ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ റെയില്‍വേയെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്നും ആരും അതിനി തുറക്കാന്‍ നോക്കേണ്ടെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
സില്‍വര്‍ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡിനോ മന്ത്രാലയത്തിനോ ഒരു പദ്ധതിയുമില്ല. മഞ്ഞക്കല്ല് സ്ഥാപിക്കാനും കെ റെയില്‍ ഓഫീസുകള്‍ക്കായും കോടികളാണ് സംസ്ഥാനം ഇതുവരെ ചെലവഴിച്ചത്. സില്‍വര്‍ലൈന്‍ വരും എന്ന് പറഞ്ഞ് വീണ്ടും പ്രചാരണം നടത്തുന്നത് ധൂര്‍ത്തുകള്‍ തുടരാനാണോ എന്ന് സംശയമുണ്ടെന്നും റെയില്‍വേ പി.എ.സി മുന്‍ ചെയര്‍മാന്‍ കൂടിയായ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പണമില്ലാതെ വകുപ്പുകള്‍ കിട്ടിയിട്ട് കാര്യമില്ലെന്ന് കേരളത്തിലെ മന്ത്രിമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ പണം ആവശ്യപ്പെട്ട് ബഹളംവച്ചത് ഇതിന് തെളിവാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് പണം ആവശ്യപ്പെട്ട് ശിവന്‍കുട്ടിയും സപ്ലൈകോയ്‌ക്ക് പണം ചോദിച്ച് ജി.ആര്‍. അനിലുമാണ് ബഹളമുണ്ടാക്കിയത്. കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം ഗുരുതരമാണ്. കേന്ദ്രധനമന്ത്രാലയത്തില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങും.
നികുതി പിരിക്കാന്‍ അറിയാത്തതാണോ കുടിശിക വരുത്തിയവരെ കമ്മീഷന്‍ വാങ്ങി രക്ഷിക്കാനാണോ ശ്രമം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സപ്തംബറിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 28,000 കോടി രൂപയാണ് കേരളം നികുതി കുടിശിക വരുത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം പിരിക്കാത്ത നികുതി 7,400 കോടി രൂപയാണ്. ഇതൊക്കെ ചെയ്യാനാണ് ധനവകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്വം കേന്ദ്രത്തിന്റെ മേല്‍ വെച്ചുകെട്ടാനുള്ള പിണറായിയുടെ ശ്രമം വിജയിക്കില്ല, കൃഷ്ണദാസ് പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രം പിടിച്ചുവച്ചിട്ടില്ല. ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ധനസഹായം നല്കുന്നത്. അതില്‍ കേരളത്തെ മാത്രം മാറ്റി നിര്‍ത്തിയിട്ടില്ല എന്നത് വിവരമുള്ള എല്ലാവര്‍ക്കും അറിയാമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: