ചാരുമൂട്(ആലപ്പുഴ): മാവേലിക്കര പാലമേല്‍ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ അടക്കം നിരവധി പേര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു. നൂറോളം പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഹൈക്കോടതി ഉത്തരവുമായി പോലീസ് സന്നാഹത്തോടെയാണ് മണ്ണെടുക്കാനെത്തിയതാണ് സംഘര്‍ഷത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയത്. പ്രതിഷേധിച്ചവര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ പോലീസ് ലാത്തി വീശി. ഒരു സ്ത്രീയടക്കം 17 പേരെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് കൂടതല്‍ പോലീസെത്തി വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ചെങ്ങന്നൂര്‍, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം പോലീസുകാര്‍ എത്തിയിരുന്നു. രാവിലെ 10. 30ന് എം.എസ് അരുണ്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സ്ത്രീകളടക്കം ആയിരക്കണക്കിന് പേര് പങ്കെടുത്തു. ആശാന് കലുങ്ക് ജങ്ഷനില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് കെ.പി. റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തിയ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്തു തുടങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പോലീസിന്റെ അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റത്. റോഡില്‍ കൂടി വലിച്ചിഴച്ചും ലാത്തി കൊണ്ട് അടിച്ചുമാണ് സമരക്കാരെ പോലീസ് വാഹനങ്ങളിലേക്ക് കയറ്റിയത്.
സ്ത്രീകളെ പുരുഷ പോലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. മണ്ണെടുക്കാന്‍ ഹൈക്കോടതി ഉത്തരവുമായി രണ്ടാഴ്ച മുമ്പ് എത്തിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല. തുടര്‍ന്നാണ് വലിയ പോലീസ് സന്നാഹവുമായെത്തി ഇന്നലെ മണ്ണെടുത്തത്.
ഹൈക്കോടതി ഉത്തരവിനെതിരെ ജനപ്രതിനിധികള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന് ബഞ്ച് ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് ഇന്നലെ ധൃതി പിടിച്ചുള്ള പോലീസ് നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: