ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരവാദത്തിനെതിരായ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാനി ഭീകരസംഘടനകളുടെ പ്രവര്‍ത്തനം സജീവമാകുന്നതിലെ ആശങ്ക ഭാരതം യുഎസിനെ അറിയിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഭാരത നിലപാട് അറിയിച്ചത്.
ഭാരതം യുഎസിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയ്ക്കെതിരെ ഖാലിസ്ഥാന്‍ ഭീകരന് ഉയര്‍ത്തിയ ഭീഷണി വീഡിയോ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു.
ഖാലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഭാരതം കാനഡയെ അന്വേഷണത്തില്‍ സഹായിക്കണമെന്ന് ആന്റണി ബ്ലിങ്കണ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ നിര്‍ദ്ദേശിച്ചിരുന്നു.
വിഷയം സഹകരണ മനോഭാവത്തോടെ പരിഹരിക്കണമെന്നും ബ്ലിങ്കണ് ആവശ്യപ്പെട്ടു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള വ്യക്തമായ തെളിവുകള്‍ കാനഡ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ഭാരതത്തിന്റെ നിലപാട്.
അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി യോഗശേഷം ബ്ലിങ്കണ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും പ്രതിരോധ മേഖലയിലെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും യോഗത്തില്‍ ധാരണയായി. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങുമായും ആന്റണി ബ്ലിങ്കണ് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: