കറാച്ചി : ജയ്ഷ ഇ മുഹമ്മദ് (ജെഇഎം) തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ചേരിപ്രദേശമായ ഓറഞ്ച് ടൗണില്‍ വച്ചാണ് താരിഖിനു വെടിയേറ്റത്. ഭാരതത്തില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ ആസൂത്രകന്‍ കൂടിയാണ് താരിഖ്. കൊലപ്പെടുത്തിയത് ആരെന്ന് വ്യക്തമല്ല. അവിടുത്തെ ഭൂപ്രകൃതിയെ കുറിച് അറിവുള്ളവരാകും കൊലപാതകികളെന്നാണ് പ്രാഥമിക നിഗമനം.
ഭാരതത്തിനെതിരെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ താരിഖ് പോകുകയായിരുന്നെന്നാണ് വിവരം. താരിഖിന് ഒന്നിലേറെത്തവണ വെടിയേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
താരിഖിന്റെ കൊലപാതകത്തില്‍ പ്രാദേശിക ഭീകരരാണോയെന്നും, ജയ്ഷെ മുഹമ്മദ് കേഡര്‍മാര്‍ക്കിടയിലുള്ള ഉള്പോരാണോയെന്നും സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്ത ആളാണ് താരിഖ്. ലഷ്കറെ തയിബയുടെയും ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്റെയും പ്രധാന അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു മുന്‍ കൊലപാതകങ്ങള്‍. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ വച്ച് ലഷ്കറെ തയിബ കമാന്‍ഡര്‍ അക്രം ഗാസിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫും കഴിഞ്ഞമാസം കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് മരിച്ചത്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: