കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സിലബസ് തയാറാക്കുന്നതിന്റെ ഭാഗമായുള്ള ശില്പശാലകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉച്ചയ്‌ക്ക് രണ്ടിന് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാലകളില്‍ ബിരുദ പ്രോഗ്രാമുകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍മാര്‍, അധ്യാപക പ്രതിനിധികള്‍, വിഷയമേഖലകളുമായി ബന്ധപ്പെട്ട പുറത്തുനിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്പശാലകള്‍ക്കു ശേഷം എല്ലാ വിഷയങ്ങളുടെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഡിസംബര്‍ 15ന് മുന്‍പ് സിലബസിന്റെ കരട് സര്‍വകലാശാലയ്‌ക്ക് സമര്‍പ്പിക്കും. ഓരോ പ്രോഗ്രാമിനും വേണ്ടി സര്‍വകലാശാല രൂപീകരിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി കരട് സിലബസ് വിശദപരിശോധന നടത്തും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെ പുറത്തുനിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും കമ്മിറ്റി പരിഗണിക്കും. സിലബസിന്റെ കരടില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയശേഷമായിരിക്കും അന്തിമ അംഗീകാരം നല്കുക.
അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ബിരുദത്തിന് നാലു വര്‍ഷ പ്രോഗ്രാമുകള്‍ മാത്രമാണ് ഉണ്ടാവുകയെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. സിലബസിലും കോഴ്സിന്റെയും പരീക്ഷയുടെയും നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റ് നല്കല്‍ തുടങ്ങിയവയിലും നിലവിലുള്ള ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടാകും നാലു വര്‍ഷ പ്രോഗ്രാമുകള്‍ നടത്തുക. അടുത്ത വര്‍ഷം ജനുവരിയോടെ സിലബസ് ഉള്‍പ്പടെയുള്ള ക്രമീകരണങ്ങളുടെ അടിസ്ഥാന ചട്ടക്കൂട് പൂര്‍ത്തിയാക്കി ഏപ്രിലില്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
ഒരു പ്രോഗ്രാമില്‍ ചേരുന്ന വിദ്യാര്‍ഥിക്ക് പഠനം തുടരുന്നതിനിടെ താത്പര്യമനുസരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി പ്രോഗ്രാമും കോളജും സര്‍വകലാശാലയും മാറാന്‍ സാധിക്കും. ഈ മാറ്റം സുഗമമാക്കുന്നതിന് രണ്ടാം വര്‍ഷം പത്തു ശതമാനം അധിക സീറ്റുകള്‍ ഏര്‍പ്പെടുത്തും. ഏഴാമത്തെ സെമസ്റ്ററില്‍ നിശ്ചിത ക്രെഡിറ്റ് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണേഴ്സ് ബിരുദത്തോടെ പഠനം അവസാനിപ്പിക്കാനും സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: