ദേവീഭക്തര്‍ക്ക് അഭയവാരിധിയാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാസഹസ്രനാമം നിരീശ്വരവാദികള്‍ക്കും ദുര്‍മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ക്കും ഒരിക്കലും ഉപദേശിക്കരുതെന്നാണു വിധി. പതിവായി ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നത് അതിവിശിഷ്ടമാണ്.
ദാരിദ്ര്യം, ആധിവ്യാധികള്‍ എന്നിവയകറ്റാന്‍ അഭൗമമായൊരു ശക്തിവിശേഷം ഈ സഹസ്രനാമത്തിനുണ്ടെന്നാണ് വിശ്വാസം. ഭക്തിമുക്തി പ്രദായകങ്ങളായ സഹസ്രനാമങ്ങള് പലതുണ്ടെങ്കിലും ഗൃഹസ്ഥാശ്രമികള്‍ക്ക് ഏറ്റവും ഉത്തമം ലളിതാസഹസ്രനാമമാണെന്ന് വിശ്വസിക്കപ്പെടുന്നു. സര്വ്വേശ്വരിയും ശിവശക്തൈ്യരൂപിണിയുമായ ലളിതാമഹാത്രിപുരസുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപം, ഭാവം, സ്ഥൂലവും സൂക്ഷ്മവും പരവും പരാത്പരവുമായ സ്വരൂപം, അവതാരകഥകള്‍ എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ലളിതാസഹസ്രനാമത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്.
മറ്റ് സഹസ്രനാമങ്ങളിലെ നാമങ്ങളില്‍ പലതും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ലളിതാസഹസ്രനാമത്തില്‍ ഒരു നാമം പോലും ആവര്‍ത്തിക്കുന്നില്ല. കൂടാതെ ച, അഹ, അവി, നനു, കില തുടങ്ങിയ പദങ്ങള്‍ വൃത്തനിബദ്ധമായ കൃതികളില്‍ പാദപൂരണത്തിന് ഉപ യോഗിക്കാറുണ്ട്. മറ്റു സഹസ്രനാമങ്ങളില്‍ ഇതുപോലെയുള്ള പദങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ ഇത്തരം പദങ്ങള്‍ ഒന്നും ഉപയോഗിക്കാതെതന്നെ വൃത്തനിബദ്ധതയും മന്ത്രശക്തിയുടെ പൂര്‍ണ്ണതയും ഗാംഭീര്യവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നത് വിസ്മയകരമാണ്. അതിവിശിഷ്ടമായ ലളിതാസഹസ്രനാമം ആബാലവൃദ്ധത്തിനും ഏതുകാലത്തും ജപിക്കാവുന്നതാണ്. അതേസമയം ശരീരശുദ്ധി, മനോശുദ്ധി എന്നിവ നിഷ്ഠയോടെ ജപസമയത്ത് പാലിക്കണം.
ആയുരാരോഗ്യസൗഖ്യം നേടാം
ലളിതാസഹസ്രനാമജപം പതിവാക്കിയാല്‍ ഐശ്വര്യം, കീര്‍ത്തി, ആപത്തുകളില്‍ നിന്നുള്ള രക്ഷ എന്നിവ കൈവരുന്നു. അമ്മ തന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം നല്കി പരിപാലിക്കുന്നതുപോലെ ദേവി, ലളിതാസഹസ്രനാമം നിത്യം ജപിക്കുന്നവനെയും കാത്തുരക്ഷിക്കുന്നു. തീര്‍ത്ഥസ്നാനം, വിവിധ ദാനങ്ങള്‍ എന്നീ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിച്ചതിന്റെ ഫലം ഈ നാമജപം കൊണ്ട് കൈവരുന്നു. ദോഷപരിഹാരാര്‍ത്ഥം നടത്താറുള്ള പ്രായശ്ചിത്തങ്ങള്‍ക്കു പകരമായി ലളിതാസഹസ്രനാമം നിത്യവും ജപിക്കാവുന്നതാണ്.
ആയുരാരോഗ്യസൗഖ്യം, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധാ ശമനം, തുടങ്ങിയവയും ഈ സ്തോത്ര ജപത്തിലൂടെ ലഭിക്കുന്നു. വെള്ളിയാഴ്ചകളില്‍ പതിവായി ലളിതാസഹസ്രനാമം ചൊല്ലുന്നത് സമ്പത്തും ഐശ്വര്യവും നേടാന്‍ ഉത്തമമാണ്. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമങ്ങള്ക്കു തുല്യമാണ് ഒരു ദേവീനാമം, ദേവിയുടെ ആയിരം സഹസ്രനാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ലളിതാസഹസ്രനാമം. എല്ലാ ദിവസവും ലളിതാസഹസ്രനാമം ജപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെള്ളിയാഴ്ച, പൗര്‍ണ്ണമി, ജന്മനക്ഷത്രദിവസം, നവമി, ചതുര്‍ദ്ദശി തിഥികള്‍, ഗ്രഹണം എന്നീ ദിവസങ്ങളില്‍ ജപിക്കാം. സകല ഗ്രഹപ്പിഴകളും മാറുന്നതിന് ഈ സ്തോത്രങ്ങള്‍ ശ്രേഷ്ഠമാണ്. ചന്ദ്രദശാകാലത്ത് തിങ്കളാഴ്ചകളിലും പൗര്ണ്ണമിതിഥിയിലും, ചൊവ്വാദശാകാലത്ത് ചൊവ്വാഴ്ചകളിലും, ശുക്രദശാകാലത്ത് വെള്ളിയാഴ്ചകളിലും ഇതു ജപിക്കുന്നതിന് ദോഷശാന്തിക്ക് ഏറെ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: