തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ എന്‍എസ്എസിന്റെ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചു. കേസ് എഴുതിത്തള്ളിയ പോലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. നാമജപയാത്രയ്ക്ക് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ ആഗസ്ത് രണ്ടിനാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപം സംഘടിപ്പിച്ചത്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.
അനുമതിയിലാതെ പരിപാടി നടത്തി, ഗതാഗതതടസം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു.
കേസ് പിന്‍വലിക്കാനാകില്ലെന്ന നിലപാടാണ് ആദ്യം പോലീസ് സ്വീകരിച്ചത്. എന്നാല്‍ പുതുപ്പള്ളി ഉപതെരരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കേസ് പിന്‍വലിക്കാനാകുമോ എന്ന് നിയമോപദേശം തേടി. മതസ്പര്‍ധ ഉണ്ടാക്കുന്ന യാത്രയല്ലെന്നും അക്രമങ്ങളൊന്നും ഉണ്ടായില്ലെന്നും അതിനാല്‍ കേസ് പിന്‍വലിക്കാമെന്നും നിയമോപദേശം ലഭിച്ചു.
തുടര്‍ന്നാണ് കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത എന്‍എസ്എസ്, ശബരിമല വിവാദത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരായ കേസും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: