കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് കേരളീയം എന്ന മാമാങ്കം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ മുഖപ്രസംഗം.
പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ 27 കോടി മുടക്കി ഒരാഴ്ചത്തെ കലാസാംസ്കാരിക മാമാങ്കം സംഘടിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും 40,000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത് എന്നാണ് പ്രതിപക്ഷാരോപണം. ആറ് ഡിഎയും ശമ്പളക്കുടിശികയും നല്‍കാനുണ്ട്. മാസങ്ങളായി സാമൂഹ്യ ക്ഷേമ പെന്‍ഷനും മുടങ്ങി. സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാതെ അധ്യാപകര്‍ അലയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക പരാധീനതയിലാണ്. 700 കോടിയോളം സര്‍ക്കാര്‍ കുടിശിക വരുത്തിയതിനാല്‍ സപ്ലൈകോ വിതരണക്കാര്‍ സമരത്തിലാണ്. സപ്ലൈകോ തന്നെ 6500 കോടിയുടെ കടബാധ്യതയിലാണ്. 2593 കോടി സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. ഇതിനിടയിലാണ് വൈദ്യുതി നിരക്കില്‍ വീടുകള്‍ക്ക് യൂണിറ്റിന് 30 പൈസയുടെയും വ്യവസായങ്ങള്‍ക്ക് 15 പൈസയുടെയും വര്‍ധന കൂടി ഇടതുസര്‍ക്കാര്‍ നടപ്പാക്കിയത്.
കേരളത്തിന്റെ ഖ്യാതി ലോകസമക്ഷം എത്തിക്കാനാണ് കേരളീയം എന്നാണ് പരസ്യം. ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പ് സര്‍ക്കാര്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഖ്യാതിയോ? അര്‍ഹതപ്പെട്ട ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റിന്റെ മുമ്പില്‍ മാസങ്ങളോളം മുട്ടിലിഴഞ്ഞ കായിക കേരളത്തിന്റെ ഖ്യാതിയോ? കുട്ടി സഖാക്കള്‍ക്ക് ബിരുദത്തിനു ചേരാതെയും ബിരുദാനന്തര ബിരുദത്തിന് ശിപാര്‍ശ നല്കുന്ന ഉന്നത വിദ്യാഭ്യാസ കേരളത്തിന്റെ ഖ്യാതിയോ? തുടങ്ങിയ ചോദ്യങ്ങളും മുഖപ്രസംഗം ഉന്നയിക്കുന്നു.
കേരളത്തില്‍ ആദിവാസി-ദളിത് വിഭാഗങ്ങളില്‍ 38 ശതമാനം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. സവര്‍ണവിഭാഗത്തില്‍ 14ശതമാനവും. ‘എന്നും ഒന്നാമത്’ എന്ന കേരളീയാഘോഷ പരസ്യപത്രികയില്‍. സഹകരണ മേഖലയെക്കുറിച്ച് പറയാതിരുന്നത് മനഃപൂര്‍വമാകും. സംഘടിത സാമ്പത്തിക കുറ്റകൃത്യം വഴി കരുവന്നൂരിലെ വീരസഖാക്കള്‍ സഹകരണമേഖലയ്ക്ക് നല്കിയ ‘സംഭാവനകള്‍’ നേട്ടത്തിന്റെ പട്ടികയില്‍പ്പെടുത്താനാവില്ലല്ലോ. ഒന്നാണെന്ന് എത്രയാവര്‍ത്തിയാഘോഷിച്ചാലും, ഒന്നുമില്ലാത്തവന്റെയും ഒന്നുമല്ലാത്തവന്റെയും ചൂണ്ടുവിരല്‍ നിങ്ങള്‍ക്കെതിരെ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് മുഖപ്രസംഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: