മുംബയ് : വിരാട് കോ ഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറിയും ബൗളിംഗില്‍ മൊഹമ്മദ് ഷമിയുടെ മികച്ച പ്രകടനവും ഇന്ത്യയെ ലോകകപ്പിന്റെ ഫൈനലിലെത്തിച്ചു.
ഇന്ത്യ 70 റണ്‍സിന്റെ വിജയം ആണ് സ്വന്തമാക്കിയത്. ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റും സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിനെയും അവസാന രണ്ട് വിക്കറ്റും നേടി ഷമി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
ന്യൂസിലാണ്ട് 48.5 ഓവറില്‍ 327 റണ്‍സിന് പുറത്തായി.ഡെവണ്‍ കോണ്‍വേയെയും രച്ചിന്‍ രവീന്ദ്രയെയും മൊഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 39/2 എന്ന നിലയിലായിരുന്നു. പിന്നീട് ഡാരില്‍ മിച്ചല്‍ കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ മെല്ലെ കരകയറ്റി.മൂന്നാം വിക്കറ്റില്‍ ഇവര്‍ 181 റണ്‍സാണ് അടിച്ചു കൂട്ടിയത്.
വില്യംസണ്‍ 69 റണ്‍സ് നേടി. കെയിന്‍ വില്യംസണിനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച ഷമി അതേ ഓവറില്‍ ടോം ലാഥമിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി.
അഞ്ചാം വിക്കറ്റില്‍ മിച്ചലും ഫിലിപ്പ്‌സും 75 റണ്‍സ് നേടിയെങ്കിലും ജസ്പ്രീത് ബുംറ ഈ കൂട്ടുകെട്ട് തകര്‍ത്തു. 33 പന്തില്‍ 41 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്‌സിനെ ബുംറ പുറത്താക്കി. അടുത്ത ഓവറില്‍ കുല്‍ദീപ് യാദവ് മാര്‍ക്ക് ചാപ്മാനെ പുറത്താക്കി.ഡാരില്‍ മിച്ചല്‍ 134 റണ്‍സ് നേടി പുറത്തായതോടെ മത്സരം ഇന്ത്യയുടെ കയ്യിലായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് നേടി.ഷമിയാണ് കളിയിലെ താരം.ഫൈനലില്‍ കടന്ന ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: