Categories: Kerala

തരംഗമായി എസ്ജീസ് കോഫി ടൈം: വികസനത്തിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത ഭാരം കുറക്കില്ലെന്ന് സുരേഷ് ഗോപി

Published by

തൃശൂര്‍: ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം തൃശൂര്‍ നടുവിലാലില്‍ നടന്ന എസ്ജീസ് കോഫി ടൈം എന്ന പരിപാടിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലടക്കം തരംഗമായിരിക്കുന്നത്.

തൃശൂരിലെ ജനങ്ങള്‍ സുരേഷ്‌ഗോപിയെ ഏറ്റെടുത്തിട്ട് കാലമേറെയായെങ്കിലും നെഞ്ചേറ്റുകയാണെന്നാണ് ജനങ്ങളുടെ തന്നെ അഭിപ്രായം. നേരത്തെതന്നെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. അവര്‍ക്കൊപ്പമായിരുന്നു ഇന്നലെ എസ്ജീസ് കോഫി ടൈം പരിപാടിയില്‍ സുരേഷ്‌ഗോപി എത്തിയത്.

നഗരത്തിരക്കില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓട്ടോഡ്രൈവര്‍മാര്‍ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക്, റോഡുകളുടെ വീതിക്കുറവും ശോചനീയാവസ്ഥയും, പുഴക്കല്‍ റോഡിലെ കുരുക്ക് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഡ്രൈവര്‍മാര്‍ അവതരിപ്പിച്ചത്.

നഗരവികസനം 25- 50 കൊല്ലം മുന്നില്‍ക്കണ്ടാകണം, വികസനത്തിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത ഭാരം കുറക്കുക എന്നതാവണമെന്ന് മുന്‍ എം.പി സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ റോഡുകളുടെ വികസനവും ഡ്രെയിനേജും സംബന്ധിച്ച് മേയറുമായി ചര്‍ച്ച നടത്തിയിരുന്നു. അവസരം ലഭിച്ചാല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അക്കാര്യം പരിഗണിക്കും.
മണ്ണുത്തി ചൂണ്ടല്‍ എലിവേറ്റഡ് പാത തന്റെ സ്വപ്‌ന പദ്ധതിയാണ്. നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ ഇത് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂര്‍ – തൃശൂര്‍ പാതയില്‍ അത്യാഹിത വിഭാഗമുള്ള സര്‍ക്കാര്‍ ആശുപത്രികളില്ലാത്തത് മൂലം നിരവധി ജീവനുകള്‍ റോഡപകടങ്ങളില്‍ പൊലിയുന്ന കാര്യം ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടി.

അവിണിശേരിയില്‍ ആശുപത്രിക്ക് എം.പി.ഫണ്ടില്‍ നിന്ന് 50 ലക്ഷം അനുവദിച്ച കാര്യം സുരേഷ് ഗോപി പറഞ്ഞു. അവിടെ തറക്കല്ലിട്ടത് അതേപടി നില്‍ക്കുകയാണ്. ഇപ്പോള്‍ തുക പോര എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ എം.പിയല്ലാത്ത താന്‍ ഇനി എവിടുന്ന് പണം കൊടുക്കും. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ അറിയാനാണ് ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ രാഷ്‌ട്രീയമില്ല. വികസനവും പ്രശ്‌നങ്ങളും മാത്രമാണ് ചര്‍ച്ചയെന്നും സുരേഷ് ഗോപി പറഞ്ഞു.

ജില്ലയിലെ പരമാവധി കേന്ദ്രങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍, മണ്ഡലം പ്രസിഡണ്ടുമാരായ രഘുനാഥ് സി.മേനോന്‍, വിപിന്‍കുമാര്‍ ഐനിക്കുന്നത്ത് തുടങ്ങിയവരും പങ്കെടുത്തു.

ഇന്നും തൃശ്ശൂരില്‍ അമ്മാടം, ചേര്‍പ്പ് മണ്ഡലങ്ങളില്‍ എസ്ജീസ് കോഫി ടൈം തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by