47 വര്‍ഷം മാത്രം ദീര്‍ഘിച്ച ഹ്രസ്വജീവിതമായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്റേത്. അതില്‍ എട്ടു വര്‍ഷത്തിലേറെയും തടവറയിലുമായിരുന്നു. കേരള സുഭാഷ് ചന്ദ്ര ബോസ്, കേരളത്തിന്റെ വീരപുത്രന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി അറിയാം.
1898ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. ജാമിയാ മിലിയാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പഠനം ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. 1924 ഒക്ടോബര്‍ 12ന് മഹാകവി വള്ളത്തോളിന്റെ ആശംസകളോടെ കോഴിക്കോട്ട് നിന്നും ‘അല്‍ അമീന്‍’ പത്രം ആരംഭിച്ചു. 1930 മെയ് 12ന് ഉപ്പു സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് സത്യഗ്രഹം നടത്തവെ അതിക്രൂരമായി പോലീസ് മര്‍ദ്ദനത്തിന് വിധേയനായി. ഒമ്പതു മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നു.
1928ല്‍ കുഞ്ഞി ബീവാത്തുവിനെ അബ്ദുറഹിമാന്‍ വിവാഹം കഴിച്ചു. എന്നാല്‍ അവര്‍ അകാലത്തില്‍ അന്തരിച്ചു. 31-ാം വയസില്‍ വിഭാര്യനായ അദ്ദേഹം അന്ത്യം വരെ ആ നിലയില്‍ ജീവിച്ചു.
ഭാരതത്തെ വിഭജിക്കാതെ സ്വാതന്ത്ര്യം ലഭിച്ചിട്ട് കാര്യമില്ലെന്ന അഭിപ്രായം ശക്തമായിരുന്ന കാലം. 1934ല്‍ മുംബൈയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദ്വിരാഷ്‌ട്രവാദക്കാര്‍ അവതരിപ്പിച്ച പ്രമേയത്തെ മുഹമ്മദ് അബ്ദുറഹിമാന്‍ ശക്തിയുക്തം എതിര്‍ത്തു. സ്വന്തം സമുദായത്തില്‍ നിന്നുള്ളവരുടെ പോലും എതിര്‍പ്പിനെ മറികടന്നുകൊണ്ടായിരുന്നു അദ്ദേഹം ആ നിലപാട് കൈക്കൊണ്ടത്. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനും അബ്ദുറഹിമാനെ പിന്തുണച്ചു.
നഗരസഭാംഗം, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം, മദിരാശി നിയമസഭാംഗം തുടങ്ങിയ നിലകളിലും അബ്ദുറഹിമാന്‍ പ്രവര്‍ത്തിച്ചു. വഹിച്ച പദവികളിലൊക്കെ ഏറ്റവും മഹനീയമായി പ്രവര്‍ത്തിച്ചു. 1940ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി.
നേതാജി സുഭാഷ് ചന്ദ്ര ബോസുമായി അടുത്ത ബന്ധം നിലനിര്‍ത്തിയ ഒരാളായിരുന്നു അബ്ദുറഹിമാന്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കായി നേതാജി മുന്നോട്ടുവച്ച മാര്‍ഗത്തെ അദ്ദേഹം സര്‍വാത്മനായി പിന്തുണച്ചു. കോണ്‍ഗ്രസ് വിട്ട് നേതാജിയുടെ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്റെ സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനായി അദ്ദേഹം ചുമതലയേറ്റു. 1940 ജൂലൈ മൂന്നിന് രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. 1945 സപ്തംബര്‍ നാലിന് വെല്ലൂര്‍ ജയിലില്‍ നിന്ന് മോചിതനായി. 1809 ദിവസം നീണ്ട കാരാഗൃഹവാസമാണ് അനുഭവിച്ചത്. രണ്ടാംലോക മഹായുദ്ധാനന്തരം ജയില്‍ മോചിതനായ കേരളത്തിലെ അവസാനത്തെ രാഷ്‌ട്രീയ തടവുകാരന്‍ എന്ന പ്രത്യേകതയും അബ്ദുറഹിമാന്‍ സാഹിബിനുണ്ട്.
ജയില്‍ മോചിതനായ ശേഷം കേവലം 77 ദിവസം മാത്രമേ ആ മഹനീയ ജീവിതം നീണ്ടു നിന്നുള്ളൂ. എന്നാല്‍ ഈ ഹ്രസ്വകാലം അദ്ദേഹത്തിന് വലിയ പരീക്ഷണ ഘട്ടം കൂടിയായി മാറിയിരുന്നു. സ്വന്തം പ്രസ്ഥാനത്തില്‍ നിന്നും നേരിട്ട അകല്‍ച്ചയ്‌ക്കൊപ്പം തീവ്രമത യാഥാസ്ഥിതികരുടെ ഭീഷണിയും വെല്ലുവിളികളും നേരിടേണ്ടി വന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ നിര്‍ഭയം നേരിട്ട അദ്ദേഹം ആ ഭീഷണികളെ അവഗണിച്ച് മുന്നോട്ടു പോയി. കോഴിക്കോട് മുക്കം കൊടിയത്തൂരില്‍ ഒരു വന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ച ശേഷം മടങ്ങവെ 1945 നവംബര്‍ 23ന് ആ സ്വാതന്ത്ര്യസമര സേനാനി കുഴഞ്ഞുവീണ് മരിച്ചു.
അബ്ദുറഹിമാന്റെ സന്തത സഹചാരിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഇ. മൊയ്തു മൗലവി രചിച്ച കൃതിയാണ് ‘എന്റെ കൂട്ടുകാരന്‍.’ നോവലിസ്റ്റ് എന്‍.പി. മുഹമ്മദ് രചിച്ച നോവലാണ് ‘മുഹമ്മദ് അബ്ദുറഹിമാന്‍- ഒരു നോവല്‍.’ ഈ കൃതിയെ ആസ്പദമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത സിനിമയാണ് ‘വീരപുത്രന്‍.’ അബ്ദുറഹിമാനെ ഓര്‍മിച്ചുകൊണ്ട് മഹാകവി അക്കിത്തം രചിച്ച കവിതയാണ് ‘മരണമില്ലാത്ത മനുഷ്യന്‍.’
എ. അഞ്ജന
പ്രതികരിക്കാൻ ഇവിടെ എഴുതുക