ഭോപാല്‍: വിജയിക്കുക എന്നതല്ലാതെ മറ്റൊരു മന്ത്രം ഇപ്പോഴില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ചൗഹാന് മനസ് തുറന്നത്.
മധ്യപ്രദേശിനെ ബെസ്റ്റ് പ്രദേശ് ആക്കുകയാണ് ലക്ഷ്യം. കുറേ ചെയ്തു. ഇനിയും ഏറെ ചെയ്യാനുണ്ട്. സര്‍ക്കാരിനെ ആര് നയിക്കുന്നു എന്നതല്ല. വ്യക്തിക്കല്ല ഞങ്ങളുടെ സംഘടനയില്‍ പ്രാധാന്യം. ഇപ്പോള്‍ വിജയിക്കുക, പിന്നെയും വിജയിക്കുക എന്നത് മാത്രമാണ് മന്ത്രം. ഞാന്‍ രാത്രിയും പകലും ജനങ്ങള്‍ക്കൊപ്പമുണ്ട്. അവരുടെ മനസ് അറിയാം. അവര്‍ ബിജെപിയെ അല്ലാതെ മറ്റൊരു പാര്‍ട്ടിയെ ആഗ്രഹിക്കുന്നില്ല…
വളരെ പോസിറ്റീവാണ് അന്തരീക്ഷം. ലാഡ്ലി ബെഹ്ന യോജനയും മറ്റ് ക്ഷേമ പദ്ധതികളും ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഭൂരിപക്ഷം ഉറപ്പാണ്, ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
ജാതി സെന്‍സസിനെ പറ്റി
നാമെല്ലാവരും ഭാരതമാതാവിന്റെ മക്കളാണ്. ബിജെപി സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് എന്താണ് ചെയ്തത്? അവരത് ജനങ്ങളോട് പറയട്ടെ. ഇത്രയും വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഒരു ഒബിസി മുഖ്യമന്ത്രിയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്തരിച്ച സുഭാഷ് യാദവിനെ മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തത് കോണ്‍ഗ്രസാണ്.
ശിവഭാനു സോളങ്കിയെയും എസ്ടി വിഭാഗത്തില്‍പ്പെട്ട ജമുനാ ദേവിയെയും കോണ്‍ഗ്രസ് തഴഞ്ഞു. അവര്‍ നാടകം കളിക്കുകയാണ്. കാപട്യമാണ് കാട്ടുന്നത്. ഇത്രയും കാലം സംസ്ഥാനവും രാജ്യവും ഭരിച്ച കോണ്‍ഗ്രസ് ഒബിസിക്ക് വേണ്ടി ഇതുവരെ എന്ത് ചെയ്തുവെന്ന് രാഹുല്‍ പറയാത്തതെന്താണ്?
ഒബിസി കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത് ബിജെപി സര്‍ക്കാരാണ്. സംവരണമില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ ഞങ്ങള്‍ പോരാടുകയും സംവരണത്തോടെ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഞങ്ങള്‍ 27 ശതമാനം ഒബിസി സംവരണം നല്കി. ബിജെപി എല്ലാവര്ക്കും ഒപ്പമാണ്. ആരെയും വേര്‍തിരിക്കുന്നില്ല. വനവാസികളെ ശാക്തീകരിക്കുന്നതിനായി ഫണ്ട്
വന്നു. ഞങ്ങള്‍ ജനക്ഷേമത്തിലാണ് ഊന്നുന്നത്.
എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക്
ബിജെപിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ പലരും ശ്രമിച്ചു. എന്നിട്ട് നിങ്ങള്‍ക്ക് ഭിന്നത കാണാന്‍ കഴിയുന്നുണ്ടോ? ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്നവരാണ്. വികസനത്തിനും ക്ഷേമത്തിനുമുള്ള ഞങ്ങളുടെ പദ്ധതികളുടെ സ്വാധീനമാണ് ബിജെപിയുടെ ആത്മവിശ്വാസം.
സ്ത്രീകള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നല്കി ജീവിതത്തെ മാറ്റിമറിച്ചതാണ് ലാഡ്ലി ബെഹ്ന യോജന. എല്ലാ സഹോദരിമാരുടെയും സ്നേഹം ബിജെപിക്ക് ലഭിക്കുന്നുണ്ട്. 1.3 കോടി ലാഡ്ലി ബെഹ്ന ഗുണഭോക്താക്കളും 63 ലക്ഷം സ്ത്രീകളും സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
റോഡുകള്‍ നിര്‍മിക്കുക, മികച്ച ജലസേചന സംവിധാനം ഏര്‍പ്പെടുത്തുക, മധ്യപ്രദേശിനെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുക, മെഡി. കോളജുകള്‍ നിര്‍മിക്കുക, ഗ്ലോബല്‍ സ്കില്‍സ് പാര്‍ക്ക്, മെട്രോ, റെയില്‍പാതകള്‍.. ഇതെല്ലാം വലിയ സ്വാധീനം ചെലുത്തും, ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: