വാഷിംഗ്ടണ്‍: ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്നു. ഡോക്ടര്‍മാരുടെ സംഘം ആദ്യമായി ഒരാളുടെ മുഴുവന്‍ കണ്ണും മാറ്റിവച്ചു. ഏകദേശം 21 മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു.
ദാതാവിന്റെ മുഖത്തിന്റെ ഭാഗവും ഇടതുകണ്ണ് മുഴുവനായും നീക്കം ചെയ്ത് സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ. വൈദ്യുത അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട, സൈനികനും അര്‍ക്കന്‍സാസ് സ്വദേശിയുമായ ആരോണ്‍ ജെയിംസി(46)ലാണ് ശസ്ത്രക്രിയ നടത്തിയത്.
2021 ജൂണില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടി തെറിച്ച് വീണ ആരോണിന്റെ ഇടത് കണ്ണ് പൂര്‍ണമായി നഷ്ടപ്പെട്ടു. ഇടത് കൈമുട്ട്, മൂക്ക്, ചുണ്ട്, മുന്‍ പല്ലുകള്‍, കവിള് ഭാഗവും കീഴ് താടിയിലെ അസ്ഥി എന്നിവയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജീവിതത്തെയും മണത്തെയും മുഖാമുഖം നേരിട്ട് ആരോണ്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു.
എന്നാല്‍ കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ എലികളില്‍ മാത്രം പരീക്ഷിച്ചിട്ടുള്ള കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആദ്യമായി ആരോണില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയ്ക്ക് ഭാഗികമായി കാഴ്ചശക്തി ലഭിച്ചിരുന്നു. മനുഷ്യനില്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് ഇനിയും അറിയില്ല.
ആരോഗ്യരംഗത്തെ ബൃഹത്തായ നേട്ടമാണ് കൈവരിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ പ്രമുഖ മെഡിക്കല്‍ സെന്ററായ എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്ത് വ്യക്തമാക്കി. 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തീകരിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ എഡ്വാര്‍ഡോ റോഡ്രിഗസ് പറഞ്ഞു.
മാറ്റിവെച്ച ഇടതുകണ്ണിലെ റെറ്റിനയില്‍ രക്തപ്രവാഹം നടക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ തലച്ചോറിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എപ്രകാരമായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും കാഴ്ച ലഭിക്കാന്‍ പകുതി സാധ്യത മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30കാരന്റെ കണ്ണും ത്വക്കുമാണ് ആരോണിന്റെ മുഖത്ത് വച്ച് പിടിപ്പിച്ചത്. മുന്‍ സൈനികനായിരുന്ന ആരോണിന്റെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: