റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നടത്തുന്നത് ബിജെപിയുടെ വിജയരഥം തടയാനുള്ള വിഫലശ്രമമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. റായ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രകടനപത്രികയില്‍ ഇല്ലാത്ത വാഗ്ദാനം ഇപ്പോള്‍ നടത്തിയത് തോല്‍വി മുന്നില്‍ക്കണ്ടാണ്.
1500 രൂപ വാര്‍ദ്ധക്യ പെന്ഷന്, സ്വയംസഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളല്‍, നാല് പാചക വാതക സിലിണ്ടറുകള്‍, മദ്യനിരോധനം തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷം സ്ത്രീകളെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീശാക്തീകരണമല്ല, അഴിമതിയാണ് അവരുടെ പ്രധാന അജണ്ട, കൊള്ളയാണ് അതിന്റെ രാഷ്ട്രീയം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഛത്തീസ്ഗഡി ഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതിന് മുന്‍ഗണന നല്‍കും. ഇത് പുതുതലമുറയെ ഉള്‍ക്കൊള്ളുന്ന വികസനത്തിന് സഹായകമാകും. രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണകാലത്ത് ഛത്തീസ്ഗഡി ഭാഷയ്ക്ക് സംസ്ഥാന ഭാഷാ പദവി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: