കോഴഞ്ചേരി: ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയില്‍നിന്നും പമ്പയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാവുന്ന കോഴഞ്ചേരി -വാഴക്കുന്നം -റാന്നി പാതയും ചെങ്ങന്നൂര്‍ – എരുമേലി കെ.എസ്.ആര് ടി.സി ബസ് സര്‍വീസ് ഉള്‍പ്പടെ നടത്തുന്ന കോഴഞ്ചേരി- ചെറുകോല്‍പുഴ -റാന്നി റോഡും ഗതാഗത യോഗ്യമല്ലാത്തത് ഇത്തവണ ശബരിമല തീര്‍ത്ഥാടകരെ വലയ്ക്കും.
ഇരുപാതകളും ശബരിമല പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പന്തളത്തു നിന്നുള്ള തിരുവാഭരണപാതയുടെ ഭാഗവുമാണ് .2023 ജനുവരി 26 നാണ് പുതമണ്‍പാലത്തിന്റെ ബലക്ഷയത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തിയത്. പുതിയ പാലം നിര്‍മ്മിക്കാന്‍ കാലതാമസമുണ്ടാകുമെന്നായതോടെ താത്കാലിക സമാന്തര പാത നിര്‍മ്മിക്കണമെന്ന ജനകീയ ആവശ്യത്തിനു മുകളില്‍ അധികാരികള്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പെരുന്തോടിനുള്ളില്‍ പൈപ്പ് സ്ഥാപിച്ച് കുറുകെ സമാന്തര പാത ഒരുക്കാന്‍ ഉള്ള പണികള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ കാരണം പണികള്‍ഇഴഞ്ഞു നീങ്ങുകയാണ്.
പുതുതായി മണ്ണിട്ട് നിര്‍മ്മിക്കുന്നപാത ചെളിക്കുളമായി മാറി. ശബരിമല തീര്‍ത്ഥാടനക്കാലത്തിന് മുന്‍പായി പാത ശരിയാകുമെന്ന് അധികൃതര്‍ ഉറപ്പു നല്കുന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. 3മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന പാതയില്‍ ഒരു സമയം ഒരു ഭാഗത്തു നിന്നുള്ള വാഹനങ്ങളേ കടത്തിവിടാന്‍ കഴിയൂ. തീര്‍ത്ഥാടന കാലത്ത് തിരക്കേറുന്ന ഈ പാതയില്‍ ഇത് യാത്ര ദുരിതത്തിന് കാരണമാകും. 2.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റാന്നി എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ പാലം എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
സാമ്പത്തിക പരാധീനതയിലായ സര്‍ക്കാറിന്റെ തുടങ്ങി വച്ച പദ്ധതികളുടെ അസ്ഥികൂടങ്ങള്‍ തുറിച്ച് നോക്കുന്ന നാട്ടില്‍ ജനങ്ങളുടെ ആശങ്ക അര്‍ത്ഥവത്താണ്.
തര്‍ക്കവും കുണ്ടും കുഴിയുമായി ചെറുകോല്‍പുഴ – റാന്നി റോഡ്
കോഴഞ്ചേരി: പുതമണ്‍ പാലത്തിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് റാന്നിയിലേക്കുള്ള വാഹന യാത്രികര്‍ക്ക് ഉപകാരമായിരുന്ന ചെറുകോല്‍പുഴ റാന്നി റോഡ് അധികരിച്ച ഗതാഗതത്തെ തുടര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി.
വീതി കുറഞ്ഞ വെള്ളക്കെട്ടുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര അപകടങ്ങള്‍ക്ക് കാരണമാകുന്നു. കിഫ് ബി പദ്ധതിയിലുള്‍പ്പെടുത്തി ചെറുകോല്‍പുഴ – മണിയാര്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ചെറുകോല്‍പുഴ മുതല്‍ അങ്ങാടി
വരെയുള്ള ഭാഗം 54.61 കോടി രൂപയ്ക്ക് 13.6മീറ്റര്‍ വീതിയില്‍ പണിയാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
റോഡിന് വീതി കൂട്ടുമ്പോള്‍ വസ്തുഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്തത് ഒരു വിഭാഗം വസ്തു ഉടമകളെ ആശങ്കയുള്ളവരാക്കി. ചെറുകോല്‍പുഴ – മണിയാര്‍ കിഫ് ബി റോഡ് വികസന പദ്ധതിയില്‍ ഇടുങ്ങിയ വഴികളുള്ള ഭൂരിഭാഗം പ്രദേശത്തെ ഉള്‍പ്പെടുത്താതെ ചെറിയ ഒരു ഭാഗം മാത്രം ഉള്‍പ്പെടുത്തിയതും ഈ വിഭാഗം പദ്ധതിക്കെതിരായി നിലകൊള്ളുന്നതിന് കാരണമായി.
ഭരണസ്വാധീനവും പിടിപാടുമുള്ള ധനികവര്‍ഗത്തെ സംരക്ഷിച്ചുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്നാണ് ഇവരുടെ നിലപാട്. 10.6 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുകയാണെങ്കില്‍ തങ്ങള്‍ സൗജന്യമായി വസ്തുവിട്ടു നല്‍കാമെന്നാണ് ചില ഉടമകളുടെ നിലപാട്. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാതെ വസ്തു ഏറ്റെടുക്കാനനുവദിക്കില്ലെന്ന് ഒരു വിഭാഗം ഉടമകളും നിലപാടെടുക്കുന്നു.
രാജ്യമൊട്ടാകെ നടക്കുന്ന റോഡ് വികസനത്തിന്റെ ഭാഗമായി തങ്ങളുടെ റോഡും വീതികൂട്ടി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയിരൂര്‍ അങ്ങാടി പഞ്ചായത്ത് റോഡ് വികസന സമിതി രൂപീകരിച്ചിരിക്കുകയാണ് ഒരു വിഭാഗം. നിര്‍ദിഷ്ട ശരിമല വിമാനത്താവളം നടപ്പിലായാല്‍ ഈ റോഡിന് വലിയ പ്രാധാന്യമുണ്ടാവും .എന്നാല്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നഷ്ടം വരുത്തുന്ന റോഡിന്റെ ഒരുഭാഗം മാത്രമുള്ള നാമമാത്ര വീതി കൂട്ടല്‍ അനാവശ്യമാണന്ന് ധരിപ്പിച്ച് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയെന്ന മറുപക്ഷത്തിന്റെ വാദം കൂടി ആയതോടെ സര്‍വേ നടപടികള്‍ വരെ പൂര്‍ത്തിയായ പദ്ധതി ഇപ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിലാണ്.
ഇതിനിടയിലാണ് കൂനിന്മേല് കുരുപോലെ പുതമണ്‍ പാലത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ഗതാഗത വര്‍ദ്ധനവ്. മഴക്കാലമായതോടെ ഓട സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ റോഡിലെ വെള്ളക്കെട്ടുകള്‍ അഗാധ ഗര്‍ത്തങ്ങള്‍ക്ക് കാരണമായതോടെ ചെറുകോല്‍പുഴ നിന്ന് പ്ലാങ്കമണ്‍ വഴിയായി നാട്ടുകാരുടെ റാന്നി യാത്ര.ഇതിനിടയില്‍ ശബരിമല റോഡുകളുടെ അറ്റകുറ്റപണി കളുടെ പദ്ധതിയിലുള്‍പ്പെടുത്തി 60 ലക്ഷം രൂപ അനുവദിച്ചുവെന്ന് കേള്‍ക്കുന്നുവെങ്കിലും തീര്‍ത്ഥാടന കാലം പടി വാതില്ക്കലെത്തിയിട്ടും നടപടികളൊന്നുമായില്ല.
മാസങ്ങളായി നാട്ടുകാരനുഭവിക്കുന്ന ദുരിതങ്ങള്‍ക്കിടയില്‍ ശബരിമല തീര്‍ത്ഥാടന കാലമെത്തിയതോടെ അന്യസംസ്ഥാന തീര്‍ത്ഥാടകരുള്‍പ്പടെ ശബരിമല തീര്‍ത്ഥാടകരും മറുവഴി ആലോചിക്കേണ്ട ഗതികേടിലാണ്. 10.6 മീറ്ററായാലും 13.6 മീറ്ററായാലും 7 മീറ്റര്‍ വീതിയില്‍ മാത്രമേ ടാറിംഗ് ഉള്ളൂ എന്നതിനാല്‍ പരാതികളില്ലാതെ റോഡ് വികസനം സാധ്യമാകാന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: