ഈറോഡ് (തമിഴ്നാട്): ഇരുപത്തിരണ്ടു കൊല്ലമായി വടമുഖം വെള്ളോടിന് ചുറ്റുമുള്ള ഏഴ് ഗ്രാമങ്ങള്‍ ദീപാവലി കൊണ്ടാടുന്നത് പടക്കങ്ങള്‍ പൊട്ടിക്കാതെയാണ്. ഇക്കുറിയും അങ്ങനെതന്നെയായിരുന്നു.
വിളക്ക് തെളിക്കും. പൂത്തിരികള്‍ കത്തിക്കും. ഉല്ലാസത്തിനും ആഘോഷത്തിനും കുറവില്ല. എന്നാല്‍ പടക്കങ്ങളില്ല. ശബ്ദങ്ങള്‍ ഉണ്ടാക്കാറില്ല. പരിസ്ഥിതിയെ സംരക്ഷിക്കാനും വടമുഖം പക്ഷിസങ്കേതത്തിലെ പക്ഷികള്‍ക്ക് അലോസരമുണ്ടാകാതിരിക്കാനും ഗ്രാമവാസികള്‍ സ്വയമെടുത്ത തീരുമാനമാണിത്. പക്ഷിസങ്കേതത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് പക്ഷികള്‍ക്ക് വേണ്ടി ‘നിശബ്ദ’ ദീപാവലി കൊണ്ടാടുന്നത്.
ഒക്ടോബറിനും ജനുവരിക്കുമിടയിലുള്ള കാലം ആയിരക്കണക്കിന് ദേശാടനപ്പക്ഷികളാണ് ഇവിടെയെത്തി മുട്ടയിടാനും വിരിയിക്കാനുമായി തങ്ങുന്നത്. പക്ഷിസങ്കേതത്തിന് ചുറ്റുമുള്ള തൊള്ളായിരത്തിലധികം കുടുംബങ്ങള്‍ ഈ പക്ഷികളെ സംരക്ഷിക്കാനും പടക്കം പൊട്ടിച്ച് ഭയപ്പെടുത്താതിരിക്കാനും സ്വയം തീരുമാനിക്കുകയായിരുന്നു. ദീപാവലി എല്ലാവരെയും പോലെ ഞങ്ങള്‍ക്കും ആഘോഷമാണ്. പടക്കം മാത്രമേ ഇല്ലാതുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് പുതുവസ്ത്രങ്ങളെടുക്കും. എല്ലായിടത്തും വിളക്കുകള്‍ തെളിക്കും, പ്രദേശവാസികള്‍ പറഞ്ഞു.
സെല്ലപ്പംപാളയം, വടമുഖം വെള്ളോട്, സെമ്മണ്ടംപാളയം, കരുക്കന്കാട്ട്, വലസു, പുംഗംപാടി തുടങ്ങി ഏഴ് ഗ്രാമങ്ങളാണ് കിളികളും കുടുംബക്കാര് എന്ന് ഇങ്ങനെ പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: