കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും അനുസ്മരണസഭകള്‍. സാംസ്കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പാണ്ഡിത്യത്തിന്റെ പരമോന്നതിയിലും സര്‍വസാധാരണക്കാരോടൊപ്പം ജീവിച്ച അസാധാരണനായിരുന്നു ആര്. ഹരിയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്. മുകുന്ദ പറഞ്ഞു.
കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച, ശ്രദ്ധാഞ്ജലി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയേട്ടന് അറിവിനെ ലളിതമായി പകര്‍ന്നു. ആത്മീയ പ്രേമത്തിലൂടെ മനസുകള്‍ കീഴടക്കി. ശാഖയിലുടെ ലഭിച്ച സ്വയംസേവകത്വം സമാജപരിവര്‍ത്തനത്തിന് ഉപയോഗിച്ചു. തികഞ്ഞ സാധകനും മികച്ച സംഘാടകനുമായി, മുകുന്ദ പറഞ്ഞു
ഇരുപത് രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മാര്‍ഗ്ഗ ദര്ശിയായി. ഭൗതികദേഹം ജാതിരഹിത ശ്മശാനത്തില്‍ സംസ്കരിക്കണമെന്ന ആഗ്രഹം അദ്ദേഹം ആര്‍ജ്ജിച്ച സ്വയംസേവകത്വത്തിന്റെ ലക്ഷണമായിരുന്നു. ചെയ്യേണ്ടതെല്ലാം ചെയ്ത് തീര്‍ത്തെങ്കിലും കാര്യപൂര്ത്തിക്കായി സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും മടങ്ങിവരണമെന്ന ആഗ്രഹം ലക്ഷ്യപൂര്‍ത്തീകരണത്തിന് നമ്മോടുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്. മഹിപാല്‍ അധ്യക്ഷനായി. സ്വാമി ജിതാത്മാനന്ദ (ചിന്മയാ മിഷന്), ആചാര്യശ്രീ എം.ആര്. രാജേഷ് (കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്), മുതിര്‍ന്ന പത്രപ്രവര്ത്തകന് പി. ബാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്, വിഭാഗ് കാര്യവാഹ് സി. ഗംഗാധരന്, എന്നിവര്‍ സംസാരിച്ചു. ആര്.ഹരി അവസാനമായെഴുതിയ മലയാള പുസ്തകം പരമഹംസധ്വനികള്‍ സി.ആര്. മുകുന്ദ, സ്വാമി ജിതാത്മാനന്ദയ്ക്ക് നല്കി പ്രകാശനം ചെയ്തു, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പുസത്ക പരിചയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: