പന്തളം: പ്രായത്തിന്റെ അവശതകളെ അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷത്താല്‍ മറികടക്കുകയാണ് തിരുവാഭരണ വാഹക സംഘം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ള. ശബരിമല അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശിരസിലേറ്റാന്‍ ആറു പതിറ്റാണ്ടോളം ഭാഗ്യം ലഭിച്ചു.
20-ാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടുകയാണ് ഇദ്ദേഹം. അച്ഛന് നാരായണപിള്ളക്കൊപ്പമാണ് ആദ്യമായി ഘോഷയാത്രയെ അനുഗമിക്കുന്നത്.
ദുര്‍ഘടം നിറഞ്ഞ കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം തുണയായ കാലം. വൃതശുദ്ധിയുടെ കരുത്തും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും അടുത്തറിഞ്ഞ നിമിഷങ്ങള്‍. അനുഭവകഥകള്‍ പറയുമ്പോള്‍ ഈ ഗുരുസ്വാമിയുടെ കണ്ണ് ഈറനണിയും. തിരുവാഭരണഘോഷയാത്രാ രീതികള്‍ക്ക് ഇന്നും മാറ്റമില്ല. ദക്ഷിണ സ്വീകരിച്ച ശേഷം പന്തളം രാജാവണിയിക്കുന്ന മാല ധരിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.
പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ യാത്ര ആരംഭിക്കുന്നത്. ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ച ശേഷം മൂന്നാം നാള് ശബരിമല സന്നിധാനത്ത് എത്തും. വൃശ്ചികം ഒന്ന് മുതല്‍ വ്രതം നോല്‍ക്കുന്ന പതിവ് തെറ്റിച്ചിട്ടില്ലെന്ന് ഗംഗാധരന് പിള്ള പറയുന്നു.
22 പേരാണ് ഇപ്പോഴത്തെ സംഘത്തില്‍ ഇദ്ദേഹത്തിനൊപ്പം ഉള്ളത്. യാത്രാമധ്യേ ഭക്ഷണം പാകം ചെയ്തു കഴിച്ചതു മാറി മറ്റു പലയിടങ്ങളില്‍ നിന്നും ആഹാരം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ ഒന്നിനും മാറ്റമില്ലെന്നും അദ്ദേഹം പറയുന്നു. മകരവിളക്കു കഴിഞ്ഞ് അഞ്ചാംനാള്‍ മലയിറങ്ങി മൂന്നാം ദിവസം പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പിക്കുന്നതോടെ ഘോഷയാത്രയ്ക്ക് സമാപനമാകും.
വ്രതശുദ്ധിയുടെ കണിശതയും അയ്യപ്പസ്വാമിയോടുള്ള അര്‍പ്പണബോധവുമാണ് ഇദ്ദേഹത്തിന് കരുത്താകുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണം തലയിലേറ്റുന്നത് മുതല്‍ സന്നിധാനം വരെ ഗംഗാധരന് പിള്ള സ്വാമിക്ക് വിശ്രമമില്ല. 41 വരെ നീണ്ടുനില്‍ക്കുന്ന ആഴിപൂജ ചടങ്ങുകള്‍ക്ക് അടക്കം കാര്‍മികത്വം വഹിക്കുന്നതും ഇദ്ദേഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: