കോട്ടയം : ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ജീവിക്കാനായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദ പ്രകടനവുമായി ദേശാഭിമാനി. സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കുന്നതിനായി സിപിഎമ്മും ദേശാഭിമാനിയും നല്കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് വാര്‍ത്ത നല്‍കിയത്.
പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവിക്കാനും മരുന്ന് വാങ്ങുന്നതിനുമായാണ് മറിയക്കുട്ടി ഭിഷയാചിച്ച് ഇറങ്ങിയത്. ഇതോടെ ഇവരുടെ മകള്‍ വിദേശത്താണെന്ന് സിപിഎം ആരോപിക്കുകയും ദേശാഭിമാനി വാര്‍ത്ത നല്‍കുകയുമായിരുന്നു. അഞ്ച് മാസത്തെ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഭിക്ഷയാചിച്ച് ഇറങ്ങിയത്.
സിപിഎം വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് മറിയക്കുട്ടി മന്നാങ്കണ്ടം വില്ലേജ് ഓഫീസറെ സമീപിക്കുകയും ഇവര്‍ക്ക് ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് ഓഫീസര്‍ സ്ഥിരീകരിച്ചതോടെയാണ് പാര്‍ട്ടിയുടെ വ്യാജ പ്രചാരണം പൊളിഞ്ഞത്. വ്യാജ വാര്‍ത്ത നല്‍കിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദേശാഭിമാനി തിരുത്ത് നല്‍കിയത്.
ദേശാഭിമാനിയുടെ തല്കിയ തിരുത്ത്
വിധവാ പെന്‍ഷന്‍കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനാ സമരം നടത്തിയ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പി.സി. പ്രിന്‍സിയുടെ പേരിലാണുള്ളത്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്നവാര്‍ത്ത പിശകാണ്. മറിയക്കൂട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാനിടയായത്.
അടിമാലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് 200 ഏക്കര്‍ പൊന്നടത്തുപാറ 486-ാം നമ്പര്‍ വിടിനും വിടീരിക്കുന്ന പുയിടത്തിനും അടുത്തനാള്‍ മുതല്‍ പ്രിന്‍സിയുടെ പേരിലാണ് കരം അടക്കുന്നത്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് താമസം. സാലി (ദല്‍ഹി), ശാന്ത (വയനാട്), ജാന്‍സി വിജയന് (ആയിരമേക്കര്‍), പ്രിന്‍സി (അടിമാലി) എന്നിവരാണ് മക്കള്‍. മറിയക്കൂട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു.
മാസങ്ങളായി ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നാണ് അടിമാലിയില്‍ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷക്കിറങ്ങിയത്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെന്ഷന് നല്കാന് ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കാതെ പെന്ഷന് കൊടുക്കാന്‍ ആവില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
മറിയക്കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് വ്യാജ പ്രചരണവുമായി ഇടത് ക്യാംപ് സജീവമായത്. മറിയയ്ക്ക് ഒന്നര ഏക്കര്‍ ഭൂമി, അതില്‍ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കള്‍ക്ക് വിദേശത്ത് ജോലി ഇതെല്ലാമുണ്ടെന്നായിരുന്നു പ്രചരണം. ഇത് സാധൂകരിക്കുന്ന തരത്തില്‍ ദേശാഭിമാനിയില്‍ വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മാപ്പുപറച്ചിലുമായി സിപിഎം മുഖപത്രം രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: