ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി മെയ്തേയ് വിഘടനവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രാലയം. യുഎപിഎ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്ക് ഇവയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. മെയ്തേയ് വിഘടന വാദ ഗ്രൂപ്പുകള്‍, അവരുടെ വിഭാഗങ്ങള്‍, സുഹൃദ് സംഘടനകള്‍ എന്നിവയ്ക്കെല്ലാം എതിരെ നടപടിയുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ), അവരുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, അവരുടെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി ഓഫ് കാങ്ലെപാക്, അവരുടെ സായുധ വിഭാഗമായ റെഡ് ആര്‍മി എന്നിവയ്ക്കെതിരെയാണ് നടപടി. കാങ്ലെപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി, പാര്‍ട്ടിയുടെ ചുവപ്പുസേന എന്നിവയ്ക്കെതിരെയും നടപടികളുണ്ട്. ഈ സംഘടനകളെല്ലാം അഞ്ചുവര്‍ഷത്തേക്ക് പ്രവര്‍ത്തിക്കുന്നത് ഇനിമുതല്‍ നിയമ വിരുദ്ധമാകും. യുഎപിഎ മൂന്നാംവകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരമാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. തിങ്കളാഴ്ച മുതല്‍ തന്നെ നടപടി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
മെയ്തേയ് വിഘടനവാദ സംഘടനകള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരെയും മണിപ്പൂരിലെ സാധാരണ ജനങ്ങളെയും കൊലപ്പെടുത്തുന്നതായും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വിഘടനവാദ സംഘടനകള്‍ ധനസമാഹരണത്തിനായി ജനങ്ങളെ കൊള്ളയടിക്കുകയും ആയുധ ശേഖരണം നടത്തുകയും ചെയ്തിട്ടുണ്ട്. അയല്‍രാജ്യങ്ങളുടെ അതിര്‍ത്തി മേഖലകളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി ആയുധ പരിശീലനം അടക്കം ചെയ്യുന്നതായും വിലയിരുത്തിയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം കര്‍ശന നടപടിയിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: