തൈത്തിരീയ ബ്രാഹ്മണം
ഈ ഒരു ബ്രാഹ്മണം മാത്രമേ കൃഷ്ണയജുര്വേദത്തിന്റെതായി ലഭിച്ചിട്ടുള്ളൂ. തൈത്തിരീയ ബ്രാഹ്മണം നാലു കാണ്ഡങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ രണ്ടു കാണ്ഡങ്ങളിലും എട്ട് പ്രപാഠകങ്ങള്‍ അഥവാ അദ്ധ്യായങ്ങള്‍ വീതം ഉണ്ട്. ആ നിലയ്ക്ക് ഋഗ്വേദീയ സംഹിതയെപ്പോലെ ഇവയേയും അഷ്ടകങ്ങളെന്നും പറഞ്ഞുവരാറുണ്ട്. മൂന്നാമത്തെ കാണ്ഡത്തില്‍ 12 അദ്ധ്യായങ്ങള്‍ കാണപ്പെടുന്നു. മറ്റു കാണ്ഡങ്ങളില്‍ നിന്ന് കൂടുതലായി ഇതില്‍ ഉള്‍പ്പെടുത്തപ്പെട്ട അദ്ധ്യായങ്ങളെ അനുവാകങ്ങള്‍ എന്നാണ് പറയാറുള്ളത്.
തൈത്തിരീയ ബ്രാഹ്മണത്തിലെ പ്രഥമകാണ്ഡത്തില് അഗ്ന്യാ ധാനം, ഗവാമയനം, വാജപേയം, സോമം, നക്ഷത്രേഷ്ടി, രാജസൂയം എന്നിവയുടെ വിധാനങ്ങള്‍ വിശദമായി വിസ്തരിച്ചിരിക്കുന്നു. ദ്വിതീയ കാണ്ഡത്തില്‍ അഗ്നിഹോത്രം, ഉപഹോമം, സൗത്രാമണീ, ബൃഹസ്പതിസവം, വൈശ്യസവം ഇത്യാദി നാനായജ്ഞങ്ങളുടെ ക്രിയാകലാപങ്ങള്‍ വിവരിച്ചിരിക്കുന്നു. ഓരോ അനുഷ്ഠാനക്രിയയോടും ഒപ്പം അതാതിടങ്ങളില്‍ പ്രയോഗിക്കേണ്ട ഋങ് മന്ത്രങ്ങളും സയുക്തികം നല്‍കിയിട്ടുണ്ട്. പല ദാര്‍ശനിക സൂക്തങ്ങളുടേയും ഉപയോഗം, ചിലയിടത്ത് കേവലം സാമാന്യമായ ചെറിയ ഹോമത്തിനുപോലും, നല്കിയിരിക്കുന്നതായി കാണപ്പെടുന്നുണ്ട്. ഉദാഹരണമായി നാസദീയ സൂക്തത്തിലെ മന്ത്രങ്ങള്‍ സാമാന്യമായ ഉപഹോമത്തില് വിനിയോഗിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കാം.
ഋക്സംഹിതയില്കൂടി ഉന്നീതമായിട്ടുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുന്നത് തൈത്തിരീയ ബ്രാഹ്മണത്തില്‍ കൂടിയാണ്. ഉദാഹരണത്തിന് ദ്യാവാപൃഥിവികളെ നിര്‍മ്മിച്ച വനത്തിന്റേയും വൃക്ഷത്തിന്റേയും പേരെന്തെന്ന് സംഹിതാപ്രശ്നത്തിന് ‘ബ്രഹ്മം തന്നെ’ എന്ന് ഉത്തരം നല്‍കിയിരിക്കുന്നത് ഈ ബ്രാഹ്മണത്തിലാണ്. യജ്ഞത്തിന് സര്‍വ്വാതിശായിയായ മഹത്ത്വം കല്പിച്ചിട്ടുള്ളതും ഈ ബ്രാഹ്മണത്തില്‍ തന്നെയാണ്. വേദം ഭൂമിയുടെ അന്തം (അന്തം വരെ വ്യാപിച്ചു നില്‍ക്കുന്നത്) ആണെന്നും ആ ഭൂമിയുടെ നാഭിയാണ് യജ്ഞവേദിയെന്നും തൈത്തിരീയ ബ്രാഹ്മണത്തില്‍ പ്രസ്താവിക്കുന്നു. മൂന്നാം കാണ്ഡം തുടക്കത്തില്‍ നക്ഷത്രഷ്ടിയെപ്പറ്റിയുള്ള വിസ്തൃത വിവരണമാണ്. തുടര്‍ന്ന് 4ാം പ്രപാഠകത്തില്‍ പുരുഷമേധത്തിന് യോജിച്ച മൃഗ ങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നു. (ഈ കാര്യം കൃഷ്ണയജുസ്സംഹിതയില് കാണാത്തതാണ്.) ഈ കാണ്ഡങ്ങളിലെ അവസാനത്തെ മൂന്നു പ്രപാഠകങ്ങളെ ‘കാഠകങ്ങള്’ എന്നാണു യജുര്‍വേദികള്‍ വിളിക്കാറുള്ളത്.
ഭരദ്വാജ മഹര്‍ഷി അസംഖ്യം വേദങ്ങളില്‍ നിന്ന് മൂന്നു മുഷ്ടികള്‍ സമ്പാദിച്ചെടുത്തെന്നും അവയാണ് ത്രയീവിദ്യകള് എന്നും, 11ാമത്തെ പ്രപാഠകത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് വേദത്തിന് ‘ത്രയീ’ എന്ന സംജ്ഞ ആവിര്‍ഭവിച്ചതെന്നും അഥര്‍വവേദം പില്‍ക്കാലത്തുണ്ടായതാണെന്നും ഈ കഥയെ അടിസ്ഥാനപ്പെടുത്തി അനുമാനിക്കപ്പെടുന്നു. തൈത്തിരീയ ബ്രാഹ്മണത്തില്‍ നചികേതസ്സിന്റെ അഗ്നിയെപ്പറ്റിയും അഗ്നിവിദ്യയെപ്പറ്റിയും ഉള്ള വിശിഷ്ടമായ വര്‍ണനയും ഉണ്ട്. ഈ ആഖ്യാനത്തിന്റെ വികസിതരൂപം കഠോപനിഷത്തില്‍ ദര്‍ശിക്കാവുന്നതാണ്.
ദ്വാദശ പ്രപാഠകത്തില്‍ ചാതുര്‍ഹോത്രം, വിശ്വസൃക് എന്നീ യാഗങ്ങളുടെ പ്രതീകപരമായ അര്‍ത്ഥങ്ങളും യാഗാനുഷ്ഠാനങ്ങള്ക്ക് ദക്ഷിണയായി പുരോഹിതന്മാര്ക്ക് ഗോക്കളെ നല്കുന്ന രീതിയെക്കുറിച്ചും അവതാരങ്ങളെപ്പറ്റിയും പറഞ്ഞിരിക്കുന്നു. പുരാണപ്രോക്തമായ അവതാരകഥകളുടെ ബീജം തൈത്തിരീയ ബ്രാഹ്മണത്തിന്റെ 12ാം പ്രപാഠകത്തില്‍ നിന്ന് ലഭിക്കുന്നതാണ്.
താണ്ഡ്യ ബ്രാഹ്മണം
സാമവേദത്തിന്റെ താണ്ഡ്യശാഖയുമായി ബന്ധപ്പെട്ട് 25 അദ്ധ്യായങ്ങളോടുകൂടിയതും ഒന്നുമുതല്‍ 1000 ദിവസംവരെ ദൈര്‍ഘ്യമു ള്ള മഹായാഗങ്ങളുടെ വിവരണങ്ങള്‍ നല്‍കുന്നതുമായ താണ്ഡ്യ ബ്രാഹ്മണത്തിന് ‘താണ്ഡ്യപഞ്ചവിംശ മഹാബ്രാഹ്മണം’ എന്നാണ് അന്വര്‍ത്ഥവും പ്രഖ്യാതവുമായ പേര്. യജ്ഞങ്ങളില്‍ സാമവേദി ‘ഉദ്ഗാതാവ്’ എന്ന ഋത്വിക്കിന്റെ അനുഷ്ഠാന വിശേഷങ്ങളെപ്പറ്റിയാണ് ഇതില്‍ മുഖ്യമായും വിവരിക്കുന്നത്. താണ്ഡ്യത്തിലെ രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍ ത്രിവൃത്, പഞ്ചദശം, സപ്തദശം തുടങ്ങിയ സ്തോമ (സാമസ്തുതി) ങ്ങളുടെ ‘വിഷ്ടുതി’കളെ (വിശേഷാല്‍ സ്തുതികളെ) പറ്റിയുള്ള വളരെ വിശദമായ വിവരണങ്ങള്‍ അടങ്ങിയിരിക്കുന്നു.
താണ്ഡ്യ ബ്രാഹ്മണത്തിന്റെ നാലാമദ്ധ്യായത്തില്‍ ‘ഗവാമയനം’ എന്ന ഒരുവര്‍ഷം നീളമുള്ളതും പ്രസിദ്ധമായതുമായ ഒരു യാഗത്തിന്റെ വിവരണമാണ് നല്‍കിയിരിക്കുന്നത്. ഇത് എല്ലാ സത്രങ്ങളുടേയും പ്രകൃതിയായി മാനിക്കപ്പെടുന്നു. തുടര്‍ന്ന് ജ്യോതിഷ്ടോമം, ഉക്ഥ്യം, അതിരാത്രം എന്നീ ഏകാഹമായ (ഒരു ദിവസം കൊണ്ടു സമാപിക്കുന്ന) യാഗവും അഹീനമെന്ന പേരില്‍ അറിയപ്പെടുന്ന ദീര്ഘയാഗങ്ങളും നടത്തുന്നതിനുള്ള സാമാന്യപ്രകൃതി വിവരിക്കുന്നു. തുടര്‍ന്ന് പ്രാതഃ സവനം, മാദ്ധ്യം ദിനസവനം എന്നിവ ചെയ്യുമ്പോള്‍ നടത്തുന്ന രഥന്തരം, ബൃഹത്, നൈധസം, കാലേയം എന്നീ സാമസ്തുതികളുടെ വിസ്തൃതമായ വര്‍ണ്ണനകളാണ്. അതോടൊപ്പം ദ്വാദശാഹയാഗങ്ങളിലും ഏകാഹയാഗങ്ങളിലും അഹീനയാഗങ്ങളിലും ചൊല്ലേണ്ട സാമതികളെപ്പറ്റിയും പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ സായംസേവനം, രാത്രിപൂജ എന്നിവയെപ്പറ്റി വിവരിച്ചിരിക്കുന്നതായും കാണാം.
അഹീനയാഗങ്ങളെപ്പറ്റി രണ്ട് അദ്ധ്യായങ്ങളില്‍ വിശദമായി ചര്‍ച്ചചെയ്തിരിക്കുന്നു. മൂന്നു വര്‍ണ്ണങ്ങളിലും പെട്ടവര്‍ ഈ യാഗം (അഹീനമെന്ന ഈ സോമയാഗം) ചെയ്യാന്‍ അധികാരികളാകുന്നു. ഓന്നോ ഒന്നില്‍ കൂടുതലോ യജമാനന്മാര് ഉണ്ടാവാം മറ്റു രീതികള്‍ അധികവും അതിരാത്രത്തിന്റേതാണ്. തുടര്‍ന്ന് ത്രയോദശാഹ (13 ദിവസത്തെ) സത്രം മുതല്‍ ഏകസഹസ്രസംവത്സരം കൊണ്ടു സമാപിക്കുന്ന ദീര്ഘസത്രങ്ങള് വരെ വിസ്തരിക്കപ്പെട്ടിരിക്കുന്നു. സത്രത്തിന് കുറഞ്ഞത് 17ഉം കൂടിയത് 24ഉം യജമാനന്മാരുണ്ടായിരിക്കും. ഇതിന് ദക്ഷിണ നല്‍കുക പതിവില്ല. 23 മുതല്‍ 25 വരെയുള്ള അദ്ധ്യായങ്ങളില്‍ സത്രങ്ങളെപ്പറ്റിയുള്ള വര്‍ണ്ണനയാണ്.
പൊതുവേ പറഞ്ഞാല്‍ സാമങ്ങളും സോമയാഗവിധികളുമാണ് താണ്ഡ്യമഹാബ്രാഹ്മണത്തിലെ പ്രധാന പ്രതിപാദ്യം. സാമങ്ങള്‍ ദ്രഷ്ടാക്കളായ ഋഷികളുടെ പേരില്‍ തന്നെയാണ് ഏറിയ കൂറും അറിയപ്പെടുന്നത്. ദ്യുതാന ഋഷി ദര്‍ശിച്ച സാമത്തിന് ദ്യൗതാന മെന്നും വൈഖാനസ ഋഷികളാല്‍ ദൃഷ്ടമായതിന് വൈഖാനസമെന്നും ശാര്‍ക്കര ഋഷിയാല്‍ ദൃഷ്ടമായതിന് ശാര്ക്കരമെന്നുമെല്ലാം പേര് പറയുന്നു.
സാമസ്തുതികളുടെ മഹത്ത്വം പ്രകടമാക്കുന്നതിന് സരസമായ കഥാഖ്യാനങ്ങളും താണ്ഡ്യബ്രാഹ്മണത്തില്‍ ചിലയിടത്ത് ചേര്‍ത്തിട്ടുണ്ട്. ഉദാഹരണത്തിന് വാത്സ്യസാമത്തിന്റെ കഥ പരിശോധിക്കാം. ഒരിക്കല്‍ കണ്വശിഷ്യരായ വത്സനും മേധാതിഥിയും തമ്മില്‍ ഒരു വാക്കുതര്‍ക്കുമുണ്ടാവുകയും വത്സനെ ശൂദ്രാപുത്രനെന്നും അബ്രാഹ്മണനെന്നും വിളിച്ച് മേധാതിഥി അധിക്ഷേപിക്കുകയും ചെയ്തു. വത്സന്റെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുവേണ്ടി വാത്സ്യസാമം ചൊല്ലി സ്തുതിച്ചുകൊണ്ട് വത്സനും മൈധാതിഥ്യസാമം ചൊല്ലി സ്തുതിച്ചുകൊണ്ട് മേധിതിഥിയും അഗ്നിയുടെ അടുത്തുചെന്നു പ്രാര്‍ത്ഥിച്ചു. വത്സന് പ്രാര്‍ത്ഥിക്കുക മാത്രമല്ല അഗ്നിയിലേക്കു പ്രവേശിക്കുകതന്നെ ചെയ്തു. എന്നാല്‍ അഗ്നി അദ്ദേഹത്തിന്റെ രോമം പോലും ദഹിപ്പിച്ചില്ല. (തസ്യ ലോമ ച നൗഷാത്) അന്നുമുതല്‍ വാത്സ്യസാമം എല്ലാ ആഗ്രഹങ്ങള്‍ക്കും പൂര്‍ത്തീകരണം വരുത്തു
ന്നതാണെന്നും വത്സന് പരമപരിശുദ്ധനാണെന്നും ഉള്ള കീര്‍ത്തി എല്ലായിടത്തും വ്യാപിച്ചു. വാത്സ്യസാമത്തിന് കാമസനി പേരും ഉണ്ടായി. അതുപോലെ ‘വീങ്കം’ എന്ന സാമം കൊണ്ട് ച്യവനന് തന്റെ യൗവനം വീണ്ടെടുക്കാന്‍ സാധിച്ചു എന്ന ഉപാഖ്യാനവും താണ്ഡ്യ ബ്രാഹ്മണത്തില്‍ പറയപ്പെട്ടിട്ടുണ്ട്.
ബ്രഹ്മവാദികള്‍ തമ്മില്‍ യജ്ഞവിഷയസംബന്ധമായി നടത്തുന്ന ഖണ്ഡനമണ്ഡനാത്മകമായ വിവാദങ്ങള്‍ താണ്ഡ്യബ്രാഹ്മണത്തിന്റെ ഒരു സവിശേഷതയാണ്. ഉദാഹരണത്തിന് വ്രാത്യയജ്ഞത്തില് അഗ്നിഷ്ടോമ സാമം ആലപിക്കേണ്ടത് ഏതു മന്ത്രം പ്രയോഗിക്കുമ്പോഴാണ് എന്നതിനെപ്പറ്റി ഒരു വിവാദം ഉണ്ടായി പല ഋഷികളുടേയും അഭിപ്രായം പൂര്‍വപക്ഷമായി ഉന്നയിക്കുന്നതും പിന്നീട് സ്വമതം (താണ്ഡ്യകര്ത്താവിന്റെ മതം) ഉന്നയിച്ച് സമര്‍ത്ഥിക്കുന്നതും കാണാം. വ്രാത്യയജ്ഞത്തെപ്പറ്റിയുള്ള വിവരണം ഈ ബ്രാഹ്മണത്തിന്റെ ഒരു പ്രത്യേകതയാണ്. വ്രാത്യന്മാരുടെ വേഷഭൂഷാദികളും ആചാരങ്ങളും താണ്ഡ്യ ബ്രാഹ്മണത്തില്‍ പരാമൃഷ്ടമായിട്ടുണ്ട്. അന്യദേശത്തു ചെന്ന് പാര്‍ക്കുക വഴി ആര്യന്മാരില് നിന്ന് ബഹിഷ്കൃതരാക്കപ്പെട്ട സമൂഹമാണ് വ്രാത്യന്മാര്. അവരുടെ പാതിത്യം ഇല്ലാതാക്കുന്നതിനായിട്ടാണ് യജ്ഞവിധാനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാലുതരം വ്രാത്യവിഭാഗങ്ങളെ പറ്റി സായണാചാര്യര്‍ പരാമര്‍ശിക്കുന്നുണ്ട്.
ഭൗഗോളികമായ ചില അറിവുകളും താണ്ഡ്യ ബ്രാഹ്മണം നമുക്ക് നല്‍കുന്നുണ്ട്. കുരുക്ഷേത്രം മുതല്‍ നൈമിഷാരണ്യം വരെയുള്ള പ്രദേശം യജ്ഞഭൂമിയെന്ന നിലയില്‍ പ്രഖ്യാതമായിരുന്നു. രോഹിത നദീതടത്തെപ്പറ്റിയും പ്രസ്താവം ഉണ്ട്. ആ പ്രദേശത്ത് (യാമുന പ്രദേശത്ത്) നിവസിക്കുന്നവരെ, കര്‍ണ്ണനും നകുലനും മറ്റും യുദ്ധത്തില്‍ ജയിച്ചിരുന്നതായും പറയുന്നു. വിനശനം, പ്ലക്ഷ പ്രാസ്രവണം (സരസ്വതീനദി പുനരുദ്ഗമിച്ച സ്ഥലം), കാരപചവം (യമുനാപ്രവാഹത്തിന്റെ പ്രദേശം) തുടങ്ങിയ സ്ഥലങ്ങളേപ്പറ്റിയും താണ്ഡ്യത്തില് പ്രസ്താവമുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: