‘ഇവിടെ സിനിമയില്ലെങ്കില്‍ വല്ലതും സംഭവിക്കുമോ?’ എന്ന് നാളെ സിനിമാ മന്ത്രി ചോദിച്ചേക്കാം. മത്സ്യബന്ധനമെന്തിനാണിവിടെ, തമിഴ്‌നാട്ടില്‍ സിനിമയും മത്സ്യബന്ധനവുമുണ്ടല്ലൊ എന്നും ചോദിക്കും. അതാണ് നമ്മുടെ മന്ത്രി സജി ചെറിയാന്റെ ശീലം. എന്തിനോടെങ്കിലും പ്രതിബദ്ധതയുള്ള ആളെ മന്ത്രിയാക്കേണ്ടെ. അതെങ്ങനെയാ? മോന്തായം വളഞ്ഞാല്‍ മറ്റെല്ലാം എന്നുണ്ടല്ലൊ. മുഖ്യമന്ത്രിതന്നെ വളഞ്ഞിരിക്കുകയല്ലെ. പിന്നെ പറയാനുണ്ടോ. കുട്ടനാട്ടില്‍ കര്‍ഷകന്‍ കെ.ജി.പ്രസാദിന്റെ ജീവനെടുത്തതില്‍ കൂട്ടുത്തരവാദിത്വമുള്ള സജി ചെറിയാനാണ് ‘ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ’ എന്ന ചോദ്യമുയര്‍ത്തിയത്. മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ മുക്കംവാലയില്‍ ബണ്ട് റോഡ് ഉദ്ഘാടന ചടങ്ങിലാണു മന്ത്രി വിവാദ ചോദ്യമുയര്‍ത്തിയത്. തമിഴ്‌നാട്ടില്‍ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്‌നവുമില്ലെന്നു മന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
കര്‍ഷകരുടെ പ്രശ്‌നങ്ങളോടു സര്‍ക്കാര്‍ മുഖം തിരിക്കുന്നതാണ് ആത്മഹത്യകള്‍ക്കു കാരണമെന്ന ആരോപണം കര്‍ഷക പ്രതിനിധികളും സംഘടനകളും ഉന്നയിക്കുന്നു. ബണ്ട് റോഡ് പ്രദേശത്തെ ഇലമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷിയിറക്കില്ലെന്നു കര്‍ഷകര്‍ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ അറിയിച്ചിരുന്നു. അതൊരു ഭീഷണിയുടെ സ്വരമാണെന്നു സൂചിപ്പിച്ചുകൊണ്ടാണു കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നു മന്ത്രി ചോദിച്ചത്.
കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേരളത്തില്‍ കുറഞ്ഞവിലയ്‌ക്ക് അരികിട്ടാനുള്ള സാധ്യതകള്‍ എല്ലാം അടച്ചിട്ടശേഷമുള്ള മന്ത്രിയുടെ പ്രസ്താവന കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ഒരു മന്ത്രി ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായത്. കര്‍ഷകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കര്‍ഷകസംഘടനകള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും മാപ്പെന്ന വാക്യം അജണ്ടയിലില്ലാത്ത കാര്യമാണ്.
പണ്ട് ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസ്താവനയില്‍ മന്ത്രിപ്പണിപോയതാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നമാതിരിയാണ് കൃഷിയെക്കുറിച്ചുള്ള അഭിപ്രായവും. ‘കുന്തവും കൊടച്ചക്രവും’. കുന്തത്തെ കണ്ടും കേട്ടും പരിചയമുണ്ട്. എന്നാല്‍ എന്താണ് ഈ കൊടച്ചക്രം? അല്ലെങ്കില്‍ കുടച്ചക്രം? ആ ഗണത്തില്‍പ്പെടുത്തിയോ കഷിയേയും. മന്ത്രി പറഞ്ഞതെന്താണ്?
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം”- ഇതായിരുന്നു സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
മതേതരത്വം, ജനാധിപത്യം എന്നീ വാക്കുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. കുന്തം എന്ന വാക്കിനും ഉണ്ട് അര്‍ഥം. ഈ കുടച്ചക്രം/കൊടച്ചക്രം എന്നാല്‍ എന്താണ്? എന്താണ് കുന്തവും കുടച്ചക്രവും തമ്മിലുള്ള ബന്ധം? ശബ്ദതാരാവലിയുടെ 2011ല്‍ പരിഷ്‌കരിച്ച പതിപ്പില്‍ പോലും ഇല്ലാത്ത വാക്കാണ് കുടച്ചക്രം. എന്നാല്‍ അതിന് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടുതാനും.
”കുന്തം കുടച്ചക്രമെന്നത് മലയാളത്തില്‍ കാലാകാലങ്ങളായി പ്രയോഗിക്കുന്ന ശൈലിയാണ്. കണ്ട അണ്ടനും അടകോടനും എന്ന് പറയുന്നതു പോലെ തന്നെ നിന്ദിച്ചു പറയുന്ന അല്ലെങ്കില്‍ വിലകുറിച്ച് കാണിക്കാന്‍ ഉപയോഗിക്കുന്ന ശൈലി. ഇതുപോലെയുള്ള കുന്തവും കുടച്ചക്രവും ഒന്നും എന്നോട് പറയല്ലേ എന്ന് പറഞ്ഞാല്‍ ഇത്തരം അസംബന്ധം ഒന്നും എന്നോട് പറയല്ലേ അല്ലെങ്കില്‍ ഇത്തരം അനാവശ്യകാര്യങ്ങള്‍ ഒന്നും പറയല്ലേ എന്ന് നമുക്കതിനെ വ്യാഖ്യാനിക്കാം.
എന്തിനെക്കുറിച്ചാണോ നിങ്ങള്‍ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല, അല്ലെങ്കില്‍ വിലവെക്കുന്നില്ല. അതുമല്ലെങ്കില്‍ നിങ്ങള്‍ അതിനെ മതിക്കുന്നില്ല, പരസ്പരബന്ധമില്ലാത്തത് എന്നൊക്കയാണ് ഈ പ്രയോഗത്തിന്റെ അര്‍ഥം. കുന്തം, കുടച്ചക്രം എന്നീ വാക്കുകളുടെ അര്‍ഥത്തിന് അപ്പുറത്തേക്ക് ഏത് സാഹചര്യത്തില്‍ ഈ വാക്കുകള്‍ ഒരുമിച്ച് പ്രയോഗിക്കുന്നു എന്നിടത്താണ് ഈ പ്രയോഗത്തിന് അര്‍ഥം ഉണ്ടാവുന്നത്. ജനാധിപത്യം, മതേതരത്വം കുന്തം കൊടച്ചക്രം എന്ന് സജി ചെറിയാന്‍ പറയുന്നത് ഭരണഘടനയില്‍ നിങ്ങള്‍ ഇതൊക്കെ എഴുതി വെച്ചിട്ടുണ്ടാവും എന്ന ഉദ്ദേശ്യത്തിലാണ്. ഞാന്‍ അതിനെ മാനിക്കുന്നില്ല അല്ലെങ്കില്‍ വിലമതിക്കുന്നില്ല എന്നാണ് ആ പറഞ്ഞതിന്റെ അര്‍ഥം. അതുപോലെ തന്നെയാണ് മന്ത്രി കൃഷിയേയും സങ്കല്പിച്ചിരിക്കുന്നത്. ഇതെല്ലാം തമിഴ്‌നാട്ടിലുണ്ടല്ലോ എന്നുപറയുന്ന മന്ത്രിയോട് തമിഴ്‌നാട്ടില്‍ ഇതിനൊക്കെ മന്ത്രിയുണ്ട്. പിന്നെന്തിനാണിവിടെ ഇങ്ങിനെയൊരുമന്ത്രി എന്നാര് ചോദിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക