ലണ്ടന്‍: ഭാരതവും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ കേന്ദ്രബിന്ദുവാണ് സ്വതന്ത്ര വ്യാപാര കരാറെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇത് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സൗഹൃദബന്ധത്തെ ശക്തിപ്പെടുത്തുന്നു.
ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ തീരുമാനം ഭാരതവും ബ്രിട്ടനും കണ്ടെത്തുമെന്നും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. സ്വതന്ത്ര വ്യാപാര കരാര്‍ സാക്ഷാത്കരിക്കുന്നതിലാണ് ഭാരതവും ബ്രിട്ടനും ഇപ്പോള്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നത്.
ഇരു രാജ്യങ്ങളും പിന്തുടരുന്ന പൊതുതത്വങ്ങള്‍, സമ്പ്രദായങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ഉപയോഗിച്ച് ചരിത്രത്തെ പുരോഗമന ശക്തിയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 36 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
14 തവണ ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങള് അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജയശങ്കര്‍ യുകെയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഭാര്യ ക്യോകോയും ഒപ്പമുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഭാരതത്തിന്റെ ഹൈക്കമ്മിഷന് സംഘടിപ്പിച്ച പ്രത്യേക ദീപാവലി ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: