തിരുവനന്തപുരം: തിരുവനന്തപുരം ഭീമാ ജൂവല്ലറിയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത അനന്തശയന രൂപത്തിലുള്ള വിഗ്രഹം പ്രദര്‍ശനത്തിന് വച്ചു. 2.8 കിലോഗ്രാം സ്വര്‍ണവും ഡയമണ്ടും ഉപയോഗിച്ചാണ് അനന്തശയന രൂപത്തിലുള്ള ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം തീര്‍ത്തത്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 64 സ്വര്‍ണപ്പണിക്കാരാണ് വിഗ്രഹം നിര്‍മിച്ചത്. രാപകലില്ലാതെ രണ്ടുമാസം കൊണ്ടാണ് ഇവര്‍ വിഗ്രഹം പൂര്‍ത്തിയാക്കിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം വിഗ്രഹ പ്രതിരൂപം അതേപടി പാടില്ലാത്തതിനാല്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മിച്ചതെന്ന് വിഗ്രഹത്തിന്റെ അനാവരണ ചടങ്ങ് നിര്‍വഹിച്ച ഭീമ ഗ്രൂപ്പ് ചെയര്മാന് ഡോ. ബി. ഗോവിന്ദന് പറഞ്ഞു.
ഉയര്‍ന്ന തരത്തിലുള്ള 500 കാരറ്റ് വരുന്ന 75,089 രത്നങ്ങളും, ചെറിയ 3355 പദ്മരാഗം, മരതകക്കല്ല് എന്നിവയും വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഭീമ ജൂവല്ലറി സ്ഥാപിച്ച് നൂറ് വര്‍ഷം തികയാന്‍ പോവുകയാണ്. ഭീമയുടെ തലസ്ഥാനത്തെ വളര്‍ച്ച ശ്രീപദ്മനാഭ സ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീമയില്‍ എത്തുന്നവര്‍ക്ക് വിഗ്രഹം ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. തുടര്‍ന്ന് ഭീമയുടെ 66 ബ്രാഞ്ചുകളിലും വിഗ്രഹം പ്രദര്‍ശനത്തിന് വയ്ക്കും. തലസ്ഥാനത്തുള്ള ശ്രീപദ്മനാഭസ്വാമിയെ നേരിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് തങ്കവിഗ്രഹ ദര്‍ശനഭാഗ്യം ഉണ്ടാക്കാനാണ് എല്ലായിടത്തും പ്രദര്‍ശിപ്പിക്കുന്നത്. വിഗ്രഹത്തിന്റെ മുല്യം നിര്‍ണയിക്കാനാകില്ലെന്നും ഗോവിന്ദന് അറിയിച്ചു.
വിഗ്രഹത്തിന്റെ രൂപകല്‍പ്പന സംബന്ധിച്ച് കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതിഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, ആദിത്യവര്‍മ എന്നിവരുമായി ഭീമയുടെ ഭാരവാഹികള്‍ ചര്‍ച്ച ചെയ്തിരുന്നു. അവരുടെ നിര്‍ദ്ദേശം കൂടി അനുസരിച്ചാണ് വിഗ്രഹം നിര്‍മിച്ചത്. കഴിഞ്ഞ ദിവസം കവടിയാര്‍ കൊട്ടാരം പ്രതിനിധികള്‍ വന്ന് വിഗ്രഹം കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: