വന്നൂ വിളര്‍ത്തശരീരവുമായിതാ
കുന്നുകയറിമറിഞ്ഞുമെല്ലെ,
ഇന്നും വിദഗ്‌ദ്ധഭിഷഗ്വരനെത്തേടി
വന്നിങ്ങനുചരവൃന്ദവുമായ്!
ഔഷധാധീശനാണെങ്കിലും മാറാത്ത
ശോഷണം വ്യാധിയായ്തീര്‍ന്നുപോയി
നൂറുപേര്‍ ചുറ്റിലും ശുശ്രൂഷചെയ്യുവാ
നൂഴവും പാര്‍ത്തുകാത്തുണ്ടുകൂടെ;
എന്നിട്ടുമിന്നും ക്ഷയത്തിനുള്ള ഔഷധ
മൊന്നും ഫലപ്രദമല്ലപോലും!
ഒട്ടൊന്നു പൂര്‍ണ്ണിക്കും പിന്നെയും ജീര്‍ണ്ണിക്കും
ഓര്‍ത്താല്‍ വിധിയെത്തടുത്തിടാമോ?
സ്വപ്‌നാടകര്‍ക്കും കവികള്‍ക്കും താനൊരു
ഭാവനോദ്ദീപകവസ്തുവാകാം
പിന്നെ വിരഹാതുരരാം ജനത്തിന്നു
വൈകാര്യോത്തേജകപാത്രമാകാം.
മിത്രനാണേവര്‍ക്കും മിത്രം; പ്രപഞ്ചത്തി
ന്നൂര്‍ജ്ജസ്രോതസ്സിന്നതുല്യധാമം
മിത്രനില്ലീ ദുര്‍വ്വിധിവിശേഷം, മര്‍ത്യ
നിഷ്ടപ്പെടാനതും ഹേതുവാകാം.
സ്വപ്രകാശശേഷിയേതുമില്ലമിത്രനോടിര
ന്നാളണം പ്രകാശമൊട്ടുകണ്ണുകണ്ടുനീങ്ങുവാന്‍
ഭൂമിയും തനിക്കു സൂര്യദേവനോടിരക്കണം
തത്പ്രകാശധാരയേറ്റിടായ്കിലൊക്കെ നിഷ്പ്രഭം!
ദാനമായി ലഭിച്ചതാകിലു
“മാര്യമാ’ദയയാകിലും
ശീതളോജ്ജ്വലമാക്കിനീയതു
ഭൂമിയില്‍ വിതറീടവേ,
ആത്മനിന്ദയൊരിക്കലുമരു
താര്‍ക്കുമിങ്ങനെയോര്‍ക്കുകില്‍
ശാന്തമാകുക നീ മഹാശുഭ
ദായിയെന്നു നിനയ്‌ക്കുവിന്‍!
മിത്രനും മിന്നാമിനുങ്ങിന്നുതുല്യമാ
ണപ്പരം ജ്യോതിഃപ്രഭാവത്തിന്‍ മുന്നില്‍
കത്തിജ്ജ്വലിച്ചല്പകാലം നിലനിന്നു
കെട്ടുപോം മറ്റൊന്നുദിച്ചെങ്കിലായി!
അപ്രകാരമോര്‍ക്കുകില്‍ മനുഷ്യനാണു ഭാഗ്യവാന്‍
സ്വപ്രകാശവസ്തുവൊന്നവന്റെയുള്ളില്‍ നിര്‍ഭരം;
എന്നിരിക്കിലും മനസ്സടക്കി”സ്വത്വ’മോരുവാന്‍
ചിന്തയി,ല്ലതെന്തിലും ഭ്രമിച്ചു പിന്‍തിരിഞ്ഞുപോം!
എന്നിലുണ്ടു നിന്നിലുണ്ടു മുന്നിലുണ്ടു പിന്നിലും
ഒന്നുപോലതുള്ളതാണു മദ്ധ്യബിന്ദുവര്‍ത്തിയും
എണ്ണമറ്റമട്ടിലീചരാചരത്തിലൊക്കെയും
എള്ളിലെണ്ണപോലെയു,ണ്ടതുള്ളതാലിതുള്ളതും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: