ടെല്‍അവീവ്: ഗാസ മുനമ്പില്‍ പിടിമുറുക്കിയ ഇസ്രായേല്‍ സൈന്യം തുരങ്കയുദ്ധം ആരംഭിച്ചു. ഗാസ മെട്രോ എന്നറിയപ്പെടുന്ന ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ത്ത്, മറഞ്ഞിരിക്കുന്ന ഹമാസ് ഭീകരരെ പുറത്തെത്തിക്കുകയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യം. ഇതിനായി സൈന്യം തുരങ്കത്തില്‍ പ്രവേശിച്ച് ആക്രമണം നടത്തുകയാണ്. സൈന്യത്തിലെ എന്‍ജിനീയറിങ് വിഭാഗത്തെ ഉള്‍പ്പെടുത്തി ഡ്രോണുകളും മറ്റുമുപയോഗിച്ച് വിപുലമായ പരിശോധനകളാണ് ഇസ്രായേല്‍ നടത്തുന്നത്. ഗാസയുടെ വിവിധ ഭാഗങ്ങളിലായി 130ലധികം തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഹമാസിന്റെ തുരങ്കങ്ങള്‍ക്ക് നാനൂറ് കിലോമീറ്ററിലധികം നീളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ നിന്ന് ഭക്ഷണം, കുടിവെള്ളം, ഓക്സിജന്‍ സംവിധാനങ്ങള്‍, ഇലക്ട്രിക് ജനറേറ്ററുകള്‍ എന്നിവ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. സൈന്യത്തിലെ എന്‍ജിനീയറിങ് വിഭാഗം ഗാസയില്‍ ഹമാസിന്റെ പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഒളിവില്‍ കഴിയുന്ന തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ഗാസ മുനമ്പിലെ സൈനിക നീക്കം വിപുലമാക്കിയതോടെ, ഹമാസിന്റെ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഇസ്രായേല്‍ സൈന്യം തൂത്തെറിയുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
തുരങ്കങ്ങളില്‍ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളുടെ അടിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് തുരങ്കങ്ങള്‍ നശിപ്പിക്കാനുള്ള നീക്കത്തിലാണ് സൈന്യം. തുരങ്ക ശൃംഖലകളുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന ചേംബറുകളിലാണ് ഹമാസ് സംഘം ഒളിവില്‍ കഴിയുന്നത്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്നതും ഇവിടങ്ങളിലാണ്. അതിനിടെ, ഹമാസിന്റെ റീജണല്‍ കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ ടാങ്ക് വേധ മിസൈല്‍ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്കുന്ന മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാഹിം അബു മാഘ്സിബ് ആണ് കൊല്ലപ്പെട്ടത്.
അതേസമയം, ഹമാസിന്റെ മിസൈലുകള്‍ ഇസ്രായേലില്‍ പതിക്കുന്നത് ഒഴിവാക്കുകയാണ് ഗാസ മുനമ്പില്‍ സൈന്യം നടത്തുന്ന കരയാക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇതോടെ ജനങ്ങള്‍ക്ക് അവരുടെ പതിവ് ദിനചര്യകളിലേക്ക് മടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രാത്രി വെസ്റ്റ് ബാങ്കിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പാലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: