തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയും അന്വേഷണം തുടര്‍ന്ന് ഇഡി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടണ്ട്. ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇഡിയെ അറിയിച്ചിരുന്നത്. എന്നിരുന്നാലും ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയശേഷം ഇഡി തീരുമാനം കൈക്കൊള്ളുക.
ഭാസുരാംഗന് ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് അറിയുന്നത്. അതേസമയം ഭാസുരാംഗന്റെ മകന് അഖില്‍ജിത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഖില്‍ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഒപ്പം കണ്ടല ബാങ്കില്‍ വന്‍ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
ബുധനാഴ്ച്ച പുലര്‍ച്ച അഞ്ചര മണി മുതലാണ് കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി തെരച്ചില്‍ ആരംഭിച്ചത്. ജീവനക്കാരുടെ വീടുകളില്‍ അടക്കം 48 മണിക്കൂറോളം തെരച്ചില്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. പൂജപ്പുരയിലെ വീട്ടില്‍വെച്ചായിരുന്നു ഭാസുരാംഗനെ ചോദ്യം ചെയ്തത്. ഇതിനിടെ കൈക്ക് തരിപ്പുണ്ടായെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇഡി ചികിത്സയ്ക്ക് അനുമതി നല്‍കിയത്. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗന് ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: