തിരുവനന്തപുരം : മുസ്ലിം ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ലീഗിന് ഇത്തരത്തില്‍ അധികകാലം നില്‍ക്കാന്‍ ആകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സിപിഎമ്മിന്റെ പരിപാടികളിലേക്ക് മുസ്ലിം ലീഗിനെ നിരന്തരം ക്ഷണിച്ചെങ്കിലും മുസ്ലിം ലീഗ് നേതാക്കള്‍ ഇതിലൊന്നിലും പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇ. പി. ജയരാജന്റെ ഈ പ്രസ്താവന.
മുസ്ലിം ലീഗിന് കോണ്‍ഗ്രസ് പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് നല്‍കുന്നത്. അധികകാലം യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ല. വൈകാതെ തന്നെ ലീഗ് യുഡിഎഫില്‍ നിന്ന് അകന്നുപോകും. ലീഗിന് കോണ്‍ഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. കോണ്‍ഗ്രസ് തെറ്റായ വഴിയിലാണെന്നും അവര്‍ക്ക് അഭിപ്രായങ്ങളുണ്ട്. അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂ.
പലസ്തീന്‍ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടന്‍ ഷൗക്കത്തിനെതിരായ കോണ്‍ഗ്രസ് നടപടിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. ഇനിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ എന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റങ്ങളുണ്ട്. എല്‍ഡിഎഫിലേക്ക് ലീഗിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: