വാരാണസി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമ സ്തുതികള്‍ ആലപിച്ചും ആരതി നടത്തിയും ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ .ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലമാഹിയിലുള്ള വിശാലഭാരത സന്‍സ്ഥാനിലാണ് ഈ വനിതകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.
അവര്‍ പാടി, ‘അയോധ്യാ ഹേ ഹുമരേ ജിയാരത്ഗാഹ് കാ നാം, രഹതേ ഹേ വഹന്‍ ഇമാം-ഇ-ഹിന്ദ് ശ്രീറാം’, (അയോധ്യ എന്നത് നമ്മുടെ തീര്‍ത്ഥാടനത്തിന്റെ പേരാണ്, അവിടെ ഹിന്ദ് ഇമാം ശ്രീരാമന്‍ വസിക്കുന്നു)’.
ഇത്തരം പരിപാടികളിലൂടെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സാംസ്‌കാരികവും സാമൂഹികവുമായ സമന്വയം ഉണ്ടാകുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ മുസ്ലീം മഹിളാ ഫൗണ്ടേഷന്‍ പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരി പറഞ്ഞു.
‘ശ്രീരാമന്‍ നമ്മുടെ പൂര്‍വ്വികനാണ്. നമുക്ക് നമ്മുടെ പേരും മതവും മാറ്റാം. എന്നാല്‍ നമുക്ക് എങ്ങനെ നമ്മുടെ പൂര്‍വ്വികനെ മാറ്റാനാകും -നസ്‌നീന്‍ അന്‍സാരി ചോദിക്കുന്നു. ശ്രീരാമനെ സ്തുതിച്ച് പാടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുക മാത്രമല്ല ഇസ്ലാം മതത്തിന്റെ വിശാലതയും പ്രതിഫലിപ്പിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അനീതിയുടെ അന്ധകാരം രാമനാമത്തിന്റെ വെളിച്ചത്തില്‍ അപ്രത്യക്ഷമാകുന്നു. രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാാമനില്‍ നിന്ന് അകലുന്നവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നു. പാലസ്തീനും ഇസ്രായേലും പരസ്പരം രക്തം ചൊരിയുകയാണ്. ഇരുകൂട്ടരും രാമന്റെ പാത പിന്തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും നസ്‌നീന്‍ അന്‍സാരി പറഞ്ഞു.
‘രാമരാജ്യത്തിന്’ മാത്രമേ ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാനാകൂ. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങള്‍ മുസ്ലീങ്ങളാണെങ്കിലും അറബി സംസ്‌കാരത്തെ ഒരിക്കലും അംഗീകരിക്കില്ല. മുസ്ലിങ്ങള്‍ അവരുടെ പൂര്‍വ്വികരുമായി ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ അവര്‍ ബഹുമാനിക്കപ്പെടൂ-നസ്‌നീന്‍ അന്‍സാരി നിലപാട് വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ ഈ ശ്രമം പരസ്പര ബന്ധം ശക്തിപ്പെടുത്തി സമാധാനത്തിന്റെ സന്ദേശം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്ത മുസ്ലീം വനിത നജ്മ പര്‍വീന്‍ പറഞ്ഞു.ചടങ്ങില്‍ അര്‍ച്ചന ഭരത്വംശി, റസിയ സുല്‍ത്താന, ഷബാന ബീഗം, ഷാമ അഫ്രോസ്, രേഷ്മ ഖുറേഷി, റസിയ, ജാലിയ ബീഗം, നാഗിന ബീഗം, റബീന, ഷംഷുന്നിഷ, സോനം, മൃദുല ജയ്‌സ്വാള്‍, ആഭ ഭാരതവംശി, തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീരാമ ആരതി നടത്തി ഹനുമാന്‍ ചാലിസയും ഈ വനിതകള്‍ ചൊല്ലി. 2006-ല്‍ സങ്കട് മോചന ക്ഷേത്രത്തില്‍ ഭീകരാക്രമണം ഉണ്ടായതിന് ശേഷമാണ് മുസ്ലീം വനിതകള്‍ ശ്രീരാമ ആരതി നടത്താന്‍ തുടങ്ങിയത്. സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതില്‍ കാശിയില്‍ നിന്നുള്ള ഈ സന്ദേശം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഈ സ്ത്രീകള്‍ വിശ്വസിക്കുന്നു. ‘ശ്രീറാം ആരതി’, ‘ശ്രീറാം പ്രാര്‍ത്ഥന’, ‘ദുര്‍ഗ്ഗ ചാലിസ’ എന്നിവ രചിച്ചിട്ടുമുണ്ട് നസ്‌നീന്‍ അന്‍സാരി.’ഹനുമാന്‍ ചാലിസ’, ‘രാമചരിതമാനസ്’ എന്നിവ ഉര്‍ദുവിലേക്ക് വിവര്‍ത്തനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: