യജ്ഞകര്‍മ്മലക്ഷ്യങ്ങള്‍
യജ്ഞവിധാനങ്ങളുടെ വൈജ്ഞാനികവും ആധിഭൗതികവും ആദ്ധ്യാത്മികവുമായ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയുള്ള വിശദീകരണവും പരിചിന്തനവുമാണ് ബ്രാഹ്മണങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. കൂടെത്തന്നെ യജ്ഞങ്ങളില്‍ വിനിയോഗിക്കുന്ന മന്ത്രങ്ങളും അവയുടെ ഹേതുവും യുക്തികളും നല്കിയിരിക്കുന്നു. യജ്ഞ കര്‍മ്മത്തിനനുകൂലമായി അര്‍ത്ഥവാദങ്ങളും നിരുക്തികളും ആഖ്യാനങ്ങളും നല്കാനും ബ്രാഹ്മണങ്ങളുടെ കര്‍ത്താക്കന്മാര്‍ ശ്രദ്ധിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ഇതിനെല്ലാം വേണ്ടി ബ്രാഹ്മണങ്ങളുടെ അവാന്തരഭാഗങ്ങളായി അനുബ്രാഹ്മണങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. പ്രജാപതിയുടേയും വിഷ്ണുവിന്റേയും ആദിത്യന്റേയും പ്രതീകമെന്ന നിലയിലും സമസ്ത പാപങ്ങളുടേയും നിവാരകമെന്ന നിലയിലും ഇഹലോകത്തിലെ സര്‍വ്വശ്രേഷ്ഠമായ അനുഷ്ഠാനമെന്ന നിലയിലും എല്ലാം സാര്‍വ്വജനീനമായ ആദരവും പ്രശസ്തിയും നേടിയിരുന്ന യജ്ഞങ്ങളുടെ വിവിധ വിധാനങ്ങളില്‍ അക്കാലത്തെ ജനങ്ങള്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തിയിരുന്നു. അഗ്‌നി സ്ഥാപിക്കേണ്ടത് എവിടെ, എപ്പോള്‍ സോമനും പ്രജാപതിക്കും അഗ്‌നിക്കും വേണ്ടിയുള്ള ആജ്യാഹുതികള്‍ അഗ്‌നികുണ്ഡത്തിന്റെ ഏതേതു ഭാഗത്ത് പതിക്കണം, ദര്‍ഭയുടെ അഗ്രഭാഗം കിഴക്കോട്ടും വടക്കോട്ടും വെയ്‌ക്കേണ്ടതെപ്പോഴെല്ലാം, ഏതെങ്കിലും ഒന്നു പിഴച്ചു പോയാല്‍ ചെയ്യേണ്ട പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ എന്തെല്ലാം എന്നു തുടങ്ങി യജ്ഞങ്ങള്‍ അഥവാ യാഗങ്ങള്‍ സര്‍വ്വഥാ കുറ്റമറ്റതാക്കാന്‍ വേണ്ട കാര്യങ്ങള്‍ ബ്രാഹ്മണങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു വായിച്ചാല്‍ ഇന്നത്തെ ജനങ്ങള്‍ക്ക് അദ്ഭുതം ഉണ്ടാകാതിരിക്കില്ല.
അയ്യായിരം സംവത്സരങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഭാരതീയരുടെ ധര്‍മ്മാചാരങ്ങളുടേയും വിശ്വാസങ്ങളുടേയും ഏകദേശരൂപംഅറിയുന്നതിന് ബ്രാഹ്മണഗ്രന്ഥങ്ങള്‍ വായിക്കേണ്ടത് അത്യന്തം ആവശ്യമാണെന്നു പറയാതിരിക്കാന്‍ ആവില്ല. തന്നെയല്ല, വേദസംസ്‌കാരത്തെ വളര്‍ത്തി വികസിപ്പിച്ചുവന്ന ഭാരതീയര്‍ (അഥവാ ആര്യന്മാര്‍) പുരാതനകാലത്ത് മുഖ്യമായി ഭാരതത്തിന്റെ ഏതു ഭാഗത്താണ് പാര്‍പ്പുറപ്പിച്ചിരുന്നത്, അവര്‍ അവിടെനിന്നും ഏതു ഭാഗത്തേക്കെല്ലാമാണ് വികസിച്ചിരുന്നത് എന്നു മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥങ്ങള്‍ ഏറെ സഹായകമാണ്. ബ്രാഹ്മണങ്ങളിലെ വിവരണങ്ങള്‍ പരിശോധിച്ചാല്‍ പുരാതനമായ കുരു പാഞ്ചാല പ്രദേശം അഥവാ ബ്രഹ്മാവര്‍ത്തം ആണ് സാരസ്വത പ്രദേശമെന്നും ആ പ്രദേശം ദൃഷദ്വതീ, സരസ്വതീ എന്നീ നദികളുടെ മദ്ധ്യത്തിലാണ് വര്‍ത്തിച്ചിരുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. അവിടമായിരുന്നു പുരാതന ആര്യന്മാരുടെ നിവാസഭൂമി, ഓരോ വേദത്തിനും അനുബന്ധമായി വിവിധ യാഗങ്ങളെ പുരസ്‌കരിച്ചുള്ളവയും ഒരേ യാഗത്തിന്റെ വിവിധ വശങ്ങളേയും ഋത്വിക്കുകളേയും സംബന്ധിച്ചുള്ളവയുമായി എത്ര ബ്രാഹ്മണങ്ങളും അനുബ്രാഹ്മണങ്ങളും പണ്ട് ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറയുക സാദ്ധ്യമല്ലാതായിരിക്കുന്നു. ഇന്ന് ഗ്രന്ഥരൂപത്തില്‍ ഉപലബ്ധങ്ങളായ പതിനാല് ബ്രാഹ്മണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി. ഏതാനും ചില കാര്യങ്ങള്‍ പ്രസ്താവിക്കാനേ ഇവിടെ ഉദ്യമിക്കുന്നുള്ളൂ.
ഐതരേയ ബ്രാഹ്മണം
ഇതിന്റെ കര്‍ത്താവ് മഹിദാസ ഐതരേയന്‍ എന്ന ആചാര്യനായിരുന്നു, എന്നാണ് കരുതപ്പെടുന്നത്. ഐതരേയ ബ്രാഹ്മണത്തില്‍ എട്ടു പഞ്ചികകളിലും നാല്പത് അദ്ധ്യായങ്ങളിലുമായി 285 കണ്ഡികകള്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഋഗ്വേദവുമായി ബന്ധ പ്പെട്ടതാണ് ഈ ബ്രാഹ്മണം. അഗ്നിഷ്‌ടോമയാഗത്തില്‍ ഹോതാവെന്ന ഋത്വിക്കിന്റെ കര്‍ത്തവ്യകര്‍മങ്ങളെപ്പറ്റിയുള്ള വിസ്തൃത വിവരണം ഈ ബ്രാഹ്മണത്തില്‍ അടങ്ങിയിരിക്കുന്നു. ഉക്ഥ്യം, അതിരാത്രം, ഷോഡശീ എന്നീ യാഗങ്ങളെപ്പറ്റിയുള്ള സാമാന്യ വിവരണവും രാജസൂയത്തെപ്പറ്റിയുള്ള അതിവിസ്തൃതമായ വിവരണവും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. പുരാണപ്രസിദ്ധമായ ശുനഃശേപന്റെ ആഖ്യാനവും ഐതരേയ ബ്രാഹ്മണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (ശുനഃശേപന്‍ ഒരു ഋഗ്വേദീയ ഋഷിയാണ്. ഒന്നാം മണ്ഡലത്തിലെ അനേകം സൂക്തങ്ങളുടെ ദൃഷ്ടാവുമാണ്. കൂടെ അദ്ദേഹത്തിന്റെ ചരിത്രവും അവിടെത്തന്നെ സൂചിതമായിട്ടുണ്ട്.) ശൂനഃശേപന്റെ കഥ അത്യന്തം കാരുണികമാണ്. രാജാവായ ഹരിശ്ചന്ദ്രന്‍ വരുണന്റെ ദയ കൊണ്ടു തനിക്കു ലഭിച്ച പുത്രനെ വാഗ്ദാനം പാലിക്കാനായി വരുണന് ബലിയായി നല്‍കാന്‍ ആലോചിക്കുന്നു. ആ വിവരം അറിഞ്ഞ് മകനായ രോഹിതാശ്വന്‍ കാട്ടിലേക്കു കടക്കുന്നു. ഹരിശ്ചന്ദ്രന്‍ ഉദരവ്യാധി (ജലോദരം) യാല്‍ അത്യന്തം പീഡിതനാകുന്നു. ഈ വാര്‍ത്ത കേട്ട് രാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന രോഹിതെന പല പ്രാവശ്യം ഇന്ദ്രന്‍ തടയുന്നു. എങ്കിലും അവസാനം അയാള്‍ മടങ്ങുക തന്നെ ചെയ്യുന്നു. അയാളുടെ ശ്രമഫലമായി അംഗിരസഗോത്രക്കാരനായ അജീഗര്‍ത്തനെന്ന ബ്രാഹ്മണന്‍ നൂറു പശു ക്കളെ ദക്ഷിണയായി വാങ്ങി തന്റെ മദ്ധ്യമപുത്രനായ ശുനഃശേപനെ ബലിപശുവായി നല്‍കാന്‍ തയ്യാറാവുന്നു.
ബലി പശുവിനെ യൂപത്തില്‍ ബന്ധിക്കുന്നതിനും അവസാനം വാളുകൊണ്ടു വെട്ടി ബലി കൊടുക്കുന്നതിനും നൂറു പശുക്കളെ വീതം വാങ്ങിക്കൊണ്ട് അജീഗര്‍ത്തന്‍ തന്നെ തയ്യാറാവുന്നു. എന്നാല്‍ യാഗത്തില്‍ ഹോതാവ് (ഋഗ്വേദിയായ ഋത്വിക്) ആയിരുന്ന വിശ്വാമിത്രന്റെ കാരുണ്യം കൊണ്ടും അനേകം ദേവതകള്‍ ശുനഃശേപന്റെ സ്തുതിയില്‍ പ്രസന്നരായി യാഗത്തില്‍ ഇടപെട്ടതു കൊണ്ടും ശുനഃശേപന്‍ രക്ഷപ്പെടുന്നു. വിശ്വാമിത്രന്‍, അജീഗര്‍ത്തനോടൊപ്പം പോകാന്‍ മടിച്ചു നിന്ന ശൂനഃപനെ മധുച്ഛന്ദാദികള്‍ക്കു മുകളില്‍ തന്റെ മൂത്തപുത്രനായി അംഗീകരിക്കുന്നു. അന്നുമുതല്‍ ദേവരാതന്‍ (ദേവന്മാരാല്‍ രക്ഷിക്കപ്പെട്ടവന്‍) എന്ന പേരിലാണ് ശൂനഃശേപന്‍ അറിയപ്പെട്ടിരുന്നത്. (വിശ്വാമിത്ര ഗോത്രത്തില്‍ ദേവരാത പ്രവരം (ശാഖ) ഉദ്ഭവിച്ചതിന്റെ കാരണം ഇതാണ്) ഋഗ്വേദം ഒന്നാം മണ്ഡലത്തില്‍ വളരെ സംക്ഷിപ്തമായി ഈ കഥ സൂചിപ്പിച്ചിട്ടുണ്ട്. ശ്രീമദ്ഭാഗവതം നവമസ്‌കന്ധം ഏഴും പതിനാറും അധ്യായങ്ങളിലും ഈ കഥ വര്‍ണിച്ചിട്ടുണ്ട്.
വര്‍ണ, ജാതികളില്‍ ഉച്ചനീചത്വങ്ങള്‍ ആചരിക്കുന്നതിലുള്ള നിരര്‍ഥകത സ്പഷ്ടമാക്കുന്ന പ്രസിദ്ധമായ കവഷോപാഖ്യാനവും ഈ ബ്രാഹ്മണത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ബ്രാഹ്മണത്തിന് സായണാചാര്യരും ഷഡ്ഗുരു ശിഷ്യനും ഗോവിന്ദസ്വാമിയും പ്രത്യേകം പ്രത്യേകം വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഐതരേയ ആരണ്യകവും തദന്തര്‍ഗതമായ ഐതരേയോപനി ഷത്തും ഈ ബ്രാഹ്മണത്തിന്റെ തന്നെ പരിശിഷ്ടങ്ങളാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: