പാലക്കാട്: ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു. രഥോത്സവത്തോടനുബന്ധിച്ച് കല്പാത്തിയിലെത്തിയതായിരുന്നു അദ്ദേഹം.
പുത്തനച്ചി പുരപ്പുറം തൂക്കും പോലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ചിലരുടെ പ്രസ്താവനകള്‍. സര്‍ക്കാരിന്റെ പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ഇവരുടെ ജോലി. സംസ്ഥാനത്തെ ഒരു ക്ഷേത്രപരിസരത്തും ആയുധപരിശീലനം നടക്കുന്നില്ല. ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ തയാറാകണം.
ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റുന്നതിനുള്ള ആസൂത്രിത നീക്കമാണിത്. നാമജപം പോലും ക്ഷേത്രങ്ങളില്‍ പാടില്ലെന്ന നിലപാട് എന്തടിസ്ഥാനത്തിലാണ്? ആര്‍എസ്എസിനെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളാണിവ.
ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ടു കിടക്കുന്ന സ്ഥലം തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം ഭക്തര്‍ക്ക് നേരെ കുതിരകയറാനാണ് ഇവര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ചട്ടുകങ്ങള്‍ മാത്രമായി ദേവസ്വം ബോര്‍ഡുകള്‍ അധഃപതിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ കാവിക്കൊടി ഉയര്‍ത്താന്‍ പാടില്ലെന്നു പറയുന്നവര്‍ മറ്റു മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളില്‍ പാറിക്കളിക്കുന്ന കൊടികള്‍ മാറ്റാന്‍ പറയാനുള്ള ധൈര്യം കാണിക്കുമോയെന്ന് തില്ലങ്കരി ചോദിച്ചു.
ബോര്‍ഡുകളുടെ തിട്ടൂരം ക്ഷേത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥലം നഗരസഭയ്ക്ക് വിട്ടുകൊടുക്കാനുള്ള ബോര്‍ഡ് തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയെ സമീപിക്കുകയും നീക്കം റദ്ദു ചെയ്യുകയുമുണ്ടായി.
ശബരിമലയില്‍ ഭക്തരുടെ പണമുപയോഗിച്ച് ഉണ്ടാക്കിയ ആറേകാല്‍ ലക്ഷം ടണ്‍ അരവണ കാലാവധി കഴിഞ്ഞെന്ന പേരില്‍ നശിപ്പിക്കുന്നത് ധൂര്ത്തിനുദാഹരണമാണ്. ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചിട്ടും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല സീസണില്‍ മാത്രം 10,000 കോടി രൂപയുടെ വരുമാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി സുധാകരന് പ്രസ്താവിച്ച കാര്യം തില്ലങ്കേരി ചൂണ്ടിക്കാട്ടി. ഇത്രയും വരുമാനം ലഭിച്ചിട്ടും അയ്യപ്പഭക്തരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും തില്ലങ്കേരി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പി.എന്‍. ശ്രീരാമന്, ഉത്തരമേഖല സംഘടനാ സെക്രട്ടറി എ.എം. ഉദയകുമാര്‍, ജില്ലാ പ്രസിഡന്റ് എ. നാരായണന്‍കുട്ടി, ജന. സെക്രട്ടറി സന്തോഷ് കുന്നത്ത്, താലൂക്ക് ട്രഷറര്‍ കെ.പി. സെന്തില്‍കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: