ദോഹ: ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്ന ഇന്ത്യയില്‍ എട്ട് മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്കിയ ഖത്തര്‍ കോടതിവിധിയ്ക്കെതിരെ അപ്പീല്‍ നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഖത്തറിലെ കീഴ്ക്കോടതി (ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി) വിധിയ്ക്കെതിരെ ഖത്തറിലെ തന്നെ തൊട്ടു മുകളിലുള്ള കോടതിയിലാണ് (അപ്പീല്‍ കോടതി) അപ്പീല്‍ നല്‍കിയിട്ടുള്ളത്. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ കൊടുത്ത അപ്പീലിലും വിധി എതിരായാല്‍ വീണ്ടും അപ്പീല്‍ കൊടുക്കാന്‍ മൂന്ന് തട്ടുകളുള്ള ഖത്തര്‍ കോടതി സംവിധാനത്തില്‍ ഒരു മേല്‍ക്കോടതി കൂടിയുണ്ട്.
ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ ഖത്തറിലെ നാവികസേനാംഗങ്ങള്‍ക്ക് വരെ പരിശീലനം നല്കിവന്നിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ ഖത്തറിനെതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ എട്ട് നാവികോദ്യോഗസ്ഥരും കറകളഞ്ഞ ഉദ്യോഗസ്ഥരാണെന്നും ഇന്ത്യന്‍ നാവികസേനയില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിരുന്നവരാണെന്നും അരിന്ദം ബാഗ് ചി പറഞ്ഞു. സുഗുണകാര്‍ പകാല എന്ന മുന്‍ നേവി കമാന്‍ഡറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് സ്ഥാനപതി കാര്യാലയം വഴി ചൊവ്വാഴ്ച തടവിലാക്കപ്പെട്ട ഈ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതായും അരിന്ദം ബാഗ്ചി പറഞ്ഞു. എല്ലാവിധ നിയമ, സ്ഥാനപതി കാര്യാലയ പിന്തുണ ഈ മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.
ഒക്ടോബര്‍ 26നാണ് ഇവര്‍ക്ക് ഖത്തറിലെ കീഴ്ക്കോടതി വധശിക്ഷ വിധിച്ചത്. ഈ കോടതിവിധി വലിയ ആഘാതമായിരുന്നുവെന്നും അവര്‍ക്ക് നിയമസഹായമെത്തിക്കുമെന്ന് ഇന്ത്യാസര്‍ക്കാര്‍ അന്നേ വ്യക്തമാക്കിയിരുന്നു.
അല്‍ ദഹ്റ എന്ന സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഇവരെ ഇക്കഴിഞ്ഞ ആഗസ്തിലാണ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഖത്തര്‍ സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 25നാണ് നാവികോദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉണ്ടായത്. പിന്നീട് ഖത്തര്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ വിചാരണ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: