ന്യൂദല്‍ഹി : പാര്‍ലമന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. എംപിമാര്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുള്ള പരസ്യപ്പെടുത്താത്ത 20 ബില്ലുകളോളമുണ്ട്. ഇതിന്റെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാം. രാജ്യസുരക്ഷ അടക്കമുള്ള വിവരങ്ങള്‍ ഇതിലുണ്ട്. ഇത് ചിലപ്പോള്‍ ചോര്‍ന്നിട്ടുണ്ടാകുമെന്നും വിമര്‍ശനം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ജമ്മുകശ്മീര്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലടക്കം എംപിമാര്‍ക്ക് നിരവധി ബില്ലുകളുടെ വിവരങ്ങള്‍ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളൊന്നും തന്നെ പരസ്യപ്പെടുത്താത്തതാണ്. ഇക്കാലയളവിലാണ് മഹുവ ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതല്‍ 2023 ഏപ്രിലില്‍ വരെ 47 തവണ യുഎഇയില്‍ നിന്ന് ഈ ലോഗിന്‍ ഐഡി ഉപയോഗിച്ചിട്ടുണ്ട്. ഈ കാലയളവില്‍ മഹുവ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ 61 ല്‍ 50 എണ്ണവും ഹിരാനന്ദാനിക്ക് വേണ്ടിയാണ്.മഹുവയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചകളാണ് ഉണ്ടായിട്ടുള്ളതെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എത്തിക്സ് കമ്മിറ്റിയിലെ ആറ് അംഗങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറും ഈ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. മഹുവയെ അയോഗ്യയാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. നാല് എംപിമാര്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്. ഇനി മഹുവയ്ക്കെതിരായ നടപടിയില്‍ സ്പീക്കറാണ് തീരുമാനം എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: