക സമിതി കേന്ദ്രം ഉടന്‍ രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കിഷന് റെഡ്ഡി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: