തൊടുപുഴ: നഗരവും പരിസരവും ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഇഷ്ടകേന്ദ്രമായി മാറുന്നുവെന്ന് കണക്കുകള്‍ പറയുന്നു. തൊടുപുഴ സ്റ്റേഷന് പരിധിയില്‍ മാത്രം ഒന്നര മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്.
ഓണ്‍ലൈനായും അല്ലാതെയുമുള്ള തട്ടിപ്പുകള്‍ക്ക് തൊടുപുഴക്കാര്‍ വിധേയരാകുന്നുണ്ട്. ആളുകളുടെ അശ്രദ്ധയും അറിവില്ലായ്മയും മുതലെടുത്താണ് തട്ടിപ്പുകള്‍ നടക്കുന്നത്. വിദ്യാസമ്പന്നരായവര്‍ ഉള്‍പ്പെടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് വലിയ തട്ടിപ്പുകാരെ പോലീസ് പിടികൂടിയിട്ടുണ്ട്.
എന്നാല്‍ അതിലും ഏറെപ്പേര്‍ കാണാമറയത്താണ്. എസ്എംഎസ്, ടെലിഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. 10 ലക്ഷം നഷ്ടപ്പെട്ട പെരിമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരന് ആദ്യം എസ്എംഎസാണ് വന്നത്. ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത പ്പോള്‍ വായ്പ വാഗ്ദാനം ചെയ്ത് ഒരു കൂട്ടര് തിരിച്ചു വിളിച്ചു. തുടര്‍ന്ന് യോനോ ആപ്പിന്റെ ഒടിപി. മൂന്ന് വട്ടം പറഞ്ഞുകൊടുത്ത് തട്ടിപ്പുകാരുടെ പണി ഇദ്ദേഹം സുഗമമാക്കി.
തട്ടിപ്പ് നടത്തിയ ബീഹാര്‍ സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോലാനി മേഖലയില്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പുമുണ്ട്. ജോലി വാഗ്ദാനം നല്‍കിയും നിരവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്രാമസേവ കേന്ദ്ര എന്ന പേരില്‍ തട്ടിപ്പ് കമ്പനിയുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് നാല്പ്പതില് അധികം സ്ത്രീകളെയാണ് ഒരു വിരുതന് പറ്റിച്ചത്. ഇയാള്‍ അറസ്റ്റിലായിരുന്നു.
ഫേസ്ബുക്കില്‍ സൗഹൃദത്തിലായും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിദേശത്തെ കോടിശ്വരനാണെന്ന പേരിലാണ് തൊടുപുഴക്കാരിയായ വീട്ടമ്മയ്ക്ക് സൗഹൃദാഭ്യര്‍ത്ഥന വന്നത്. ഏറെ നാള് ഒരു പ്രശ്നവുമില്ലാതെ ചാറ്റ് ചെയ്തു. ഇതിനിടെ ചില പ്രശ്നങ്ങള്‍ കാരണം അക്കൗണ്ട് ബ്ലോക്കായെന്നും കുറച്ച് തുക വേണമെന്നും ഇരട്ടിയായി തിരിച്ചു നല്‍കാമെന്നും കോടീശ്വരന് വീട്ടമ്മയ്ക്ക് സന്ദേശം അയച്ചു. ഒരു ലക്ഷം രൂപയോളം കൊടുത്തു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടുംതുക ആവശ്യപ്പെട്ടു. അതും നല്കി. വീണ്ടും കുറച്ചേറെ തുക ആവശ്യപ്പെട്ടു. അതും കൊടുത്തതോടെ പിന്നെ പൊടിപോലും ഉണ്ടായില്ല. ഇത്തരം ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൊടുപുഴയ്ക്കടുത്തുള്ള ഒരു യുവാവിന് ടെലഗ്രാമില്‍ ഒരു മെസേജ് വരുന്നു. പണം കിട്ടുന്ന ഒരു ഗെയിമെന്ന രീതിയിലാണ് പരിചയപ്പെടുത്തിയത്. ഒമ്പത് ടാസ്കുകള് നല്‍കും. ഇതിനായി ആദ്യം 500 രൂപ നല്‍കണം. ഇതില്‍ ജയിച്ചാല്‍ കൂടുതല്‍ തുക ലഭിക്കും. അങ്ങിനെ ഏഴ് ടാസ്കുകള് കഴിഞ്ഞപ്പോള്‍ കുറച്ചധികം തുക യുവാവിന്റെ അക്കൗണ്ടില്‍ എത്തി. അടുത്ത ടാസ്കില് അഞ്ച് ലക്ഷമാണ് അവര്‍ ആവശ്യപ്പെട്ടത്. പണം യുവാവ് നല്കി. അടുത്ത ടാസ്കില് വിജയിച്ചെങ്കിലും പണം പിന്നെ തിരിച്ചു കിട്ടിയില്ല. അന്വേഷണത്തില്‍ ഝാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്, മുര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
സൗഹൃദത്തിന്റെ പേരില്‍ വിലകൂടിയ ഐഫോണും ആഭരണം വിദേശത്ത് നിന്ന് അയച്ചിട്ടുണ്ടെന്ന് പറഞ്ഞും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇവിടെയും ഒരു യുവതിയാണ് കബളിപ്പിക്കപ്പെട്ടത്. സാങ്കേതിക കാരണങ്ങളാല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കുറച്ച് പണം ഇന്ന അക്കൗണ്ടിലേക്ക് അയച്ചാല്‍ വിട്ടുകിട്ടുമെന്നും അറിയിച്ചു. സമ്മാനങ്ങളുടെ ഫോട്ടോയും അയച്ചു. പണം അടച്ചെങ്കിലും സമ്മാനം കിട്ടിയില്ല. ലക്ഷക്കണക്കിന് രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്.
ചികിത്സാ സഹായത്തിന്റെ പേരില്‍ ഒരു പാസ്റ്ററിനെ കബളിപ്പിച്ച് പണം വാങ്ങിയ കേസും തൊടുപുഴയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഒരു സുഹൃത്തിന്റെ വ്യാജ ഐഡിയുണ്ടാക്കിയ ശേഷം കുട്ടി ആശുപത്രിയിലാണെന്നും പണം തന്ന് സഹായിക്കണമെന്നും പാസ്റ്ററിന് സന്ദേശമയച്ചു. പാസ്റ്റര്‍ ആദ്യം പണം അയച്ചും. രണ്ടാമതും പണം ചോദിച്ചപ്പോള്‍ സംശയം തോന്നിയ പാസ്റ്റര്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലാകുന്നത്.
ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണ് മാനഭയത്തില്‍ പരാതി നല്‍കാതെ പലരും മറച്ചുവച്ചിരിക്കുന്നത്. ഏറെ ശ്രദ്ധയോട് കൂടി മാത്രം പണം ഇടപാടുകള്‍ നടത്തുകയാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം. ഇത്തരത്തില്‍ വരുന്ന ഒരു ഫോണ്‍ കോളുകള്‍ക്കും പ്രതികരിക്കാനും നില്‍ക്കരുതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: