കൊല്‍ക്കൊത്ത: അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്ശന് ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വെറുമൊരു ജില്ലാ നേതാവായി തരംതാഴ്ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പാര്‍ലെന്റ് എത്തിക്സ് കമ്മിറ്റി എംപി സ്ഥാനത്ത് നിന്നും മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുമെല്ലാം മൗനം പാലിച്ച മമതയാണ് ഇപ്പോള്‍ തന്റെ പ്രവൃത്തിയിലൂടെ വ്യക്തമായ സന്ദേശം നല്‍കിയിരിക്കുന്നത്. മഹുവ മൊയ്ത്രയ്ക്ക് മാത്രമല്ല, തൃണമൂലിലെ മറ്റ് നേതാക്കള്‍ക്കും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ നീക്കത്തിലൂടെ വ്യക്തമായ സന്ദേശമാണ് മമത ബാനര്‍ജി നല്‍കിയിരിക്കുന്നത്.
ബംഗാളിലെ നദിയ നോര്‍ത്തിലെ കൃഷ്ണനഗര്‍ ജില്ലയുടെ തൃണമൂല്‍ നേതാവ് എന്ന നിലയിലേക്കാണ് മഹുവ മൊയ്ത്രയെ തരംതാഴ്ത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിറഞ്ഞുനിന്നിരുന്ന മഹുവ മൊയ്ത്രയുടെ ദേശീയ രാഷ്ട്രീയ സ്വപ്നങ്ങളാണ് ഇതിലൂടെ തകര്ന്നുടഞ്ഞത്. അദാനിയ്ക്കെതിരെ ചോദ്യം ചോദിക്കുന്നതിലൂടെ പരോക്ഷമായി പ്രധാനമന്ത്രി മോദിയെക്കൂടി ലക്ഷ്യമാക്കുക വഴി അതിവേഗം ദേശീയ പ്രശസ്തിനേടുക എന്ന മഹുവ മൊയ്ത്രയുടെ കുറുക്കുവഴി രാഷ്ട്രീയമാണ് മമത വെട്ടിയത്. വെറുമൊരു ജില്ലയുടെ നേതാവായി ഒതുക്കുക വഴി മഹുവ മൊയ്ത്രയ്ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വ്യക്തമായ സന്ദേശമാണ് മമത ബാനര്‍ജി നല്‍കുന്നത്. മാത്രമല്ല, വൈകാതെ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും നീക്കം ചെയ്തേക്കുമെന്ന സൂചനയുമാണ് ഇതിലൂടെ പുറത്ത് വരുന്നത്. മഹുവ മൊയ്ത്രയെ ബിജെപി എംപി നിഷികാന്ത് ദുബെയും മാധ്യമങ്ങളും വിചാരണ ചെയ്യുമ്പോള്‍ അര്‍ത്ഥ ഗര്ഭമായ മൗനം പാലിക്കുന്നതിലൂടെ മഹുവയ്ക്കൊപ്പമില്ലെന്ന സന്ദേശം തന്നെയാണ് മമത നല്‍കിയത്. മമതയും മോദിയും തമ്മിലുള്ള അദൃശ്യമായ ഗാഢസൗഹൃദവും കൂടിയാണ് ഇതിലൂടെ വെളിവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: