ആലപ്പുഴ: കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധൂര്‍ത്ത് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
കര്‍ഷകര്‍ പലിശയ്ക്ക് പണമെടുത്ത് കൃഷി ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസില്‍ ധൂര്‍ത്തടിക്കുന്നത്. നവകേരള സദസിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന പണം പാവങ്ങള്‍ക്ക് നല്കിയിരുന്നെങ്കില് ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നു. തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കര്ഷകന്. നെല്ല് സംഭരണത്തില്‍ പാഡി റെസീപ്റ്റ് ഷീറ്റ് വാങ്ങി ബാങ്കുകള്‍ പണം നല്‍കുന്നത് വായ്പ പോലെയാണ്. മൂന്ന് മാസം തുടര്‍ച്ചയായി ലോണ്‍ അടയ്ക്കാതിരുന്നാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുകയും ലോണ്‍ എടുത്തയാളുടെ സിബില്‍ സ്കോര്‍ താഴേക്ക് പോകുകയും ചെയ്യും.
പെന്ഷന് കിട്ടാതെ രണ്ട് വയോധികമാര്‍ മരുന്ന് വാങ്ങാന്‍ ഭിക്ഷാപാത്രവുമായി ഇറങ്ങി. 80 വയസ് കഴിഞ്ഞ അവരെയും സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ ആക്രമിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള പണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് സപ്ലൈകോ ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോഴും ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഓഡിറ്റ് നടത്തിയാല്‍ മാത്രമെ പണം ലഭിക്കൂ എന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: